സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടിരുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രമം. പെണ്‍കുട്ടിയെ കാണാനില്ലെന്ന വളര്‍ത്തമ്മയുടെ പരാതിയില്‍ നിന്ന്, അവരിലേക്ക് തന്നെയെത്തിയ അന്വേഷണം. മിസ്സിങ് കേസ് പോക്സോ കേസിലേക്ക് വഴിമാറിയത് പൊലീസ് കാട്ടിയ ജാഗ്രതയുടെ തെളിവ്. കേസ് തന്നവര്‍ നാട്ടില്‍നിന്ന് മുങ്ങിയപ്പോള്‍ അവരെ അവരുടെ നാടായ ആന്ധ്രാപ്രദേശില്‍ പോയി പിടികൂടി തിരിച്ചെത്തിച്ച പൊലീസ് മിടുക്ക്. പിന്നാലെ പുറത്തുവന്ന ഞെട്ടിക്കുന്ന ക്രൂരതകളുടെ കഥ. സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഒരു പതിനാറുകാരിക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.