വയനാടിന്റെ, മലയാളക്കരയുടെ നെഞ്ചുപിളര്‍ന്ന ഈ കണ്ണീര്‍ക്കാഴ്ചയ്ക്ക് രണ്ട് വര്‍ഷം തികയും മുന്‍പ്, ആ നീറ്റല്‍ ആറുംമുന്‍പ് മറ്റൊരു ദുരന്തം. കള്ളാടിയിലെ തുരങ്കനിര്‍മാണ സ്ഥലത്തേക്ക് ജീവനക്കാരെ എത്തിച്ച് അധികം കഴിയുംമുന്‍പാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ നിര്‍മാണമേഖലയില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് കുത്തിയൊലിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുനിന്നവര്‍ക്ക് മനസിലാകും മുന്‍പ് ബസുകളും വാഹനങ്ങളുമടക്കം മണ്ണിനടിയിലായി. തലനാരിഴയ്ക്ക് രക്ഷപെട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തി. മീനാക്ഷിപ്പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ സൈറ്റ് എന്‍ജിനീയര്‍ അടക്കമുള്ളവരെ കാണാതായി. 

തൊഴിലാളികള്‍ തങ്ങാറുളള ഷെഡും കരാര്‍ കമ്പനിയുടെ താല്‍ക്കാലിക ഓഫിസുകളും തകര്‍ന്നു. മണ്ണുമാന്തി ഉള്‍പ്പെടെ വാഹനങ്ങളും മണ്ണിനടിയിലായി. തുരങ്ക പാതയുടെ തുടക്കത്തില്‍ നിര്‍മിച്ചിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി അപ്പാടെ തകര്‍ന്ന് മീറ്ററുകള്‍ അകലെ പതിച്ചു. മണ്ണും പാറയും വീണ് സമീപത്തെ മസ്ജിദ് തകര്‍ന്നു. ഏതാനും വീടുകള്‍ക്കും നാശമുണ്ടായി. മണ്ണും വലിയ പാറക്കല്ലുകളും വന്നടിഞ്ഞ് മേഖലയിലേക്കുള്ള മീനാക്ഷിപ്പാലം അടഞ്ഞതോടെ അപകടമേഖല ഒറ്റപ്പെട്ടു. ണ്ടുദിവസമായി പ്രദേശത്ത് തീവ്രമഴ ലഭിച്ചിരുന്നു.  24 മണിക്കൂറില്‍ കള്ളാടി മേഖലയില്‍   265 മില്ലീമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്. റവന്യു അധികൃതരും, ദുരന്തനിവാരണ സേനയുമടക്കം ദുരന്തമുഖത്തേക്ക് ഓടി. കനത്തമഴ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി.  മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് ഉപയോഗിച്ച് മണ്ണുനീക്കി. മണ്ണിനടിയും അപ്പുറത്തുമായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍.

മഴയല്‍പം കുറഞ്ഞതോടെ കുടുങ്ങിക്കിടന്ന ആളുകളെയടക്കം പുറത്തെത്തിച്ചുതുടങ്ങി. പിഞ്ചുകുഞ്ഞുങ്ങളടക്കം ആശങ്കയുടെ ദുരന്തമുഖത്തിനിപ്പുറത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെ കരംപിടിച്ച് കടന്നു. കള്ളാടിയിലെ തോട്ടത്തിലെ താമസക്കാരായ തമിഴ്നാട്ടില്‍നിന്നുള്ള ദമ്പതികള്‍ സാധനങ്ങള്‍ വാങ്ങാനാണ് പാടിയില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയത്. ബസ് കാത്തുനില്‍ക്കുമ്പോഴാണ് വന്‍ ശബ്ദത്തോടെ മണ്ണ് കുത്തിയൊലിച്ചത്. ശബ്ദം കേട്ട് പാലത്തിലെത്തിയ കൂറ്റന്‍ ടാങ്കര്‍ ലോറി പെട്ടെന്ന് പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും കൂടമ്മാളും, പാല്‍രാജും ഒപ്പമുണ്ടായിരുന്ന നാലുപേരും മൂന്നോട്ട് ഒാടിത്തുടങ്ങി. നിമിഷനേരംകൊണ്ട് മണ്ണും ചെളിയും ടാങ്കര്‍ ലോറിയിലേക്ക് ഇരച്ചെത്തി. ടാങ്കറിനെയും കൊണ്ട് ചെളിവെള്ളം മുന്നോട്ടു കുതിച്ചു.അടിയന്തര സാഹചര്യം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. മന്ത്രിമാരായ ടി.സിദ്ദിഖും, എ.പി.അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചു. കരാറുകാരുടെ വീഴ്ചയാണ് ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യംതന്നെ വ്യക്തമാക്കി. ഏഴുപേരെ കാണാതായെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തകാരണം.കരാറുകാര്‍ക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നെന്നും എന്നാല്‍ ഒരു നിര്‍ദേശവും കമ്പനി പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ വയനാട് തുരങ്കപാത. കോഴിക്കോട് ജില്ലയിലെ ആനയ്ക്കാംപൊയിലില്‍ തുടങ്ങി വയനാട് ജില്ലയിലെ മേപ്പാടി കള്ളാടിയിലെത്തുന്ന ഇരട്ട തുരങ്കപാത. ആകെ ദൂരം 8.73 കിലോമീറ്റര്‍. 14 കിലോമീറ്റര്‍ നീളത്തില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളുമായി വയനാടിന്റെ ജീവനാഡിയായ താമരശേരി ചുരത്തിന് ഒരു ബദല്‍പ്പാത. ചുരത്തിലെ കുപ്പിക്കഴുത്ത് ഗതാഗതത്തില്‍ കുരുങ്ങിപ്പോകുന്ന, വയനാടിന്റെ യാത്രാ പ്രതിസന്ധിക്ക് പരിഹാരംതേടി വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പല ബദല്‍നിര്‍ദേശങ്ങളും പദ്ധതി തുടക്കവുമെല്ലാം ഉണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഇരട്ട ഹെയര്‍പിന്‍ വളവുകളില്ലാത്ത, സുഗമമായ യാത്രയെന്ന സ്വപ്നത്തിന്റെ ചിറകിലേറി ഇരട്ടതുരങ്കപാതയെന്ന പദ്ധതി ചലിച്ചുതുടങ്ങി. 2020 സെപ്റ്റംബറില്‍ പദ്ധതിയുടെ പ്രാരംഭ അലൈന്‍മെന്റ്, നിര്‍മാണ സര്‍വേ ആരംഭിച്ചു. ഏകദേശം മൂന്നുവര്‍ഷത്തോളം കഴിഞ്ഞ്  2023 ഏപ്രിലില്‍ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നല്‍കി. 2024 ജൂലൈ മുപ്പതിന് മുണ്ടക്കൈ– ചൂരല്‍മല ദുരന്തമുണ്ടായതിന് പിന്നാലെ 2024 സെപ്റ്റംബറില്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നല്‍കിയെന്നതും ശ്രദ്ധേയം. നിര്‍മാണച്ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റ‍ഡ് ആണ് ദിലിപ് ബില്‍ഡ്കോണിന് നിര്‍മാണ കരാര്‍ നല്‍കിയത്. ആകെ 2134 കോടിരൂപയാണ് നിര്‍മാണച്ചെലവ്. മുണ്ടക്കൈ– ചൂരല്‍മല ദുരന്തവും, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ എത്തിക്കാനുണ്ടായ പ്രതിസന്ധിയും ബദല്‍പ്പാതയെന്ന പൊതുബോധത്തിന് ആക്കംകൂട്ടി. പക്ഷേ അതീവ പരിസ്ഥിതി ദുര്‍ബലമായ മേഖലയിലെ നിര്‍മാണം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ പരിസ്ഥിതി സംഘടനകള്‍ ആദ്യഘട്ടത്തില്‍തന്നെ രംഗത്തെത്തിയിരുന്നു. വലിയ ദുരന്തത്തിലേക്ക് വഴിതുറക്കുമെന്നതായിരുന്ന പ്രധാന ആശങ്ക. എന്നാല്‍ എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ട് അതിവേഗം കേന്ദ്രഅനുമതികളക്കം പദ്ധതിക്ക് ലഭിച്ചു.  

