ഉയർന്ന മാനവിക വികസന സൂചികയും ശാന്തമായ പൊതുഅന്തരീക്ഷവും അവകാശപ്പെടുന്ന കേരളത്തിൽ തർക്കങ്ങൾ അതിക്രൂരമായ ആക്രമണങ്ങളിലേക്ക് വഴിമാറുകയാണ്. ചെറിയ അതിർത്തി തർക്കങ്ങൾ, ചെറുവാക്കേറ്റങ്ങൾ, എന്തിനേറെ റോഡിലെ അസഹിഷ്ണുതപോലും പരിധിയില്ലാത്ത അതിക്രമങ്ങളിലേക്ക് വഴിമാറുന്നു. മറുഭാഗത്തുനിൽക്കുന്നവന്റെ ജീവൻപോയാലും പ്രശ്നമില്ല, സ്വന്തം കലിപ്പുമുഴുവൻ സർവാരോഗ്യത്തോടെ പ്രതിയോഗിയുടെ മേൽ ചൊരിഞ്ഞുതീർക്കാൻ വെമ്പുകയാണ്. അതിന് പ്രായമോ, ലിംഗഭേദമോ, ശാരീരികക്ഷമതയോ ഒന്നും ഒരു പ്രശ്നമേയല്ല.
റോഡിലെ തർക്കത്തിനുപോലും പിന്നാലെ വീടുതേടിച്ചെന്ന് ആക്രമിക്കുന്ന മനോനില. വകതിരിവ് എന്നത് ലവലേശമില്ല. സ്വബോധത്തോടെയാണോ ഈ അക്രമമെല്ലാം ചെയ്യുന്നതെന്ന് സംശയമുളവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവരുന്നു. കാണുന്നവർ ശോ... ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഒപ്പം പുറത്തിറങ്ങുമ്പോൾ ഒന്നിനോടും പ്രതികരിക്കരുതെന്നും, പ്രതികരിച്ചുപോയാൽ സ്വജീവനും കുടുംബവുമടക്കം ആക്രമിക്കപ്പെടുമെന്നുമുള്ള ചിന്തയും ഭയവും പൊതുസമൂഹത്തിൽ ആഴത്തിൽ പടർന്നുപിടിക്കുന്നു. ഇതിന് ഒരു പരിഹാരംവേണ്ടേ? ഇങ്ങനെ തല്ലിത്തീർക്കണോ?
അസഹിഷ്ണുതയാണ് എല്ലായിടത്തും. എന്തുകൊണ്ട് ഈ അസഹിഷ്ണുതയുണ്ടാകുന്നു? കാര്യം സിംപിളാണ്, എന്തിലും ഏതിലും ഞൊടിയിടയിൽ കാര്യം നടക്കണം; അത് ആഗ്രഹപൂർത്തീകരണമാണെങ്കിലും പകവീട്ടലാണെങ്കിലും. ഒപ്പം ലഹരികൂടി ചേരുന്നതോടെ എല്ലാം ശുഭം. ചിന്തിക്കാൻ, എടുത്ത തീരുമാനത്തിലെ ശരിതെറ്റുകളെക്കുറിച്ച് വിശകലനം നടത്താൻ ഒന്നിനും സമയമില്ല. ആദ്യം പ്രവൃത്തി, പിന്നെ ചിന്ത. അതും ആളുണ്ടെങ്കിൽ അതാണ് സ്ഥിതി.
കേസും നടപടികളും അനന്തമായി നീളുന്നതും പ്രതികൾ ഏറെക്കാലം കഴിഞ്ഞ് ശിക്ഷിക്കപ്പെടുന്നതുമായ നിയമസംവിധാനം ഒരു പോരായ്മതന്നെയാണ്. അതിക്രമങ്ങളുടെ ഫലം അതിവേഗം ശിക്ഷയായി ലഭിക്കില്ലെന്ന ആത്മവിശ്വാസം ഒരു വൈറസ് പോലെ സമൂഹത്തെ ബാധിക്കുന്നുണ്ട്. എന്തുകൊണ്ട് പൊലീസ് ഇതൊന്നും കാണുന്നില്ല, നോക്കുന്നില്ല എന്ന ചോദ്യം ഒരു പരിധിവരെ ശരിയാണ്. എങ്കിലും പരിധिवിട്ട് നിൽക്കുന്ന അക്രമവാസന പൊലീസിനെ കണ്ടാൽമാത്രം ശരിയാകുമെന്ന് വിചാരിക്കുന്നതും മൂഢത്വമാണ്. കതിരിൽ വളംവച്ചിട്ട് കാര്യമില്ല. അതിവേഗത്തിൽ, എന്തും നിമിഷാർധനേരംകൊണ്ട് മുന്നിലെത്തുന്ന ഡിജിറ്റൽ യുഗത്തിൽ കരുതലിനെക്കുറിച്ച്, അനുകമ്പയെക്കുറിച്ച്, അതിക്രമത്തിലേക്ക് വഴിമാറാതെ എതിർപ്പ് എങ്ങനെ പ്രകടിപ്പിക്കണമെന്നതിനെക്കുറിച്ച് ചെറുപ്പംമുതൽ പറഞ്ഞും കാണിച്ചും പഠിപ്പിക്കുമാത്രമാണ് പോംവഴി.