ദാരുണമായ വാര്‍ത്തയാണ് കണ്ണൂര്‍ പേരാവൂര്‍ കൊളക്കാട് നിന്ന് ഇന്ന് കേട്ടത്. ലഹരിക്ക് അടിമയായ മകന്‍, സ്വന്തം അമ്മയെ വീട്ടില്‍വച്ച് കഴുത്തറത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നി മഠത്തിപറമ്പിൽ ഗീതമ്മയാണ് കൊല്ലപ്പെട്ടത്. അരുകൊല നടത്തിയത്, ഗീതമ്മയുടെ മകന്‍, 25 വയസ് മാത്രം പ്രായമുള്ള ക്രിസ്റ്റി. ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ക്രിസ്റ്റി ആവശ്യപ്പെട്ട പ്രകാരം അയാളെ പൊലീസ് സ്റ്റേഷനില്‍ വിട്ടു, കൊലയ്ക്ക് പിന്നാലെ ക്രിസ്റ്റ് പൊലീസില്‍ കീഴടങ്ങി. എന്തിനീ അരുകൊല എന്ന നാട്ടുകാരുടെ ചോദ്യത്തിന് ക്രിസ്റ്റിയുടെ മറുപടി, ‘അവരാണ് എന്നെ ഇങ്ങനെയാക്കിയത്’ എന്നായിരുന്നു.
നാട്ടുകാരുടെ കണ്ണില്‍ യാതോരു പ്രശ്നങ്ങളും ഇല്ലായിരുന്ന, എല്ലാവരോടും സ്നേഹത്തടെ ഇടപഴുകിയിരുന്ന കുടുംബത്തില്‍ ലഹരിയെടുത്ത ജീവന്‍. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കണ്ണൂര്‍ കൊളക്കാട്, നാടിനെ നടുക്കിയ അരുംകൊല നടന്നത്. രാത്രി അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കഞ്ചാവും എം.ഡി.എം.എയും അടക്കം ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ക്രിസ്റ്റി എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കം പതിവായിരുന്നു. ഇന്നലെ രാത്രിയിലെ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് ക്രിസ്റ്റി അമ്മയെ കത്തിവച്ച് കഴുത്തറത്ത് കൊന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ വന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു ഗീതമ്മ.