ഇടയ്ക്ക് മാത്രം അല്പം ശാന്തത. മൂന്ന് തീരങ്ങളിലായി മൂന്ന് കുടുംബങ്ങള്‍. അവര്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി ഉറ്റവര്‍ക്കായി കാത്തിരിക്കുകയാണ്. കരഞ്ഞ് കണ്ണീര് വറ്റിയ ആ കണ്ണുകളിലെ നിശബ്ദതയുടെ ആഴം ആര്‍ക്ക് അളക്കാനാകും? ഊര്‍ജിതമായ തിരച്ചിലെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു നാമ്പ് പോലുമില്ല. തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വളളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുളള തിരച്ചില്‍ 9 ദിവസം പിന്നിട്ടു. രാവിലെ അഞ്ചരയോടെ തദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാണ് കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 31നാണ് ഇരുവരെയും രണ്ടിടങ്ങളിലായുളള അപകടങ്ങളില്‍ കാണാതായത്.