2018 മുതല്‍ ഒരോ വര്‍ഷവും മഴയുടെ ദുരിതങ്ങള്‍ കേരളം അനുഭവിക്കുയാണ്. ആ ദുരിത കഥകള്‍ 8 വര്‍ഷമായി തുടരുന്നു. കേരളത്തിലെ മനുഷ്യരുടെ ജീവനും സ്വത്തിനും സൈര്യജീവിതത്തിനും വെല്ലുവിളിയായി ഒരോ മഴക്കാലവും മാറുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നത് നെഞ്ചിടിപ്പേറ്റുന്നതാണ്. കേരളത്തിലെ നദികള്‍ക്കും ഡാമുകള്‍ക്കും ഈ മഴയെ താങ്ങാന്‍ കഴിയുന്നില്ല. കോട്ടയത്തും, കുട്ടനാട്ടിലും, അപ്പര്‍കുട്ടനാട്ടിലും, പത്തനംതിട്ടയിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആശങ്കകളും ഒഴിയാതെ തുടരുന്നു.
പാലായിൽ മീനച്ചിലാറിലെ ജലനിരപ്പ് താഴന്നെങ്കിലും കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വേമ്പനാട്ടുകായലും മീനച്ചിലാറും ചെളിയും മാലിന്യവും നിറഞ്ഞ് ആഴം കുറഞ്ഞതാണ് കോട്ടയത്തെ പ്രളയത്തിന് കാരണം. എട്ടുമീറ്ററില്‍ നിന്ന് വേമ്പനാട്ടുകായലിന്‍റെ ആഴം ഇപ്പോള്‍ പലയിടത്തും ഒന്നരമീറ്ററായി ചുരുങ്ങി. ഒഴുകാനിടമില്ലാതെ വെളളം കരയിലേക്ക് തളളുകയാണ്.
വെളളപ്പൊക്കത്തില്‍ മുങ്ങാതെ കോട്ടയത്തെ രക്ഷിക്കാന്‍ വേമ്പനാട്ടുകായലിന് മാത്രമേ കഴിയു. പക്ഷേ കായലിന്‍റെ അവസ്ഥ കഷ്ടമാണ്.ദശാബ്ദങ്ങള്‍ക്ക് മുന്‍പ് എട്ടുമീറ്ററായിരുന്നു കായലിന്‍റെ ആഴം. ഇപ്പോള്‍ പലയിടത്തും 1.8 മീറ്റര്‍ മാത്രമാണെന്നാണ് കേരള ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. കായലിന്‍റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ 3005 ടണ്‍ പ്ളാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നു. 2617.5 മില്യന്‍ ക്യൂബിക് മീറ്ററായിരുന്ന വേമ്പനാട്ടുകായലിന്‍റെ സംഭരണശേഷി ഇപ്പോള്‍ 387.87 മില്യന്‍ ക്യൂബിക് മീറ്ററായി ചുരുങ്ങി.
പത്തനംതിട്ട റാന്നിയിലെ വെള്ളമൊഴിഞ്ഞെങ്കിലും ആറന്മുളയിൽ ദുരിതം തുടരുകയാണ്. വീടുകളിൽ കുടുങ്ങിക്കിടന്നവരെയും ക്യാമ്പുകളിലേക്ക് മാറാൻ താല്പര്യമുള്ളവരെയും പൂർണമായും പുറത്തെത്തിച്ചു. രോഗികൾ അടക്കമുള്ളവർക്ക് ചികിത്സയും മരുന്നും ഉറപ്പാക്കാൻ മത്സ്യത്തൊഴിലാളികളും ഫയർഫോഴ്സും ജനപ്രതിനിധികളും ഒത്തുചേർന്നു പരിശ്രമിക്കുന്നുണ്ട് .എന്നാലും പത്തനംതിട്ടയില്‍ ദുരിതം തുടരുകയാണ്.
കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് തുടരുന്നു. നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം ഏറുന്നു. വെള്ളം കയറിയതോടെ തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും ദുരിതാശ്വാസ ക്യാംപുകൾ മറ്റിടങ്ങളിലേക്ക് മാറ്റി. കുട്ടനാട്ടിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂഷമാകുന്നു. വീടുകളിൽനിന്ന് ആളുകൾ കൂടുതലായി മാറി. ദുരിതാശ്വാസ ക്യാംപുകളിൽ എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
മഴക്കെടുതിയില്‍ പൊലിഞ്ഞ ജീവനുകള്‍ തീരാവേദനയായി മാറുന്നു. കണ്ണൂര്‍ ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനടെ കാണാതായ രാജേഷിന്‍റെ മൃതദേഹം നാലാം ദിനം കണ്ടെത്തി. കണ്ണൂർ പേരാവൂർ കാഞ്ഞിരപ്പുഴയില്‍ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെടുത്തു.
ഇനിയും മഴ തുടര്‍ന്നാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. റെഡ് അലര്‍ട്ട് തുടരുന്നത് ആശങ്ക വര്‍ധിക്കുന്നതാണ്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നവെന്നതാണ് മഴക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ടത്. ജനങ്ങളെ ഈ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ എന്തൊക്കെ ചെയ്തു എന്ന് കൂടി ഓര്‍മിക്കപ്പെടും. ദുരിതകയത്തില്‍ അകപ്പട്ടവരുടെ കൂടെനിന്നവരെ ജനങ്ങള്‍ ഓര്‍ത്ത് വയ്ക്കും. അല്ലാത്തവരെ ജനങ്ങള്‍ തള്ളും. മുഖ്യമന്ത്രി റാന്നിയില്‍ എത്തി ദുരിത ബാധിതരുടെ പരാതികള്‍ കേട്ടു.
അടുത്ത മഴക്കാലത്ത് ഇതുപോലെയുള്ള ദുരിതക്കാഴ്ചകള്‍ ഉണ്ടാവാതിരിക്കട്ടെ, തുടര്‍ച്ചയായി ഉണ്ടാവുന്ന മഴ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം. ഈ മഴക്കാലത്ത് ജനങ്ങള്‍ നേരിട്ട് യാതനകളും പ്രയാസങ്ങളും അടുത്ത മഴക്കാലത്ത് ഉണ്ടാവാതെ നോക്കണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. 8 വര്‍ഷം തുടര്‍ച്ചയായി ഉണ്ടാവുന്ന മഴക്കാലക്കെടുതുകള്‍ കേരളത്തിന് ഉണ്ടാക്കിയ ആഘാതം വലുതാണ്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി, സര്‍ക്കാര്‍ വകുപ്പുകളുടെയും രക്ഷാപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് ഈ ദുരിതകാലം കൂടി നമുക്ക് താണ്ടേണ്ടതുണ്ട്.