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതികളില്‍ പാളിച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രകൃതി സംരക്ഷണ സമിതി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിദഗ്ധരുടെ അതിനിശിതമായ പരിശോധനകള്‍ക്കുശേഷം നല്‍കിയ അനുമതികളില്‍ ഇടപെടേണ്ടതില്ലെന്നതായിരുന്നു ഹൈക്കോടതി വിലയിരുത്തല്‍. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നടപടികളില്‍ വീഴ്ചയുണ്ടെന്ന് വിലയിരുത്താനാകില്ലെന്ന് 2026 ന്റെ തുടക്കത്തില്‍ വിധിവന്നു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയാര്‍ജിച്ചു.  2026 മാര്‍ച്ച് 6ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തുരങ്കപാതയുടെ പാറ തുരക്കുന്ന നടപടികള്‍ക്ക് പിണറായി വിജയന്‍ തുടക്കം കുറിച്ചു. മണ്‍സൂണ്‍ കാലഘട്ടത്തിലെ കനത്ത മഴയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ തുരങ്ക നിര്‍മാണത്തിന് പ്രതിസന്ധിയാകുമെന്ന് ആദ്യംമുതല്‍ വിലയിരുത്തിയിരുന്നു. സ്വാഭാവികമായും നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു. ഇതൊന്നും ഉണ്ടായില്ലെന്നതാണ് വസ്തുത. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുര്‍ബലമായ മേഖലയ്ക്ക് കീഴിലൂടെ നിര്‍മിക്കുന്ന തുരങ്കപാതയ്ക്ക് ലഭിച്ച എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ് കൃത്യമായ വിലയിരുത്തലിന് ശേഷമല്ലെന്ന് തുടക്കം മുതല്‍ ആക്ഷേപമുയര്‍ന്നിരുന്നു.  

കനത്ത മഴ ഒരു കാരണമായിരിക്കാം. പക്ഷേ കള്ളാടിയിലുണ്ടായത് അനാസ്ഥ കൊണ്ടുള്ള മനുഷ്യനിര്‍മിത ദുരന്തംതന്നെയാണ്. വയനാടിന് ആ തുരങ്കപാതയെന്നത് പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ ഫലമാണ്, പ്രതീക്ഷയാണ്. സുരക്ഷിതമായ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതെ സംരക്ഷിതമായ നിര്‍മാണം തുരങ്കപാതയില്‍ ആവശ്യമാണ്. അല്ലാതെ സുരക്ഷയെന്നത് കടലാസില്‍മാത്രം മതിയെന്ന് ചിന്തിക്കുന്ന പതിവ് ഇനിയെങ്കിലും മാറ്റിയേ തീരൂ. നഷ്ടമായ ജീവനുകള്‍ക്ക് ഇനി എന്തുപറഞ്ഞാലും പകരമാകില്ല. അത് നിശ്ചയം

ENGLISH SUMMARY:

Kalladi landslide in Wayanad was a human-made disaster caused by negligence in tunnel construction. The incident highlights the urgent need for safety in infrastructure projects to prevent further loss of life