ഏത് സങ്കടക്കടലിനേയും ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഉള്‍വലിച്ച് ചിരിയുെട വിസ്തൃതിയില്‍ നോവിന്റെ നനവാറുന്ന പൊടിമണല്‍ക്കാഴ്ചയിലേക്ക് അതിവേഗം തള്ളിവിടുന്ന കള്ളക്കടല്‍ പ്രതിഭാസമായിരുന്നു സലിം കുമാര്‍. തിരയടിച്ചെത്തുന്ന സങ്കടങ്ങള്‍ മുത്തുച്ചിപ്പി കണക്കെയുള്ള ചിരിയും സന്തോഷവും അവശേഷിപ്പിച്ചു പിന്‍വാങ്ങി വീണ്ടും തിരികെയെത്തുന്നതായിരുന്നു ശീലം. അനിതര സാധാരണയായി ചിരിക്കോപ്പുകളുമായി സദാ വേട്ടക്കിറങ്ങിയ ഒരു മനുഷ്യന്‍ ഉന്നം തെറ്റാതെ അത് പടച്ചുവിട്ടപ്പോഴും ലക്ഷ്യത്തെ കണ്ടത് ഒറ്റക്കണ്ണിലൂടെയായിരുന്നില്ല, അകക്കണ്ണില്‍ ഒരു ഫിലോസഫറുണ്ടായിരുന്നു. തീഷ്ണമായ ജീവിതാനുഭവങ്ങളുടെ തച്ചില്‍ രാകിമിനുക്കപ്പെട്ട മനുഷ്യനുണ്ടായിരുന്നു. താന്‍ വലിച്ചൂതുന്ന തെറുത്ത ബീഡിയിലെ പുകയ്ക്കുപിന്നിലെ ജീവശ്വാസങ്ങളെക്കുറിച്ച് തെളിച്ചമുള്ള ധാരണകളുള്ള ഒരു മനുഷ്യന്‍. എറണാകുളം മഹാരാജാസ് കോളജായിരുന്നു പറവൂരില്‍ നിന്നുള്ള സലിം കുമാറിലെ കലാകാരനെ ഊതിക്കാച്ചിയെടുത്തത്. എഴുത്തുകാരനും പ്രഗല്‍ഭ അധ്യാപകനുമായ സി.ആര്‍. ഓമനക്കുട്ടന്‍ ശിഷ്യനെ ഓര്‍ത്തെടുക്കുമ്പോള്‍ ആ ഗുരുശിഷ്യബന്ധത്തില്‍ അസൂയപൂണ്ടുപോകും ആര്‍ക്കും. 

ജനനമെന്ന സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് മരണമെന്ന ഫിനിഷിങ് പോയന്റിലേക്ക് നടത്തുന്ന യാത്രയെന്നാണ്  ഈശ്വരാ വഴക്കില്ലല്ലോ എന്ന തന്റെ ആത്മകഥയെ സലിം കുമാർ വിശേഷിപ്പിച്ചത്.1969ലാണ് ആ സ്റ്റാര്‍ട്ടിങ് പോയന്‍റ്. വടക്കൻ പറവൂരിലെ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനനം. അച്ഛൻ്റെ വരുമാനം നിലച്ച വീട്ടിലെ ദരിദ്ര സാഹചര്യത്തിൽ നിന്ന് വടക്കൻ പറവൂർ സർക്കാർ സ്കൂളിൽ പഠനം. മാല്യങ്കര എസ്.എൻ.എം.കോളജിൽ പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും നേടി. ഇക്കാലയളവിൽതന്നെ കലാപ്രവർത്തനങ്ങളിൽ സജീവം. എം.ജി സർവകലാശാല യുവജനോൽവത്തിൽ മി​​മിക്രി​​യി​​ൽ മൂന്നുതവണ വിജയി.

കൊച്ചിൻ കലാഭവനിലും കൊച്ചിൻ സാഗറിലൂടെയും മിമിക്രിയിൽ സജീവമായ സലിമിന് ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിരക്കേറിയതോടെയാണ് ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിലേക്ക് വിളിയെത്തുന്നത്. ജീവിതം പോലെ തന്നെ സലിമിന് ഈസി വാക്കോവറായിരുന്നില്ല സിനിമ. 97ൽ കലാഭവൻ മണിക്ക് പകരക്കാരനായി നീ വരുവോളം എന്ന ചിത്രത്തിൽ അഭിനയിച്ച തന്നെ ടൈമിങ് ശരിയല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതിന്റെ വേദന സലിം പിൽക്കാലത്ത് പറഞ്ഞു. നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സത്യമേവ ജയതേയും  തെങ്കാശിപ്പട്ടണവും വൻ ഹിറ്റായതോടെയാണ്  ചെറുറോളുകളിൽ ഒതുങ്ങിയിരുന്ന സലിമിന് തിരക്കേറിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Salim Kumar was a phenomenon, a "black tide" that could instantly engulf any sea of sadness and pull you into the vastness of laughter. His returns after the tides of sorrow receded left behind a shore of pearl-like laughter and happiness.