സ്വത്തുകള് തട്ടിയെടുക്കാനായി 2002 മുതല് 2016 വരെയുള്ള കാലയളവില് ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല അതിന് സമാനമാണ് കൂടത്തില് തറവാട്ടിലെ കൊലപാതകങ്ങള്.
കാലടി ജംക്ഷന് സമീപത്തെ 22 സെന്റ് ഭൂമിയില് നിര്മിച്ചിട്ടുള്ള കൂടത്തില് തറവാട് ഉമാമന്ദിരം, വീട്ടിലെ താമസക്കാര് ആരും നാട്ടുകാരുമായോ സമ്പര്ക്കം പുലര്ത്തിയിരുന്നില്ല. 26 വര്ഷങ്ങള്ക്കിടെ 7 മരണങ്ങള് സംഭവിച്ചിട്ടും ദുരൂഹതയുടെ ചുരുളഴിക്കാന് കഴിയാത്തത് ഇതുകൊണ്ടാണ്.
മൃതദേഹം കൊണ്ടുപോയ കാറിന്റെ ഡിക്കിയില് നിന്ന് വര്ഷങ്ങള്ക്ക് ശേഷം രക്തക്കറ കണ്ടെടുത്തതും കേസില് വഴിത്തിരിവായി. കൂടത്തില് തറവാട്ടിലെ കോടികളുടെ സ്വത്ത് രവീന്ദ്രനും ബന്ധുക്കള്ക്കും ഇഷ്ടദാനമായി കൊടുത്തൂവെന്ന വില്പത്രം വ്യാജമാണെന്ന് അന്വേഷണ സംഘം തെളിയിച്ചു.നഗരത്തിലും പുറത്തുമായി 6 ഏക്കറിലേറെ വസ്തു കൂടത്തില് തറവാടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇതില് കാരയ്ക്കാമണ്ഡപത്തുള്ള വസ്തു കൈക്കലാക്കിയ രവീന്ദ്രന് നായര് പ്ലോട്ടുകളാക്കി വില്പന നടത്തിയെന്നും സൂചനയുണ്ട്. 18 ഏക്കറോളം വസ്തു കുടുംബത്തിനുണ്ടെന്നും പറയുന്നു.
ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021 ല് ഫൊറന്സിക് റിപ്പോര്ട്ടില് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് കേസില് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരാനായ രവീന്ദ്രന് നായരെ അറസ്റ്റ് ചെയ്തത്. അതേസമയം ജയമാധവന് നായരേ കൂടാതെ ആറ് ദുരൂഹമരണങ്ങള് കൂടി കൂടത്തില് തറവാട്ടില് നടന്നിട്ടുണ്ട്. 1991നും 2017നും ഇടയിലാണ് ഈ മരണങ്ങള്. ഇവയും കൊലപാതകമാണോയെന്ന് സംശയമുണ്ടെങ്കിലും തെളിവുകളൊന്നും അവശേഷിച്ചിട്ടില്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. പോസ്റ്റുമോര്ട്ടം നടത്തിയിട്ടില്ലെന്ന് മാത്രമല്ല, മൃതദേഹം മറവ് ചെയ്തോ സംസ്കരിച്ചോ എന്ന് പോലും രേഖകളില്ല.