TOPICS COVERED

ഇടുക്കി തൊടുപുഴയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ദിനേന സംഭവിക്കുന്ന അപകടങ്ങളിലൊന്നുമാത്രം എന്ന് ചിന്തിച്ച് പോകാന്‍ വരട്ടെ. ആ ചെറുപ്പക്കാരന്‍ കുഴിയില്‍ വീഴുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വഴിയരികില്‍ പതിഞ്ഞിരുന്ന അപകടക്കെണി അയാള്‍ കാണാതെ പോയി. അയാള്‍ മാത്രമല്ല, ആരുടെയും ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലാത്ത കെണിയായിരുന്നു അത്. നമ്മുടെ പൊതുമരാമത്തിന്റെ സംഭാവന ! പതിനഞ്ച് ഇരുപത് വര്‍ഷമായി നാട്ടുകാരെ വെല്ലുവിളിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംരക്ഷിച്ചുവന്ന കുഴി.

നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടു. വ്യാപാരികള്‍ പലവട്ടം പറഞ്ഞു. ഞങ്ങള്‍ സ്വന്തം കാശിന് സ്ലാബിട്ട് കുഴി ഒഴിവാക്കാമെന്ന്.. പക്ഷെ, നാട്ടുകാരുടെ പരാതി മാത്രമല്ല, ശ്രമദാനത്തെയും നമ്മുടെ പിഡബ്ല്യുഡിക്കാര്‍ പുച്ഛിച്ചുതള്ളി... നമ്മുടെ റോഡെല്ലാം റെഡിയായി എന്ന് നാടുനീളെ ബോര്‍ഡുയര്‍ന്നിട്ടുണ്ടല്ലോ. റോഡ് മാത്രം നന്നായാല്‍ മതിയോ മിനിസ്റ്ററേ, നമ്മുടെ പാതയോരത്ത് നിര്‍മാണത്തിന്റെ പേരില്‍ പാതികുഴിച്ചുവച്ച മരണക്കിണറുകളുണ്ട് ധാരാളം. അതും നന്നാക്കണ്ടേ ? തൊടുപുഴയിലെ കുഴിയില്‍വീണത് ഒരു ചെറുപ്പക്കാരനാണ്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി. അയാള്‍ മരിച്ചു. അല്ല അധികൃതര്‍ കൊന്നു. അയാളെ മാത്രമല്ല, അയാളില്‍ പ്രതീക്ഷയര്‍പ്പിച്ചുകഴിഞ്ഞിരുന്ന ഒരു നിര്‍ധനകുടുംബത്തെയും ആ കുഴിയിലിട്ടു നമ്മുടെ സിസ്റ്റം. ആ കുഴി മൂടാതെ അവിടെ നിലനിര്‍ത്തിയത് എന്തിനെന്ന് നമ്മുടെ ഉദ്യോഗസ്ഥ വൃന്ദത്തിനുമാത്രമേ അറിയൂ... ഒരു മനസുഖത്തിനു വേണ്ടിയാണെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ക്ക് നല്ല ചികില്‍സയുടെ ആവശ്യമുണ്ടെന്നെ പറയാനുള്ളൂ.

ഒരു യുവാവിന്‍റെ ജീവന്‍ റോഡില്‍ പൊലിഞ്ഞു. മുതലക്കോടത്തെ ചെറിയ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ജെയ്സ് ബെന്നി. വേദനിപ്പിക്കുന്ന മറ്റൊരു കാര്യംകൂടിയുണ്ട്.  നാളെ മാള്‍ട്ടയിലേക്ക് പോകാനിരിക്കുകയായിരുന്നു ഈ 27 കാരന്‍. ആ പ്രതീക്ഷകളിലായിരുന്നു ജെയ്സും കുടുംബവും. പക്ഷേ, ആ യാത്രതുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മരണം മറ്റൊരു യാത്രയ്ക്ക് വിളിച്ചുകൊണ്ടുപോയി. അതിന് അവസരമൊരുക്കിയതാകട്ടെ നമ്മുടെ സംവിധാനവും. 

ENGLISH SUMMARY:

A youth died in a bike accident in Thodupuzha, Idukki, after falling into a pothole that had been a persistent issue for years. This tragic incident highlights systemic negligence and the failure of public works departments to address critical road safety concerns, costing a young life and devastating a family