ഇന്നലത്തെ പരാക്രമപരമ്പരകളാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചതെങ്കില്‍ ഇന്നത് മിന്നല്‍ സമരമായിരുന്നു. സിജെപി സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസിന്‍റെ മിന്നല്‍സമരം. മിന്നല്‍ സമരത്തിന് തിര​ഞ്ഞെടുത്തത് പ്രധാനമന്ത്രിയുെട വസതിക്ക് മുന്‍വശം. സമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടുന്ന നേതാക്കള്‍. തീര്‍ത്തും അസാധാരണമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പോര്‍മുഖം. ഉച്ചപിന്നിട്ട് വൈകുന്നേരത്തോടടുക്കുമ്പോഴായിരുന്നു കോണ്‍ഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം. നീറ്റ് ക്രമക്കേട്, ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയങ്ങളുയര്‍ത്തി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി രാഹുല്‍‌ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഗര്‍ഗെയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. കൈകള്‍ പരസ്പരംകെട്ടി പ്രതീകാത്മക സമരം നടത്തിയ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

മുഖ്യമന്ത്രി വി ഡി സതീശന്‍, പ്രിയങ്കാ ഗാന്ധി എംപി അടക്കം നേതാക്കളെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. ലോക് കല്യാണ്‍ മാര്‍ഗില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. സമരത്തിനെത്തുന്നവരെ ബലംപ്രയോഗിച്ച് നീക്കുന്നതായിരുന്നു പിന്നീട് കണ്ടത്.  കൊടിക്കുന്നില്‍ സുരേഷ് എംപിയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. ഡീന്‍ കുര്യാക്കോസിനെ പൊലീസ് കയ്യേറ്റം ചെയ്തു. ഇതിനിടെ സമവായശ്രമത്തിനായി കേന്ദ്രം ശ്രമം തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിലെത്തി ചര്‍ച്ച നടത്തി.  മന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തു. അനുനയ നീക്കം അങ്ങനെ പരാജയപ്പെട്ടു. ജിതേന്ദ്ര സിങ് മടങ്ങിപ്പോയി. 

 

 

 

 

ENGLISH SUMMARY:

Congress lightning protest was witnessed today in Delhi, supporting the CJI protest. The protest was held in front of the Prime Minister's residence, led by leaders including Rahul Gandhi and Priyanka Gandhi.