കേരളത്തിന്റെ ആരോഗ്യമേഖല, അതേക്കുറിച്ച് ഏത് അന്യനാട്ടിലായാലും അവിടെയുള്ള മലയാളിക്ക് വരെ തലയുയര്‍ത്തി പറയാവുന്ന ഒന്നായിരുന്നു. പക്ഷേ കുറച്ചുകാലമായി ആരോഗ്യരംഗം നേരിടുന്ന അതീവഗുരുതരമായ പ്രതിസന്ധികള്‍ ഏറെയാണ്. മരുന്നുക്ഷാമം മുതല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അശ്രദ്ധയും. സമൂഹത്തിലേ സാധാരണക്കാരും അതിസാധാരണക്കാരും പാവപ്പെട്ടവരുമെല്ലാം ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളായാലും ജില്ലാ താലൂക്ക് ആശുപത്രിയായാലും നേരിയ അശ്രദ്ധമുതല്‍ വലിയ വലിയ വീഴ്ചകള്‍ വരെ നിത്യസംഭവമാകുന്നു.
തിരുവനന്തപുരത്ത് കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് സിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ രോഗിയുടെ കാലില്‍ പുഴുക്കളെ കണ്ടതിന്റെ രണ്ടാംനാള്‍ ആണ് കോഴിക്കോട്ട് ചികില്‍സാപ്പിഴവില്‍ രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുന്നത്.