സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം വ്യക്തമാക്കുന്ന സംഭവങ്ങള്‍ പുറത്തുവരികയാണ് വീണ്ടും. കൊച്ചിയില്‍ പുലര്‍ച്ചെ രണ്ടുപെണ്‍കുട്ടികള്‍ ആക്രമിക്കപ്പട്ടു. കൊച്ചിയിലെ ജ്യൂസ്കടയില്‍നിന്നുള്ള മറ്റൊരു സിസിടിവി ദൃശ്യം പുറത്തുവന്നു. കത്തിവച്ചാണ് കളി. പണം ആവശ്യപ്പെട്ട് ഭീഷണി. കടയിലെത്തിയവര്‍ക്ക് നേരെയും ആക്രമണം നീളുന്നത് വ്യക്തം. ആരാണ് ഇയാളെ പോലെയുള്ള ഗുണ്ടകളെ നഗരത്തില്‍ അഴിഞ്ഞാടാന്‍ വിടുന്നത് ?  ഗുണ്ടകളുടെ സ്വതന്ത്രവിഹാരം എങ്ങനെ തടയും ? പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്ന് പറയുമ്പോഴും ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നുണ്ടോ ?

കൊച്ചിയിലൊതുങ്ങുന്നില്ല ക്രിമിനലുകളുടെ ഭീതിപ്പെടുത്തുന്ന പ്രവൃത്തികള്‍. കണ്ണൂര്‍ പിലാത്തറയില്‍ ആളൊഴിഞ്ഞ ഇടത്ത് ദുരൂഹസാഹചര്യത്തില്‍  ഇന്നൊരു കാര്‍ കണ്ടെത്തി. അന്വേഷിച്ചിറങ്ങിയ പൊലീസിനുമുന്നില്‍ തെളിഞ്ഞത് തട്ടിപ്പിന്റെയും ക്രൂരതയുടെയും കഥകള്‍.... കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നുംമാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം സംഭവങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. 

പുലർച്ചെ നാലരയോടെ കൊച്ചി കലൂരിലാണ് പെണ്‍കുട്ടികള്‍ ക്രൂരമായ ആക്രമണത്തിന് ഇരയായത്.  വഴിയിൽവെച്ച് യുവാക്കൾ നടത്തിയ അശ്ലീല കമൻ്റുകൾ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനമായത്. പെണ്‍കുട്ടികളിലൊരാളെ  അക്രമി സംഘം നിലത്തിട്ട് ക്രൂരമായി ചവിട്ടി താഴെയിട്ടു. നെഞ്ചിൽ ഉൾപ്പെടെ പരുക്കേൽപ്പിക്കുകയും ചെയ്തു. ജീവരക്ഷാർത്ഥം ഓടിയ പെൺകുട്ടികൾക്ക് പിന്നാലെയും അക്രമിസംഘം അക്രമം തുടർന്നു. പെണ്‍കുട്ടികളുടെ ഫോണുകള്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുടച്ചു. യുവാക്കള്‍ മാത്രമല്ല, സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ പോലീസിനെതിരെയും ആരോപണമുയര്‍ന്നു. പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടത് കൊച്ചിയെ ഒന്നാകെ നടുക്കി. പൊലീസ് സംഘം പ്രതികള്‍ക്കായി വല വിരിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അക്രമികളെ വേഗത്തില്‍ കണ്ടെത്താനായിരുന്നു ശ്രമം. അക്രമി സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നുവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അക്ബര്‍ എന്ന ക്രിമിനലാണ് പെണ്‍കുട്ടികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലെ ജ്യൂസ് കടയില്‍ സിനിമാരംഗങ്ങളെ തോല്‍പ്പിക്കുംവിധം വിളയാടുന്നു. കത്തി കാട്ടിയും മേശ ചവിട്ടിത്തെറിപ്പിച്ചും അക്രമിയുടെ തോന്ന്യാസം. ആലപ്പുഴ സ്വദേശികളായ സച്ചിൻ, ബിച്ചു എന്നിവരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.സച്ചിൻ ബോംബ് എറിഞ്ഞ കേസിൽ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പതിഞ്ഞിരുന്ന് ആക്രമിക്കുക. ഏത് ഭാഗത്തുനിന്ന് എപ്പോള്‍ ആക്രമിക്കപ്പെടുമെന്ന് നിശ്ചയമേയില്ല. സാധാരണക്കാരനെന്നോ പൊലീസ് ഉദ്യോഗസ്ഥനെന്നോ വ്യത്യസമില്ല.  കോഴിക്കോട് കൊയിലാണ്ടിയില്‍ പട്രോളിങ് നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമമുണ്ടായി. കടന്നുകളഞ്ഞ ലോറി പിടിയിട്ടുണ്ട്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. 

ENGLISH SUMMARY:

Kerala crime is on the rise with recent incidents in Kochi and Kannur highlighting alarming levels of criminal activity. Authorities are working to address these issues and restore public safety amidst growing concerns