ഒപ്പം പഠിക്കുന്നവരുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ച ഏബലിനെതിരെ നിരവധി പരാതികളാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിക്കുന്നത്. ഇനി അറിയാനുള്ളത് ഏബല്‍ ഒറ്റയ്ക്കാണോ ഇത് ചെയ്തത് എന്നാണ്. സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. എത്രത്തോളം വൈകൃതമാണിത്. ഈ സംഭവം നടക്കുന്നത് തിരുവനന്തപുരത്താണ്. പ്രതി മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. വയനാട് സ്വദേശിയാണ് ഏബല്‍ അഗസ്റ്റിന്‍. ഏബല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
സീനിയര്‍ വിദ്യാര്‍ഥിനികള്‍ മാത്രമാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരാതികളിലേക്ക് വിദ്യാര്‍ഥിനികള്‍ കടന്നേക്കും. 13 പേരുടെ ചിത്രങ്ങള്‍ ഇതുപോലെ പ്രചരിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ നിന്ന് അവരുടെ അനുവാദമില്ലാതെ ഫോട്ടോകള്‍ എടുക്കും. അത് മോര്‍ഫ് ചെയ്തായിരുന്നു പ്രചരണം. ആദ്യം പരാതിയുമായി എത്തുന്നത് രണ്ട് പെണ്‍കുട്ടികളാണ്. ഇതില്‍ ഒരു പരാതിയില്‍ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യം ലഭിച്ചു. അതോടെ, വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധമാണ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് മുന്നില്‍ ബുധനാഴ്ച നടത്തിയത്. ശിക്ഷ കിട്ടുമെന്ന് കരുതിയ സഹപാഠി രക്ഷപ്പെടുമെന്ന് മനസിലാക്കിയതോടെയാണ് പരാതിയുമായി വിദ്യാർഥിനികളെത്തിയത്. ഏഴ് പെണ്‍കുട്ടികള്‍ പരാതിയുമായി എത്തി. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. ഇതോടെ, പ്രതിഷേധം ആര്‍ത്തിരമ്പി. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി, സംഘര്‍ഷം നടന്നു. പിന്നീടാണ് സമര പരമ്പരകൾക്കൊടുവിൽ ഏഴ് മെഡിക്കൽ വിദ്യാർഥിനികളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയത്. രാവിലെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ഏബലിനെ ഡി.സി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ചൂഷണത്തിന്‍റെ വ്യാപ്‌തി കൂടുതലെന്ന് തിരിച്ചറിഞ്ഞു. പരാതിയില്‍ പറയുന്നതിനേക്കാള്‍ പ്രശ്നങ്ങളാണ് നിലവില്‍ ഉള്ളതെന്ന് പൊലീസ് അപ്പോഴാണ് മനസിലാക്കുന്നത്.
നിരവധി ആരോപണങ്ങളും സംശയങ്ങളും വിദ്യാര്‍ഥിനികള്‍ ഉന്നയിക്കുന്നുണ്ട്. അത് ഏബലിന് പുറത്ത് നിന്ന് സഹായം ലഭിച്ചോ എന്നതാണ്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ആ രീതിയിലും അന്വേഷണം വേണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പൊലീസിന്‍റെ മെല്ലെപ്പോക്കും മൊഴി രേഖപ്പെടുത്തുന്നതിലെ വീഴ്ചയും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി.