കേരളത്തിനു ഗുണകരമായ പദ്ധതികൾ നടപ്പാക്കാൻ ഒപ്പമുണ്ടാവുമെന്ന ഉറപ്പുമായി ‘മനോരമ ന്യൂസ് കോൺക്ലേവി’ൽ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു. ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയാൽ മറ്റു നടപടികൾ ഉടൻ ഉണ്ടാകുമെന്നും അറിയിച്ചു. ‘കേരളം 70 ൽ’ എന്ന പ്രമേയത്തിലുള്ള കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യപ്പഭക്തനായ താൻ പലവട്ടം ശബരിമലയിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ഹബ് ആൻഡ് സ്പോക് മോഡൽ കൊച്ചി വിമാനത്താവളത്തിൽ പരിഗണിക്കും. ഇത്തരം വിമാനത്താവളങ്ങളിൽ രാജ്യാന്തര യാത്രക്കാർക്ക് ചെക്ക്–ഇൻ, എമിഗ്രേഷൻ പരിശോധനാ സൗകര്യങ്ങളെല്ലാം വിപുലമായ രീതിയിൽ ഉണ്ടാവും. കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്ക് ആദ്യ സീ പ്ലെയിൻ സർവീസ് ഉടൻ യാഥാർഥ്യമാകും. രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാൻ താൻ വരുമെന്നും അദ്ദേഹം പറഞ്ഞു.