കൊച്ചി നഗരത്തിൽ കച്ചേരിപ്പടിയില്‍ മദ്യലഹരിയിൽ യുവാവിൻ്റെ അഴിഞ്ഞാട്ടമാണിത്. ഓട്ടോയിലെത്തിയ യുവാവ് ഗതാഗത തടസ്സമുണ്ടാക്കുകയും ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരെയും വഴിയാത്രക്കാരെയും ആക്രമിക്കുകയുമായിരുന്നു. സംഘർഷമുണ്ടാക്കിയ ഇടക്കൊച്ചി സ്വദേശി അലക്‌സാണ്ടറിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങള്‍ ഒരു മദ്യലഹരിയിലായ യുവാവിന്റേതാണെങ്കില്‍ കൊച്ചിയില്‍ രാവിലെ കണ്ടത് ലഹരി വ്യാപനത്തിന്റെ വഴികളിലേക്ക് ഇറങ്ങി ചെന്നുള്ള പൊലീസിന്റെ അന്വേഷണമാണ്. അത് രാസലഹരിയുെട കാണാപ്പുറങ്ങളിലേക്കും ലഹരി വരുന്ന വഴികളിലേക്കുമുള്ള ഓപ്പറേഷന്‍ തൂഫാന്റെ പുതിയ ഘട്ടമാണ്.
കൊച്ചി മട്ടാഞ്ചേരിയിൽ വൻ ലഹരി വേട്ട. രണ്ടു കിലോയിലധികം എം.ഡി.എം.എയുമായി രണ്ട് പേരെ കൊച്ചി സിറ്റി ഡാൻസാഫ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമാണ് എം.ഡി.എം.എ പിടികൂടിയത്. നിരവധി ലഹരി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി സ്വദേശി നൗഫലും ഇയാളുടെ സുഹൃത്തുമാണ് എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി പാലാരിവട്ടത്ത് പിടിയിലായ പ്രതിയിൽ നിന്നാണ് നൗഫൽ വിൽപ്പനയ്ക്കായി വലിയ അളവിൽ എം.ഡി.എം.എ എത്തിച്ചിട്ടുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന നൗഫലിനെ മട്ടാഞ്ചേരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് തുടർന്ന നടത്തിയ പരിശോധനയില്‍ വാഹനത്തിൽ നിന്നും ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് രണ്ടു കിലോയിലധികം എം.ഡി.എം.എ കണ്ടെത്തിയത്.
ലഹരി കേസുകളിലും ക്രിമനൽ കേസുകളിലും പ്രതിയായിട്ടുള്ള നൗഫൽ ജാമ്യത്തിലിറങ്ങി ലഹരി വിൽപ്പന നടത്തുന്നത് പതിവാണ്. ഡൽഹിയിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.