പാതിയും പിന്നിട്ടാണ് ഇടവപ്പാതി ഇത്തവണ എത്തിയത്. എത്തിയതേ ഓര്‍മയുള്ളു, അപ്പോഴേക്കും ആര്‍ത്തലച്ച്, ദുരിതം വിതച്ച് മഴ തിമിര്‍ത്ത് പെയ്തുകൊണ്ടേയിരിക്കുന്നു. ഓര്‍മയുണ്ടോ ഇക്കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ നമ്മളനുഭവിച്ച ചൂട്.?? ഉണ്ടാവില്ല, ആ ഓര്‍മകളത്രയും ഒഴുക്കിക്കളഞ്ഞു ഈ പെരുമഴ. മഴയെത്തി ഓരോ ദിവസവും ദുരിതങ്ങളുടെ കാഠിന്യം കൂടുന്നു. മനുഷ്യന്റെ സ്വൈര്യജീവിതത്തിന് മഴ വെള്ളക്കെട്ടൊരുക്കി അവനെയൊരു ദുരിത ദ്വീപിലാക്കുന്നു.
തൃശൂരില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു വല്ലാതെ പേടിപ്പിച്ച ആ നിമിഷങ്ങള്‍. തൃശൂര്‍ വില്ലടം, പൂച്ചെട്ടി, കൊഴുക്കുള്ളി പ്രദേശങ്ങളെ വിറപ്പിച്ചു. കൊഴുക്കുള്ളിയിൽ കുട്ടികളുമായി എത്തിയ സ്കൂൾ വാഹനം രക്ഷപ്പെട്ടത് രണ്ട് സെക്കൻഡ് വ്യത്യാസത്തിലാണ്. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ മുറ്റത്തായിരുന്നു ഞെട്ടിക്കുന്ന കാഴ്ച. കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടാന്‍ രക്ഷിതാക്കള്‍ എത്തിയ കാറുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ സമയത്ത് വാഹനങ്ങളില്‍ ആരും ഇല്ലായിരുന്നു. കുട്ടികളെ ക്ലാസുകളിലേക്ക് കൊണ്ടുവിടാന്‍ രക്ഷിതാക്കള്‍ വന്ന സമയമായിരുന്നു..വിഡിയോ റിപ്പോര്‍ട്ട് കാണാം.