koodathil-murder-case-2
  • തിരുവനന്തപുരം കരമനയിലെ കൂടത്തിൽ തറവാട്ടിൽ നടന്ന കൊലപാതകത്തിന് പിന്നിൽ, തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായർ രണ്ടാം വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

തിരുവനന്തപുരം കരമനയിലെ കൂടത്തിൽ തറവാട്ടിൽ നടന്ന കൊലപാതകത്തിന് പിന്നിൽ, തറവാട്ടിലെ അവസാന അംഗമായ ജയമാധവൻ നായർ രണ്ടാം വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജയമാധവൻ നായർ ജീവിച്ചിരിക്കെ തന്നെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തന്റെയും ചില ബന്ധുക്കളുടെയും പേരിൽ ഇഷ്ടദാനമായി ലഭിക്കുന്ന രീതിയിൽ കാര്യസ്ഥനായ രവീന്ദ്രൻ നായർ വ്യാജ വിൽപത്രം തയ്യാറാക്കിയിരുന്നു. Also Read: ‘പിണറായിയുടെ കാറുമായി മുന്‍ ഗണ്‍മാന്‍ കറങ്ങിയതല്ല, ലിഫ്റ്റ് കൊടുത്തത്’; വിചിത്ര വിശദീകരണം

ജയമാധവൻ നായർ വീണ്ടും വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചാൽ വ്യാജ വിൽപത്രം പുറത്തുവരുമെന്നും സ്വത്തുക്കൾ തനിക്ക് ലഭിക്കാതെ പോകുമെന്നും രവീന്ദ്രൻ നായർ ഭയപ്പെട്ടതായാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 ഏപ്രിൽ 2ന് തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണ് ജയമാധവൻ നായരെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.

ജയമാധവൻ നായരുടെ മരണത്തിന് പുറമെ, കൂടത്തിൽ തറവാട്ടിൽ 1991നും 2017നും ഇടയിൽ ആറ് ദുരൂഹമരണങ്ങൾ കൂടി നടന്നിട്ടുണ്ട്. ഈ മരണങ്ങൾക്കും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷണത്തെ സങ്കീർണമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങളിൽ പോസ്റ്റുമോർട്ടം നടത്തിയിട്ടില്ലെന്നാണ് വിവരം. മൃതദേഹങ്ങൾ മറവുചെയ്തതാണോ സംസ്കരിച്ചതാണോ എന്ന കാര്യത്തിലും കൃത്യമായ രേഖകളില്ല. ഈ സാഹചര്യത്തിൽ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് സംഘം.

ENGLISH SUMMARY:

The Thiruvananthapuram District Crime Branch suspects that Jayamadhavan Nair’s plan to remarry may have triggered his murder at the Koodathil ancestral home in Karamana. Investigators allege that estate manager Ravindran Nair prepared a forged will to obtain property worth crores of rupees and feared losing the inheritance if Jayamadhavan remarried. Jayamadhavan was allegedly killed with a wooden object on April 2, 2017. Six additional mysterious deaths reportedly occurred at the ancestral home between 1991 and 2017. The absence of post-mortem reports and records concerning the disposal of the bodies has complicated the investigation.