TOPICS COVERED

പൊന്നോണത്തിനൊരുങ്ങുകയാണ് മലയാളക്കര. കാണം വിറ്റും ഓണമുണ്ണാനുള്ള തിരക്കിലാണ് എല്ലാവരും. ആഘോഷത്തിന്റെ നിറവും സന്തോഷവും കേരളത്തിലേക്ക് ഒഴുകിപ്പടരുമ്പോൾ മറുവശത്ത് മറ്റൊരു ഒഴുക്ക് കൂടി ശക്തമാകുകയാണ്. അതിർത്തികൾ കടന്ന്… നഗരങ്ങൾ പിന്നിട്ട്…കേരളത്തിന്റെ തെരുവുകളിലേക്കും ക്യംപസുകളിലേക്കും എന്തിന്, വിദ്യാലയങ്ങളിലേക്ക് വരെ ഒഴുകിപ്പടരുകയാണ് രാസ ലഹരികള്‍...ആഘോഷത്തിന്റെ മറവിൽ വളരുന്ന ഈ ഇരുണ്ട വിപണിയുടെ വഴികളിലൂടെ അപകടത്തിന്റെ മറ്റൊരു മുഖം നമുക്കു മുന്നിലെത്തുന്നു.

ഓണത്തിന് മുൻപേ കേരളത്തിലേക്ക് ലഹരിയുടെ കുത്തൊഴുക്ക് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിൽ പ്രത്യേക പരിശോധനകളുമായി എക്സൈസും ഡാൻസാഫ് സംഘങ്ങളും സജീവമായപ്പോള്‍ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതില്‍ പ്രധാനം ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന രാസലഹരികള്‍ തന്നെ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  അതിഥിത്തൊഴിലാളികളിലൂടെ കഞ്ചാവും ഹാഷിഷ് ഓയിലും ഒഴുകുന്നു. ഹൈഡ്രോ കഞ്ചാവ് അടക്കമുള്ള പുത്തൻ ഇനങ്ങളാകട്ടെ, 'ഫ്ലൈറ്റ് പിടിച്ചാണ്' കേരളത്തിലേക്ക് എത്തുന്നത്.

ലഹരിക്കച്ചവടത്തിലെ പുതുപുത്തന്‍ രീതികളാണ് കഴിഞ്ഞ കുറേ ദിവസമായി മലയാളികള്‍ കാണുന്നത്.  പാത്തും പതുങ്ങിയും അതീവ രഹസ്യമായി  മാത്രം നടത്തിയിരുന്ന കച്ചവടം പുതുവഴികളിലാണിന്ന്. തിരുവനന്തപുരം ബാലരാമപുരത്ത് തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു കുടുംബത്തിന്റെ രാസലഹരിക്കടത്ത്. അമ്മയും മകനും ഉൾപ്പെടെയുള്ള നാലംഗ സംഘമാണ്  എക്സൈസ്  പിടിയിലായത്. കൊച്ചിയില്‍ കോടതിയില്‍ നിന്നുമാണ് ലഹരി പിടികൂടിയത്. പനമ്പള്ളിനഗറില്‍ കോടതിയില്‍ വിചാരണ കഴിഞ്ഞിറങ്ങിയ പ്രതിയില്‍ നിന്നാണ്  ഹെറോയിന്‍ പിടികൂടിയത്. ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ പക്കലായിരുന്നു ലഹരി. വിചാരണ കഴിഞ്ഞിറങ്ങിയ പ്രതിയുടെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. സംഭവത്തില്‍ കൊച്ചി സൗത്ത് പൊലീസ് കേസെടുത്തു. പ്രതിക്ക് കോടതി വളപ്പില്‍  ഹെറോയിന്‍ എത്തിച്ചു നല്‍കിയതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. 

കോഴിക്കോട് രാജ്യാന്തര ലഹരിമരുന്നു  സംഘത്തെയാണ് എക്സൈസ് പൂട്ടിയത്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 3 കിലോയിലേറെ MDMA പിടികൂടിയ കേസിൽ 7 പേർ കൂടി അറസ്റ്റിലായി. നേരത്തെ ഈ കേസില്‍ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ യുവതിയടക്കം 2 പേർ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ അറസ്റ്റ്. പ്രധാന പ്രതിയായ നൈജീരിയൻ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.  ഷഫീഖ്, ഫാത്തിമ എന്നിവർക്ക് പുറമെ ഉമ്മർ ഫാറൂഖ്, മുസ്തഫ, ഹിരൻ,ആരോമൽ, റംഷിയ, നൗഷാദ്, സന്ദേശ് മോഹൻ എന്നിവരാണ് അറസ്റ്റിലായത്.

എങ്ങനെയാണ് കേരളത്തിലേക്ക് ലഹരി എത്തുന്നത്? ആരാണ് ഇതിന് പിന്നിൽ? എത്ര പിടിച്ചെടുത്താലും ആന്ധ്ര, ഒഡീഷ, ബിഹാർ, അസം, ജാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഒഴുകുന്നു എന്നാണ് എല്ലാ ദിവസവും ഇതര സംസ്ഥാന തൊഴിലാളികൾ പിടിയാകുന്നതിൽ നിന്ന് തെളിയുന്നത്. കൊറിയർ സർവീസുകൾ, ചരക്കുവാഹനങ്ങൾ എന്നിവയെല്ലാം പുതിയ കടത്തുവഴികളാകുന്നു. പരിശോധനകളെല്ലാം കർശനമാക്കിയെന്നും ഇതിന്റെ ഫലം കാണുന്നുണ്ടെന്നുമാണ് എക്സൈസ്– ‍ഡാന്‍സാഫ് ഉദ്യോഗസ്ഥർ പറയുന്നത്. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും കുടുംബങ്ങളെയും സാമൂഹിക വ്യവസ്ഥയേയും ഒരുപോലെ തകര്‍ക്കുന്ന ഈ വിപത്തിനെ തടഞ്ഞേ മതിയാകൂ.

ENGLISH SUMMARY:

Kerala drug menace is a growing concern, especially with the onset of Onam celebrations. Authorities are cracking down on increasing drug trafficking routes, with significant seizures reported across the state