കൊലപാതകം, അതിക്രമം, മര്‍ദനം, കൊള്ള..കുറ്റകൃത്യങ്ങള്‍ അനുദിനം കൂടുതല്‍ വന്യമാകുന്നു. വാക്കുതര്‍ക്കങ്ങള്‍ ചെറിയ കയ്യാങ്കളിയില്‍ അവസാനിക്കാതെ അതിക്രൂരമായ മര്‍ദനത്തിലേക്ക് വഴിമാറുന്നു. തൊണ്ടിമുതലുകള്‍ വിറ്റ് കാശാക്കിയ പൊലീസുദ്യോഗസ്ഥന്റെ വാര്‍ത്തയും ഈ ദിവസങ്ങളില്‍ വന്നു. 

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. കോടനാട് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ജോഫിന്‍ ജിജുവാണ് മര്‍ദനത്തിനിരയായത്. കോഴിക്കോട് സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ആലുവ കെഎസ്ആര്‍ടിസി ബസ് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് നടക്കുന്നതിനിടെയാണ് ഞായര്‍ പുലര്‍ച്ചെ മൂന്നരയോടെ രണ്ടു പേര്‍ ജോഫിനെ ആക്രമിച്ചത്. കല്ലുകൊണ്ട് ഇടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. 5,000 രൂപയും മൂന്ന് പവന്‍റെ സ്വര്‍ണമാലയും കവര്‍ന്നു. ജോഫിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയതായും കൈയ്ക്ക് ഗുരുതര പരുക്കേറ്റതായും സഹോദരി പറഞ്ഞു.

കൊച്ചിയില്‍നിന്നുതന്നെയാണ് മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്തയും ഇന്ന് പുറത്തുവന്നത്. കളമശേരിയിൽ മദ്യലഹരിയിലായിരുന്നു യുവാക്കളുടെ അതിക്രമം. പരസ്പരം ഏറ്റുമുട്ടുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത ഒരു യുവതി അടക്കം മൂന്നു പേരെ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ഒരു പൊലീസുകാരന്റെ കൈക്ക് പരുക്കേറ്റു. റോഡിലെ വാക്കുതര്‍ക്കങ്ങള്‍ ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത് ഇപ്പോള്‍ പുതുമയുള്ള കാര്യമേയല്ല എന്നതാണ് സ്ഥിതി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്പോര്‍ട്സ് ബൈക്ക് റൈഡറായ യുവതിയെ മനപ്പൂര്‍വം ഇടിച്ചിരുന്ന കാര്‍ ഡ്രൈവറുടെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനത്തിന് തിരികൊളുത്തി.

ക്ലാസ് മുറികളിലിരുന്ന് വായ്നോട്ടവും കമന്റടിയും എന്ന പഴയകാല ക്യാംപസ് കുസൃതിക്കപ്പുറത്തേക്ക് അധ്യാപകരേയും സഹപാഠികളെയും ലൈംഗിക വൈകൃത മനസോടെ, സാങ്കേതിതവിദ്യ ദുരുപയോഗിച്ച് ചിത്രീകരിക്കുകയും അത് വിറ്റ് പണമാക്കുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടിയ കേസാണ് തൃക്കാക്കര മോര്‍ഫിങ് കേസ്. പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിലെയടക്കം സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു. ഗ്രൂപ്പ് അഡ്മിൻമാർ,അംഗങ്ങൾ എന്നിവരെ സംബന്ധിക്കുന്ന   വിവരങ്ങളാണ് ടെലഗ്രാമിൽ നിന്ന് ലഭിച്ചത്. സനീഷ് ആരംഭിച്ച മല്ലു പ്രമീയം എന്ന  ഗ്രൂപ്പിൻ്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. വേലി തന്നെ വിളവു തിന്നുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് ബത്തേരി പൊലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്.  ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്ത്മോഷ്ടിച്ചു കടത്തി. കഴിഞ്ഞ ജൂൺ 7-നാണ് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് 7 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടുന്നത്. കോടതി നിർദ്ദേശപ്രകാരം സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ച തൊണ്ടിമുതൽ, മുറിയുടെ പൂട്ട് തകർക്കാതെ തന്നെ കാണാതാവുകയായിരുന്നു.

Escalating Crime Rates in Kerala: A Deep Dive:

Crime incidents are escalating daily, with street fights turning into brutal assaults and theft. Malayala Manorama Online News reports on alarming trends of violence across Kerala, including a recent robbery and assault near Aluva railway station and a morphing case in Thrikkakara