TOPICS COVERED

കനേഡിയൻ പൗരത്വമുള്ള റിട്ട. പ്രഥമാധ്യാപക തുമ്പോളി ആലക്കാട്ടുശേരിയിൽ ഏലിയാമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി. വിവിധ വകുപ്പുകളിലായി പ്രതിയായ ഫ്രില്ലി ഫ്രാൻസിസ് 15 വർഷം വേറെയും തടവുശിക്ഷയുണ്ട്. 

2010ൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏലിയാമ്മയുടെ ഭർത്തൃസഹോദരപുത്രൻ ആന്റണിയുടെ ഭാര്യ ഫ്രില്ലി ആന്റണിയാണ് കൊല നടത്തിയത്. കൊല നടത്തുമ്പോൾ പ്രതിക്ക് 23 വയസുണ്ടായിരുന്നു. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു ഈ കൃത്യം നടത്തിയത്. നാല് വളയും ഒരു മാലയും ഉൾപ്പെടെ ആകെ ഒൻപത് പവന്റെ സ്വർണാഭരണങ്ങളാണ് ഏലിയാമ്മയിൽ നിന്ന് ഫ്രില്ലി അപഹരിക്കുന്നത്. പാതിരപ്പള്ളിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ പണയം വച്ചിരുന്ന മൂന്നു വള ഉൾപ്പെടെയുള്ള ആഭരണങ്ങൾ പിന്നീട് കണ്ടെടുത്തു. ഏലിയാമ്മയുടെ വീടിനു തൊട്ടടുത്തു താമസിച്ചിരുന്ന ഫ്രില്ലി ഉച്ചയ്ക്ക് രണ്ടേകാലോടെ ഏലിയാമ്മയുടെ വീട്ടലെത്തി. ഏലിയാമ്മയുടെ വീട്ടിലെ ജോലിക്കാരി വീട്ടിൽ പോയ സമയത്തായിരുന്നു ഇത്. ഏലിയമ്മയെ തള്ളിവീഴ്‌ത്തി അടുക്കളയിൽ നിന്നുള്ള കറിക്കത്തി ഉപയോഗിച്ചു കഴുത്തിന് താഴെയും ഇരുകൈകളിലെയും ഞരമ്പ് മുറിച്ചായിരുന്നു കൊല നടത്തിയത്.

വൈകിട്ട് ജോലിക്കാരി എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. സമീപ വഴിയിലൂടെ തമിഴ് നാടോടി സ്‌ത്രീകൾ ഓടിപ്പോകുന്നത് കണ്ടതായി ഫ്രില്ലി പൊലീസിന് മൊഴി നൽകിയിരുന്നു. തുടക്കത്തിൽ ഇത് വിശ്വസിച്ച പൊലീസ് അത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ചെന്നൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാടോടികൾ പോയെന്ന നിഗമനത്തിൽ പൊലീസ് തൃശൂരിൽ വച്ച് ട്രെയിനിൽ നിന്ന് മൂന്ന് നാടോടികളെ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഫ്രില്ലിയുടെ മൊഴികളും പരസ്‌പരവിരുദ്ധമായ മറുപടിയും പൊലീസിൽ സംശയം ജനിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയപ്പോഴുള്ള വിരലടയാളവും കൊലപാതകം നടത്തുന്നതിനു മുൻപ് അടുക്കളവാതിൽ കുറ്റിയിട്ടപ്പോൾ ലഭിച്ച ഫ്രില്ലിയുടെ വിരലടയാളങ്ങളുമാണ് പൊലീസിന്റെ അന്വേഷണം ഫ്രില്ലിയിലേക്ക് എത്തിച്ചതും പിന്നീട് പിടിയിലാക്കുന്നതും.

ENGLISH SUMMARY:

A Canadian citizen, former headmistress Eliyamma, was murdered for gold ornaments. The Alappuzha Additional Sessions Court has sentenced a relative and neighbor, Frilli Francis, to life imprisonment for the crime