2026 ജൂണ്‍ 30; കോര്‍പറേറ്റ് ബോര്‍ഡ് റൂമിലെടുത്ത ഒരു തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ഇടനാഴികളില്‍വരെ വന്‍ അലിയൊലികള്‍ സൃഷ്ടിച്ച ദിനം. ഇന്ത്യന്‍ ഷിപ്പിങ് വ്യവസായത്തിന്റെ മുഖ്യധാരയിലേക്ക് ചുവടുവയ്ക്കുന്ന, വന്‍ വികസന സാധ്യത നിലനില്‍ക്കുന്ന വിഴിഞ്ഞം തുറമുഖത്തില്‍ നിക്ഷേപം നടത്താന്‍ ഷിപ്പിങ് വ്യവസായ ഭീമന്‍ മെഡിറ്റേറനിയന്‍ ഷിപ്പിങ് കമ്പനി അഥവാ എം.എസ്.സിയും അദാനിയും തമ്മില്‍ ധാരണയെത്തിയെന്ന പ്രഖ്യാപനം വ്യവസായ,രാഷ്ട്രീയ തലങ്ങളെ ഇളക്കിമറിച്ചു.
വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിനായി രൂപീകരിച്ച അദാനി വിഴിഞ്ഞം പ്രൈവറ്റ് ലിമിറ്റഡ് അഥവാ AVPPL എന്ന കമ്പനിയില്‍ രാജ്യാന്തര കപ്പല്‍ കമ്പനിയായ എം.എസ്.സി 13000 കോടി നിക്ഷേപിക്കാനാണ് അദാനിയുമായുള്ള ധാരണ. 49 ശതമാനം ഓഹരികള്‍ എം.എസ്.സിക്ക് കൈമാറും. ഇന്ത്യന്‍ തുറമുഖ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം. വിവരം പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുന്‍പ് രാഷ്ട്രീയ പ്രതിരോധവും ഉയര്‍ന്നു കഴിഞ്ഞു. രാജ്യസുരക്ഷ, കുത്തകവല്‍കരണം എന്നിവയെല്ലാം ചോദ്യങ്ങളാണ്. അതെല്ലാം പരിഹരിക്കാവുന്ന വിഷയങ്ങളെന്നും തുറമുഖ നഗരമെന്ന സര്‍ക്കാര്‍ സ്വപ്നത്തിലേക്ക്, സാമ്പത്തികവും അനുബന്ധ വ്യവസായങ്ങളും, തൊഴില്‍ സാധ്യതയും, നികുതി വരുമാനവും ഉള്‍പ്പെടെയുള്ള വന്‍ വികസന സാധ്യതയിലേക്ക് വഴിതുറക്കുന്ന നീക്കത്തെ ക്രിയാത്മകമായി സമീപിക്കണമെന്ന വികാരം മറുവശത്തും ശക്തമായി കഴിഞ്ഞു.
വിഴിഞ്ഞത്തെ അദാനിയുടെ 49% ഓഹരികളിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പ് കമ്പനിയായ എം.എസ്.സി നിക്ഷേപം നടത്തുമെന്ന വാർത്ത നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഉയര്‍ന്നുവന്നു. ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സർക്കാരിനോട് അദാനി അതുവരെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സഭയെ അറിയിച്ചു. ശൂന്യവേളയിൽ അടിയന്തര സബ്മിഷനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം വീണ്ടും ഉയർത്തി. 25% അധികം ഓഹരി വിദേശ കമ്പനിക്ക് കൈമാറിയാൽ ഉടമസ്ഥ അവകാശ കൈമാറ്റമായി മാറും. ഇത് വിഴിഞ്ഞം തുറമുഖത്തെ ഒരു ഒരു വിദേശ കമ്പനിയുടെ കുത്തകയാക്കി മാറ്റുമെന്നും വിഴിഞ്ഞം മുൻനിർത്തിയുള്ള കേരളത്തിൻറെ വികസന പ്രവർത്തനങ്ങളെ ആകെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ്.
