കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം നമ്മള്‍ എല്ലാവരും ഉറ്റുനോക്കുന്ന വാര്‍ത്തയാണ്. പരാതി ചൂടുപിടിച്ചതോടെ പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത് കഴിഞ്ഞദിവസമാണ്. ജില്ലാ പൊലീസ് മേധാവി തന്നെ സിജോ തിരോധാനം അന്വേഷിക്കാന്‍ വീണ്ടും നിര്‍ദേശം നല്‍കിയിരുന്നു. കുറ്റ്യാടി പൊലീസിന്റെ റിപ്പോര്‍ട്ടും ഈ കേസില്‍ നിര്‍ണായകമാണ്. എന്തായാലും കല്ലറ തുറന്ന് പരിശോധിക്കാന്‍ പോകുകയാണ്. പള്ളി അധികൃതരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയാണ് ഈ പ്രധാനപ്പെട്ട തീരുമാനത്തിലേക്ക് എത്തിച്ചത്.
കല്ലറ തുറന്ന് അതിനുള്ളിൽ ഉള്ളത് എന്താണെന്ന് വ്യക്തമായേ മതിയാകൂ എന്ന പള്ളി വികാരിയുടെ ശക്തമായ നിലപാടിലാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ നീക്കങ്ങള്‍. ദുരൂഹമായ കല്ലറ നാളെ തുറക്കാന്‍ പോകുകയാണ്. ഇതിന് കരിക്കോട്ടക്കരി പോലീസിന് ആർഡിഓ ഇന്ന് അനുമതി നൽകി. ഫോറൻസിക് സംഘം ഉൾപ്പെടെ എത്തിയാകും നടപടിക്രമങ്ങള്‍. 11 മണിയോടെ തുറന്നു പരിശോധിക്കുമെന്നാണ് വിവരം. 2005ലും 2015ലും അടക്കം ചെയ്തതല്ലാതെ മറ്റൊരു മൃതദേഹം കൂടി 38 ആം നമ്പർ കല്ലറയിൽ ഉണ്ടെന്ന സംശയമാണ് പള്ളി കമ്മിറ്റിക്ക് ഇപ്പോഴുമുള്ളത്. ഇതേ സംശയം ഒരു ഇടവകാംഗം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് നാട്ടുകാര്‍ അറിയുന്നത്. പള്ളി കമ്മിറ്റിയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് ഒടുവിൽ കേസെടുത്തതും കല്ലറ തുറക്കാൻ തീരുമാനിച്ചതും. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാൻ 38 ആം നമ്പർ കല്ലറ തുറന്നപ്പോൾ പെട്ടിക്കൊപ്പം പായയിൽ പൊതിഞ്ഞ് കെട്ടിയ രൂപത്തിൽ മൃതദേഹം എന്ന സംശയിക്കുന്ന വസ്തു കാണുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ഒരേസമയം 2 മൃതശരീരങ്ങൾ ഒരു കല്ലറയിൽ അടക്കം ചെയ്യാറില്ല എന്നതാണ് ദുരൂഹത ഉണർത്താൻ കാരണം. പോലീസിന് ഈ സംശയം ഇല്ല. കാരണം പള്ളിയിലെ ഡേറ്റ വച്ചാണ് അവര്‍ ഇതില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിക്കുന്നത്. പക്ഷെ, അപ്പോഴും സിജോ സ്കറിയയുമായി കണക്ട് ചെയ്യുമോ എന്നറിയാന്‍ ദിവസങ്ങള്‍ വേണ്ടി വരും.
പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ വസ്തു മൃതദേഹാവശിഷ്ടം ആണെങ്കില്‍ എന്തായാലും ഡിഎന്‍എ പരിശോധന അനിവാര്യമാണ്. മൂന്നാമതുണ്ടെന്ന് കരുതപ്പെടുന്ന മൃതദേഹം സിജോ സ്കറിയയുടേത് ആകാൻ സാധ്യതയില്ലെന്ന് വാണിയപ്പാറ സ്വദേശിയായ ഭാര്യ നിഖില പറയുന്നു. വർഷങ്ങളോളം പോലീസ് അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്തത് കൊണ്ടാണ് ഇങ്ങനെ തോന്നാൻ കാരണമെന്നാണ് നിഖിലയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. കല്ലറ തുറന്നു പരിശോധിക്കുന്നതിലൂടെ ആശങ്ക നീങ്ങുമെന്ന വിശ്വാസത്തിലാണ് പള്ളി അധികൃതരും ഇടവകാംഗങ്ങളും. വിലങ്ങാട്ടുനിന്ന് 2014ല്‍ പോയ സിജോയെ പിന്നീട് ബന്ധുക്കള്‍ അന്വേഷിച്ച് ചെല്ലുന്നത് 2020ലാണ്. അപ്പോഴേക്കും, സിജോയെ കാണാതായിരുന്നു, അതുകൊണ്ടുതന്നെ തന്റെ മകനെ ആരെങ്കിലും കൊലപ്പെടുത്തിയോ എന്നാണ് അവര്‍ സംശയിക്കുന്നത്.
കനത്ത കാവലിലായിരിക്കും കല്ലറ തുറക്കാന്‍ പോകുന്നത്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കൂടി അങ്ങോട്ടേക്ക് എത്തുന്നതിലൂടെ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നിലവിലെ തീരുമാനം. രാവിലെ പതിനൊന്ന് മണിയോടെ കല്ലറ തുറക്കലിലേക്ക് കടക്കും.ആറേഴ് വര്‍ഷം ആയതുകൊണ്ടുതന്നെ മൃതദേഹാവശിഷ്ടത്തില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തുന്നതും ബുദ്ധിമുട്ടാകാന്‍ സാധ്യതയുണ്ട്.