TOPICS COVERED

അങ്ങനെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷത്തിന് ശേഷം കോടതി വിധിപറഞ്ഞു. രണ്ടാം പ്രതി ഒഴികെ ബാക്കിയെല്ലാവരെയും വെറുതെവിട്ടു വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. രണ്ടാം പ്രതി അശോകൻ കുറ്റക്കാരൻ ആണെങ്കിലും മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. കേസിൽ എം ഗീതാനന്ദൻ അടക്കമുള്ള 56 പ്രതികൾക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തിനിടെ  പൊലീസുകാരനായ അബ്ദുൽസലാമിനെതിരെ ഉണ്ടായ വധശ്രമ കേസിൽ എം ഗീതാനന്ദനടക്കം നാലുപേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തി. ഇവർക്ക് 5 വർഷം തടവും 10000 രൂപ പിഴയും വിധിച്ചു.  

കേരള ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്. മുത്തങ്ങ ഭൂസമരത്തിലെ സംഘര്‍ഷം. 2003 ജനുവരി അഞ്ചിനാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. ഫെബ്രുവരി 19ന് സമരക്കാര്‍ക്ക് നേരെ പൊലിസ് നടപടി തുടങ്ങി. ലാത്തിചാര്‍ജും ടിയര്‍ ഗ്യാസും യഥേഷ്ടം പ്രയോഗിച്ചു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പൊലിസിനെ നേരിട്ടു. ഈ സംഘര്‍ഷത്തിലാണ് ആദിവാസി യുവാവ് ജോഗിയും പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടത്. ഇതില്‍ വിനോദ് കൊല്ലപ്പെട്ട കേസിലായിരുന്നു ഇന്നത്തെ വിധി.  

പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അശോകൻ കുറ്റക്കാരൻ ആണെങ്കിലും മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ലെങ്കിലും സമരത്തിനിടെ  പൊലീസുകാരനായ അബ്ദുൽസലാമിനെതിരെ ഉണ്ടായ വധശ്രമ കേസിൽ എം ഗീതാനന്ദനടക്കം നാലുപേർ കുറ്റക്കാർ എന്ന കോടതി കണ്ടെത്തി. ഇവർക്ക് 5 വർഷം തടവും 10000 രൂപ പിഴയും വിധിച്ചു. കൊല്ലപ്പെട്ട കെ വി വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശം നൽകി. 

മുത്തങ്ങ ഒരു ഓര്‍മപ്പെടുത്തലുകൂടിയാണ്. മണ്ണിന്റെ നേരവകാശികളായ ഒരു കൂട്ടം മനുഷ്യര്‍ കിടപ്പാടത്തിനായി നടത്തിയ പോരാട്ടത്തിനോട് അധികാരവര്‍ഗം നടത്തിയ അടിച്ചമര്‍ത്തലുകളുടെ ഓര്‍മ. ലാത്തിക്കും ടിയര്‍ ഗ്യാസിനും പ്രതിരോധമായി അമ്പും വില്ലും എടുത്തിറങ്ങിയ ആദിവാസികളുടെ പോരാട്ട ചരിത്രം. ആ അമ്പും വില്ലിനും നേരെ ഒരു ജനാധിപത്യസര്‍ക്കാര്‍ അതിന്റെ പൊലീസ് സംവിധാനമുപയോഗിച്ച് നടത്തിയ അധികാരപ്രയോഗം. മുത്തങ്ങ വലിയൊരു മുറിവാണ്. ഏത് കോടതിയുടെ വിധിക്കും അപ്പുറമുള്ള മുറിവ്. ആ സമരത്തിനും സംഘര്‍ഷത്തിനും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആദിവാസികളുടെ ഭൂമിപ്രശ്നം ഇന്നും പരിഹരിക്കപ്പെട്ടില്ല എന്നത് അധികാരവര്‍ഗവും മുഖ്യധാര രാഷ്ട്രീയ സംഘടനകളും ആ അടിസ്ഥാന ജനവിഭാഗങ്ങളെ, അവരുടെ പ്രശ്നങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലാണ്.

ENGLISH SUMMARY:

Mutanga land struggle verdict marks a significant judicial decision after 23 years, with most accused acquitted in the case of a policeman's death during the protest. The court found the second accused guilty but did not impose a sentence due to their death, while others were convicted in an attempt to murder case related to the same incident