കുത്തകവൽക്കരണം ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും പറഞ്ഞു. വിഴിഞ്ഞം ലോകത്തിലെ എല്ലാ കപ്പലുകൾക്കും വിവേചനം ഇല്ലാതെ വന്നു പോകാൻ കഴിയുന്ന പൊതു തുറമുഖമായി തുടരണം. മത്സരക്ഷമത നിലനിർത്തണം. വിഴിഞ്ഞത്തിന്റെ ദീർഘദൂര വികസനത്തിന് തടസ്സമുണ്ടാകാൻ പാടില്ല. രാജ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഗണിച്ചു മാത്രമേ വിദേശ നിക്ഷേപത്തിന് അനുമതി നൽകുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമപ്രകാരം ആദ്യം സെബിയുടെ അനുമതി നേടിയശേഷമാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതിക്ക് അപേക്ഷ നല്‍കിയത്. സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകളുടെ അനുമതിയോടെ മാത്രമേ നിക്ഷേപത്തിന് പകരമായുള്ള ഓഹരിക്കൈമാറ്റം സാധ്യമാകൂ. ഇതിനുള്ള അനുമതിക്കായാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചത്. ഈ അപേക്ഷ ഇനി ചീഫ് സെക്രട്ടറി ചെയര്‍മാനും ധന–നിയമ സെക്രട്ടറിമാരും വിസില്‍ എംഡിയും ഉള്‍പ്പടെന്നു മേല്‍നോട്ട സമിതിയാണ് പരിശോധിക്കുക. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും ഓഹരി കൈമാറ്റത്തിന് സര്‍ക്കാര്‍ അനുമതി.
കുത്തകവല്‍കരണവും രാജ്യസുരക്ഷയും
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമ്പോള്‍ ഉയരുന്ന ഏറ്റവും ആശങ്ക കുത്തകവല്‍കരണമാണ്. സ്വതന്ത്രമായി എല്ലാ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തലത്തില്‍നിന്ന് മാറി എം.എസ്.സി എന്ന കമ്പനിയുടെ ആധിപത്യം വിഴിഞ്ഞത്തുണ്ടാകുമെന്നതാണ് പ്രധാന ആശങ്ക. ഇത് ആഗോള കണ്ടെയ്നര്‍ നീക്കത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 49 ശതമാനം ഓഹരി പങ്കാളിത്തവുമായി ബഹുരാഷ്ട്ര ഭീമന്‍ വിഴിഞ്ഞത്ത് പിടിമുറുക്കുമ്പോള്‍ ചെറുകിട, പ്രാദേശിക കമ്പനികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പിന്നിലേക്ക് മാറ്റുമെന്നും ആശങ്ക ഉയര്‍ത്തുന്നു. വിഴിഞ്ഞത്തെ വിദേശനിക്ഷേപം സര്‍ക്കാര്‍ അറിഞ്ഞില്ല എന്നുപറയുന്നതില്‍ എന്താണ് ന്യായമെന്ന് മുന്‍ മന്ത്രി വി.എന്‍.വാസവന്‍ ചോദിച്ചു. കുത്തകവല്‍ക്കരണത്തിന് കാലേകൂട്ടി നീക്കം നടന്നുവെന്നും വാസവന്‍ ആരോപിച്ചു.
രാജ്യാന്തര കപ്പല്‍ ചാലിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിഴിഞ്ഞത്തുണ്ടാക്കുന്ന വിദേശ ഇടപെടല്‍ രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും അനുമതി ആവശ്യവുമാണ്. ആദ്യഘട്ടത്തിന്റെ വികസനത്തിന് ചെലവായ തുകയുടെ അറുപത് ശതമാനത്തിലധികം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണെങ്കിലും സംസ്ഥാനത്തിന് കാര്യമായ വരുമാന വിഹിതം ലഭിക്കണമെങ്കില്‍ 2034 ആകും.
