കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു നെടുമങ്ങാട്ടേത്. ഒന്നരവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത എല്ലാവരുടെയും കണ്ണുനനയിച്ചതാണ്. ഞായറാഴ്ചയോടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അഷ്കര്‍ പൊലീസിനോട് കുറ്റം സമ്മതിക്കുന്നത്. കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി കൂടിയായ അഷ്കര്‍. ഭക്ഷണം കൊടുക്കുന്നതിനിടെ പോലും പ്രകോപിതനായി മര്‍ദിച്ചിരുന്നു. തല ഭിത്തിയിലടക്കം ഇടിപ്പിച്ചു എന്നും അഷ്കര്‍ ചോദ്യംചെയ്യലിനിടെ സമ്മതിക്കുന്നുണ്ട്.
അതിക്രൂരമായി നടത്തിയ കൊലപാതകം. ആന്തരിക രക്തസ്രാവം കാരണം മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ നിന്ന് തന്നെ മനസിലാക്കാം, അഷ്കര്‍ കാണിച്ച ക്രൂരതകള്‍. കുഞ്ഞിന്റെ കാലിലും ജനനേന്ദ്രിയത്തിലും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നത് 51 മുറിവുകളാണ്. കാലില്‍ ഉണ്ടായിരുന്നത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളാണ്. അതില്‍ ഏറ്റവും പ്രധാനം ഇതെല്ലാം അഷ്കര്‍ ചെയ്തിരുന്നത് അമ്മ അഖിലയുടെ അറിവോടെയായിരുന്നു.
എങ്ങനെയാണ് ഈ വാര്‍ത്ത പുറത്തേക്ക് വന്നത്, ആദ്യഘട്ടം മുതല്‍ നടന്ന കാര്യങ്ങള്‍ എന്തെല്ലാമാണ്, എന്നാണ് നമ്മള്‍ നോക്കുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.