ത്യാഗസ്മരണയില്‍ ലോകം ബലി പെരുന്നാള്‍ ആഘോഷിക്കുന്ന സമയം... പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കുന്ന നേരം.... ഈ വീട്ടില്‍, റഹീമിന്റെ സീനത്ത് മന്‍സിലില്‍ മനുഷ്യന്റെ നന്മയുടെ, ത്യാഗത്തിന്റെ ഫലം നേരിട്ടനുഭവിക്കുകയായിരുന്നു ഒരുമ്മയും മകനും.... ഫാത്തിമ മകനെയും റഹീം ഉമ്മയെയും ചേര്‍ത്തണച്ചുകൊണ്ടിരുന്നു... നന്ദി എന്ന വാക്കിന്റെ വില വലുതാണെന്ന തിരിച്ചറിവോടെ..... ഇരുപതുവര്‍ഷത്തെ ഇരുട്ടുമുറി വാസം അവസാനിച്ചിരിക്കുന്നു. കാരാഗൃഹത്തിലെ മോചനത്തിനായി ഒരേമനസ്സോടെ പ്രവര്‍ത്തിച്ച മനുഷ്യരുടെ ഇടയിലേക്കാണ് അയാളുടെ വരവ്. പുതിയ പ്രകാശത്തിന്റെ വലിയ തുണ്ട് റഹീമിന്റെ രൂപത്തില്‍ സീനത്ത് മന്‍സിലിന്റെ മുറ്റത്ത് പതിച്ചിരിക്കുന്നു. അതും ബലി പെരുന്നാള്‍ ദിവസം.... ഒരു നാട് തന്നെ ഒഴുകിവന്നിട്ടിട്ടുണ്ട്. കേരളത്തിന് നാളെ അഭിമാനത്തോടെ ആവര്‍ത്തിച്ചു പറയാന്‍ ഒരു റിയല്‍ കേരള സ്റ്റോറി പിറന്നിരിക്കുന്നു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സീനത്ത് മന്‍സിലിലേക്ക് റഹീം മടങ്ങിവരികയാണ്. നീണ്ടു രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്ന സമയമാണ്, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും. ഇനിയൊരു മടങ്ങിവരവില്ലെന്ന് റഹീമും ഉറ്റവരും വിചാരിച്ചിരുന്നിടത്തുനിന്നുള്ള മടക്കം. കരീപ്പൂര്‍ വിമാനത്താവളത്തില്‍ മകന്‍ കാലുകുത്തിയെന്ന് അറിഞ്ഞ നിമിഷം വീടിനകത്ത് ഫാത്തിമ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. പക്ഷേ, മുഖം പൊത്തിനിന്നതനല്ലാതെ വാക്കുകള്‍ പുറത്തേക്ക് വന്നതേയില്ല. മകന്‍ വരുന്നു.

2006ലാണ് ഫാത്തിമയുടെ മകന്‍ അബ്ദുള്‍ റഹീം പുതിയ പ്രതീക്ഷകളുമായി സൗദിയിലേക്ക് വിമാനം കയറുന്നത്. ചെന്നിറങ്ങിയതാകട്ടെ അപ്രതീക്ഷിതമായ നിമിഷങ്ങളിലേക്ക്. ജോലിക്കുനിന്ന വീട്ടിലെ ബാലന്‍ കയ്യബദ്ധത്തില്‍ മരിച്ചു. റഹീമിനുമുന്നില്‍ ഇരുട്ട് പടര്‍ന്നു. മറ്റൊരു രാജ്യം. അവിടുത്തെ നിയമങ്ങള്‍. അപരചിതരായ ആളുകള്‍... വലിയ പ്രതിസന്ധിയിലേക്ക് പൊടുന്നനെ വീഴുകയായിരുന്നു റഹീമിന്റെ ജീവിതം. നിയമം റഹീമിന് വധശിക്ഷ വിധിച്ചു. വിവരമറിഞ്ഞ് ഫാത്തിമയും കോടമ്പുഴ ഗ്രാമവും മരവിച്ചിരുന്നു. ഉമ്മയുടെ നീണ്ട പ്രാര്‍ഥനകള്‍. നാട്ടുകാരുടെ ഇച്ഛാശക്തിയോടെയള്ള പ്രവര്‍ത്തനങ്ങള്‍. സകല തടസ്സങ്ങളും നീങ്ങി പ്രതീക്ഷയുടെ ചെറിയൊരു വാതില്‍ തുറന്നത് 18 വര്‍ഷത്തിനുശേഷം. 34 കോടി രൂപ സ്വീകരിച്ച് റഹീമിന് മാപ്പുനല്‍കാമെന്ന് ബാലന്റെ കുടുംബം സമ്മതിച്ചു. മലയാളികള്‍, അല്ല ലോകം തന്നെ ഒറ്റക്കെട്ടായി റഹീമിന്റെ മോചനത്തിനായി ധനശേഖരണം നടത്തി. അത് ഫലം കണ്ടു. ഇതാ റഹീം കോടമ്പുഴയുടെ ഹൃദയത്തിലേക്ക് നടന്നുവരുന്നു. പുതിയ ജീവിതം, അതോ രണ്ടാംജന്മമോ ? എന്തായാലും ലോകത്തിന് നന്ദി പറയുന്നു റഹീം. കാരണം തനിക്കുവേണ്ടി വലിയ തുക കണ്ടെത്താന്‍ കേരളം നടത്തിയ പരിശ്രമങ്ങളെകുറിച്ച് റഹീം മനസ്സിലാക്കിയിരിക്കുന്നു. കേരളം ഒരുമനസും മെയ്യുമായി. അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കോടികളെത്തി. 34കോടിക്കണക്കും കവിഞ്ഞൊഴുകി റഹീമെന്ന സഹോദരനോടുള്ള മലയാളിയുടെ കരുതല്‍. അതുവഴി വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാണ് റഹീം വീടണഞ്ഞത്. 

മനോരമ ന്യൂസിലൂടെയാണ് റഹീമിന്റെ ഇരുണ്ടജീവിതത്തെകുറിച്ചും പണത്തിന്റെ ആവശ്യകതയെകുറിച്ചും മലയാളി ആദ്യം കേള്‍ക്കുന്നത്. റഹീമിന്റെയും ഫാത്തിമ ഉമ്മയുടെയും സഹോദരങ്ങളുടെയും ആനന്ദക്കണ്ണീരില്‍ മനോരമ ന്യൂസും പങ്കുചേര്‍ന്നു. ഒരുജീവനെ കഴുമരത്തില്‍ നിന്ന് ഊരിയെടുക്കാനായെന്ന കൃതാര്‍ത്ഥതയോടെ... റഹീമിന്റെ വരവ് ആഘോഷമാക്കി മാറ്റി കോടമ്പുഴ. പെരുന്നാള്‍ ദിവസം ഇരട്ടിമധുരം. റഹീമിന്റെ കഥ, കേരളത്തിന്റേതുകൂടിയാകുന്നു. റഹീമിന്റെ കഥ നാളെയും ഈ നാടോര്‍ക്കും. മറുനാട്ടിലെ ജയിലഴികള്‍ക്കുള്ളില്‍നിന്ന് ജന്മനാടിന്റെ പ്രകാശവഴിയിലെത്തിച്ച നന്മയെകുറിച്ച് റഹീമും.