കടല്‍മാര്‍ഗം നടക്കുന്ന ചരക്ക് ഗതാഗതത്തെ എന്നും ഓരംപറ്റിനിന്ന് വീക്ഷിക്കാന്‍മാത്രം വിധിക്കപ്പെട്ട ഇന്ത്യ. പുതുതലമുറയില്‍പ്പെട്ട കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് ആഴക്കുറവുമൂലം ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് അടുക്കാന്‍ കഴിയാതിരുന്ന കാലം. രാജ്യാന്തര കപ്പല്‍ചാലില്‍നിന്നുള്ള അകലം. ഇതിനെല്ലാമുള്ള ബംപര്‍ മറുപടിയാണ് വിഴിഞ്ഞം രാജ്യത്തിനായി തുറന്നിട്ടത്. സ്വാഭാവികമായ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള കപ്പല്‍ചാലാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ അഡ്വാന്റേജ്. കോടികള്‍ മുടക്കിയിള്ള ആഴംകൂട്ടല്‍ പ്രക്രിയ ആവശ്യമില്ലാത്ത സ്വാഭാവിക തുറമുഖം. പുതുതലമുറയില്‍പ്പെട്ട എത്രവലിയ കപ്പലിനും അനായാസം ഡോക് ചെയ്യാന്‍ കഴിയുന്ന ആദ്യ ഇന്ത്യന്‍ തുറമുഖം. രാജ്യാന്തര ഈസ്റ്റ്–വെസ്റ്റ് കപ്പല്‍പ്പാതയില്‍നിന്ന് 10 നോട്ടിക്കല്‍മൈല്‍മാത്രം മാറിയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. കൊളംബോയിലും, സിംഗപ്പൂരിലുമൊക്കെ കണ്ടെയ്നറുകള്‍ എത്തിച്ചശേഷം അവിടെനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റി ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുന്നത് പഴങ്കഥയാകുന്ന കാലം വിദൂരമല്ല. 2024 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ വിഴിഞ്ഞം തുറമുഖം 18 മാസത്തിനുള്ളില്‍ രണ്ട് മില്യണ്‍ അഥവാ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ഇക്കാലയളവിനുള്ളില്‍ 1000 ലധികം കപ്പലുകള്‍ തുറമുഖത്തെത്തിയെന്നതും വിഴിഞ്ഞത്തിന്റെ പ്രാധാന്യമെത്രയെന്ന് ചൂണ്ടിക്കാട്ടുന്നു.
2045ല്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനക്ഷമതയിലേക്ക് എത്തുമെന്ന കരാര്‍ വ്യവവസ്ഥയില്‍നിന്ന് വിഭിന്നമായി 2028 ഡിസംബറില്‍ പൂര്‍ണതോതിലേക്ക് എത്തിക്കാനാണ് അദാനിയുടെ ശ്രമം. നിശ്ചിത കാലാവധിക്ക് മുന്‍പേ ലക്ഷ്യത്തിലെത്തിയാല്‍ ഇരുപത് വര്‍ഷംകൂടി തുറമുഖം കൈവശം വയ്ക്കാനുള്ള അനുമതിക്കായി അദാനിക്ക് സര്‍ക്കാരിനെ സമീപിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. 2028 ല്‍ തുറമുഖത്തിന്റെ രണ്ടാംഘട്ടത്തിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ വലിയ നിക്ഷേപം ആവശ്യമാണ്. എം.എസ്.സി കമ്പനി നിക്ഷേപിക്കുന്ന 13000 കോടി രൂപ രണ്ടാംഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കാനാണ് അദാനിയുടെ നീക്കം. ഇതൊരു വിന്‍– വിന്‍ സാധ്യതയാണ് അദാനിക്കും വിഴിഞ്ഞത്തിനും മുന്നില്‍ തുറന്നിടുന്നത്. നിലവില്‍ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളില്‍ ബഹുഭൂരിപക്ഷവും എം.എസ്.സി കമ്പനിയുടേതാണ്. 49 ശതമാനം ഓഹരി പങ്കാളിത്തത്തിലേക്ക് എത്തുന്നതോടെ എം.എസ്.സിയുടെ മേഖലയിലെ പ്രധാന ഓപ്പറേഷണല്‍ ഹബ്ബായും വിഴിഞ്ഞം മാറും. ഇതുവഴി തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനാകും. സാമ്പത്തിക ഇടനാഴി, വ്യവസായിക സംരംഭങ്ങള്‍, വെയര്‍ഹൗസുകള്‍ തുടങ്ങി അനുബന്ധ മേഖലകളുടെ വളര്‍ച്ചയും ഇതോടൊപ്പമുണ്ടാകും.
