കേരളത്തിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. സംസ്ഥാനത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന ഇടങ്ങള്‍. അവിടെ നിന്ന് കഴിഞ്ഞ കുറച്ചുനാളുകളായി കേള്‍ക്കുന്നത് നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ്. സിസ്റ്റം തകരാറിലായിരിക്കുന്നു.

ആരോഗ്യകേരളം അനാരോഗ്യ പ്രവണതകള്‍ തുടര്‍ക്കഥയാകുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ ഉഷ ജോസഫ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ 2021മെയ് മൂന്നിന് നടന്ന ശസ്ത്രക്രിയക്കിടെയാണ് ഗുരുതരവീഴ്ചയുണ്ടായത്.

ഗര്‍ഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അ‍ഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വയറ്റില്‍ കത്രിക കണ്ടെത്തിയിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന 10 സെന്റി മീറ്റര്‍ നീളമുള്ള  മെറ്റ്സെന്‍ബോം സിസേഴ്സാണ് അന്‍പത്തൊന്നുകാരിയുടെ വയറ്റില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ നിരന്തരമായ വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവായതോടെ പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല.

ഒടുവില്‍ ഡോക്ടർ നിർദേശിച്ച പ്രകാരം സ്വകാര്യ ലാബിൽ എക്സ് റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കണ്ടു. വിവരം പുറത്തുപറയരുതെന്നായിരുന്നു ചില ഡോക്ടര്‍മാരുടെ നിര്‍ദേശം.

പരിശോധനാ ഫലവുമായെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയച്ചു. ഇന്നലെ ഡോക്ടര്‍മാരുടെ സമപമായതിനാലാണ് ഉഷയെ അഡ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് വിവരം. 23 ന് ആശുപത്രിയിലെത്തണമെന്നും അന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഉഷ. 

ENGLISH SUMMARY:

This article discusses a grave case of medical negligence where a surgical scissor was left inside a patient's abdomen after a surgery at Alappuzha Medical College hospital. The incident highlights systemic failures in Kerala's healthcare system, which is meant to be a cornerstone for ordinary citizens.