TOPICS COVERED

കണ്ണീര്‍പ്പെയ്ത്തായി മഴ. ചൂടില്‍ വിണ്ടുണങ്ങിയ ഭൂമി ഒറ്റദിവസത്തെ മഴയില്‍ രൂപം മാറി. കുന്നുകളിടിച്ച് ദുരിതപ്പെയ്ത്ത്. വറ്റിവരണ്ട ജലസ്രോതസ്സുകള്‍  പൊടുന്നനെ ജീവനെടുക്കുന്ന മലവെള്ളപ്പാച്ചിലായി. ഒഴിവുദിനത്തെ സന്തോഷങ്ങള്‍ ദുരന്തക്കണ്ണീരായി. അതെ... മഴ വീണ്ടുമെത്തി... ദുരിതപ്പെയ്ത്തായി.

മലപ്പുറം നിലമ്പൂരിനടുത്തെ ഇക്കോ ടൂറിസം കേന്ദ്രമായ ടി.കെ.കോളനി കോട്ടപ്പുഴയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു ദുരന്തം. ആറുപേരെയാണ് മലവെള്ളം കുത്തിയൊഴുക്കിക്കൊണ്ടുപോയത്. കുത്തൊഴുക്കില്‍ കരയ്ക്കുകയറാനാകാതെ നാല്‍പ്പതോളം പേര്‍ പലയിടങ്ങളിലായി പാറപ്പുറത്ത് തുടങ്ങി. കയറും വടവും എറിഞ്ഞുകൊടുത്ത് സാഹസികമായാണ് നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തിയത്. 

തിരൂര്‍ സ്വദേശി പരന്നപറമ്പന്‍ മുഹമ്മദ് കുട്ടി, കോട്ടക്കല്‍ എടരിക്കോട് മാങ്ങാടന്‍ അനസ്, കരുവാരക്കുണ്ട് സ്വദേശി സ്രാമ്പിക്കല്‍ റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജാദ്, ചെട്ടിയാറമ്മല്‍ കുപ്പനത്ത് റഫീഖ് എന്നിവരാണ് മരിച്ചത്. പുഴയില്‍ അലക്കാന്‍ ഇറങ്ങിയപ്പോഴാണ് നാട്ടുകാരിയായ സജിത മലവെള്ളപ്പാച്ചിലില്‍പ്പെട്ടത്.

അവധിദിവസമായതിനാല്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ പുഴയില്‍ കുളിക്കാനെത്തിയിരുന്നു. മഴയുടെ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷെ, ഉള്‍വനത്തിലെ കനത്തമഴയില്‍ നിമിഷനേരംകൊണ്ടാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പുഴയ്ക്ക് നടുവിലെ പാറകളില്‍ ഇരുന്നവരാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയില്‍ ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനം ഒട്ടേറെ ജീവനുകള്‍ രക്ഷിച്ചു. ഒഴുക്കില്‍പ്പെട്ട അനസിന്റെയും മുഹമ്മദ് കുട്ടിയുടെയും മൃതദേഹം രാത്രി തന്നെ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാസേനയും  പൊലീസും നാട്ടുകാരും ചേര്‍ന്നായിരുന്നു തിരച്ചില്‍. റവന്യുമന്ത്രി എ.പി.അനില്‍കുമാര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. ഇന്നലെ രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് രാവിലെ തന്നെ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘവുമെത്തി. രാവിലെത്തന്നെ മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.

പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളിയായി. നാട്ടുകാർ ഏതുനിമിഷവും മലവെള്ളപ്പാച്ചിലും അപകടവും പ്രതീക്ഷിക്കുന്ന പുഴയാണ് ടികെ കോളനിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴ. സാധാരണ മലവെള്ളം എത്തും മുൻപെ പുഴകൾ കലങ്ങാറുണ്ട്. തെളിഞ്ഞൊഴുകുന്ന പുഴയിൽ നിമിഷങ്ങൾ കൊണ്ട് മലവെള്ളം ഇരമ്പി എത്തുന്നതുകൊണ്ട് ചതിയൻ പുഴ എന്നൊരു പേരുമുണ്ട് കോട്ടപ്പുഴയ്ക്ക്. മുൻപും ഇവിടെ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.  

പ്രദേശത്തിന്റെ പ്രത്യേകതകളും പുഴയുടെ സ്വഭാവവുമറിയാതെ, ദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ പലയിടങ്ങളിലായി ഇറങ്ങുന്നത് പ്രധാന പ്രശ്നം.

അപകടസ്ഥലം മുഖ്യമന്ത്രി വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു. മരിച്ച സജാദിന്റെയും റഫീഖിന്റെയും വീടുകളിലും ടി.കെ.കോളനിയിലെ സജിതയുടെ വീട്ടിലും മുഖ്യമന്ത്രിയെത്തി. തിരുവനന്തപുരത്തുനിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രിയെത്തിയത്. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനില്‍കുമാര്‍, പി.കെ.ബഷീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

After a prolonged spell of scorching heat, sudden torrential rainfall has triggered widespread disaster, transforming parched landscapes into hazardous torrents. The heavy downpour led to severe landslides and sudden flash floods in dried-up water bodies, claiming lives and turning holiday celebrations into tragedy as rains returned with destructive force.