അടിസ്ഥാന സൗകര്യത്തിലടക്കം വന്‍ വികസനമാണ് രണ്ടാംഘട്ടത്തില്‍ വിഴിഞ്ഞത്ത് നടത്താനുള്ളത്. നിലവിലുള്ള ബെര്‍ത്തിന്റെ നീളം രണ്ട് കിലോമീറ്ററായി വര്‍ധിപ്പിക്കണം. നിലവില്‍ 1.3 മില്യണ്‍ ടി.ഇ.യു ആണ് തുറമുഖത്തിന്റെ കണ്ടെയ്നര്‍ കൈകാര്യശേഷി. ഇത് പ്രതിവര്‍ഷം 5 മില്യണ്‍ ടി.ഇ.യു ആയി വര്‍ധിപ്പിക്കണം. ഇതൊക്കെയെങ്കിലും വികസനമുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടിവരും. പുലിമുട്ടും വന്‍കിടനിര്‍മാണ പ്രവര്‍ത്തനങ്ങളും വലിയ പാരിസ്ഥിതിക മാറ്റം പ്രദേശത്തുണ്ടാക്കിയിട്ടുണ്ട്. ജലാന്തര പീഠഭൂമിയുടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം, മല്‍സ്യത്തൊഴിലാളികളുടെ വരുമാന നഷ്ടം എന്നിവയെല്ലാം പരിഗണിക്കപ്പെടേണ്ട വലിയ പ്രശ്നങ്ങളാണ്. അതുകൊണ്ടുകൂടിയാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തുന്നതും. സര്‍ക്കാരിനെ സമീപിക്കുന്നതിന് മുന്‍പ് തന്നെ അദാനി എംഎസ് സുമായി കരാര്‍ ആയെന്നും ഈ നീക്കം സര്‍ക്കാരിന്‍റെ അനുമതിയോടെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഓഹരി ഇടപാട് സര്‍ക്കാരിനെ അറിയിച്ചില്ലെന്ന വി ഡി സതീശന്‍റെ വാദം സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി. വിഴിഞ്ഞം തുറമുഖ ഓഹരി MSCക്ക് കൈമാറാനുള്ള തീരുമാനം സര്‍ക്കാര്‍ അദാനി ഡീലിന്‍റെ ഭാഗമെന്ന് എം വി ഗോവിന്ദന്‍റെ ആരോപണം. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞാല്‍ AVPPL കമ്പനിയുടെ 74 ശതമാനം വരെ ഓഹരി കൈമാറ്റം ചെയ്യാമെന്നാണ് കരാറിനെ വ്യവസ്ഥ. എന്നാല്‍ 49 ശതമാനം മാത്രമാണ് വികസനത്തിനായി കൈമാറാന്‍ ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത് . സര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തിക്കൊണ്ട് എം.എസ്.സിയുമായി ധാരണ ഉണ്ടാക്കുകയും, സര്‍ക്കാരിനെ അറിയിക്കുകപോലും ചെയ്യാതെ ധാരണ പരസ്യപ്പെടുത്തിയതിലുമുള്ള എതിര്‍പ്പ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അദാനിയെ അറിയിക്കുകയും ചെയ്തു. എന്തായാലും കരാര്‍ അനുസരിച്ച് ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കിയാലും പൊതുതാല്പര്യം സംരക്ഷിക്കാനുള്ള നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചേക്കും.