ആലിന്‍ ഷെറിന്‍ എബ്രഹാം... തിരുവല്ല മല്ലപ്പളളി വാലുമണ്ണില്‍ അരുണിന്‍റെയും ഷെറിന്‍റെയും ഏകമകളാണ് . പത്തുമാസം പ്രായമുള്ള ഈ കുഞ്ഞ് ഈ നാടിന് ആരായിരുന്നുവെന്ന് ആ കുഞ്ഞിന്റെ മടക്കയാത്ര പറഞ്ഞുതരും. കേവലം പത്തുമാസത്തെ ഭൂമിയിലെ ജീവിതത്തില്‍ ഒന്ന് കാലുറച്ച് ചവിട്ടി നടക്കാനുള്ള ആയുസ്സുപോലും തികയാതെ മടങ്ങിയ ആലിനെ കാണാന്‍ ഉറച്ച കാല്‍വയ്പുകളുമായി ഒരു നാട് ഒന്നടങ്കം നടന്നടുത്തു. കുഞ്ഞിളം കാലിലെ ആ നടപ്പുകാലം കൊണ്ട് ആലിന്‍ ഈ നാടിന് നല്‍കിയത് വലിയൊരു ചരിത്രത്തിലേക്കുള്ള കാല്‍വയ്പാണ്. ഒരു പ്രാണനെകൊണ്ട് നാല് പ്രാണനുകളെ പുനരുജ്ജീവിപ്പിച്ചു കുഞ്ഞു ആലിന്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച, അതായത് ഫെബ്രുവരി 13... വൈകീട്ടോടെയാണ് ആ വാര്‍ത്തയെത്തുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പത്തുമാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. കരളും വൃക്കകളും ഹൃദയവാല്‍വും നേതൃപടലങ്ങളും. ഇതില്‍ കരളം വൃക്കയും തിരുവനന്തപുരത്ത് ചികില്‍സയിലുള്ള രണ്ട് കുരുന്നുകള്‍ക്ക് നല്‍കും. അവയവദാനത്തിന് ആലിന്റെ മാതാവും പിതാവും തയ്യാറായതോടെ പിറന്നത് അവയവദാനത്തിലെ പുതിയ ചരിത്രം. നാലു പേര്‍ക്ക് ജീവനേകിയാണ് ആലിന്‍ കടന്നുപോയതെന്ന് ആലിന്‍റെ മുത്തച്ഛന്‍ റെജി ശാമുവേല്‍. അതീവവേദനയിലും കുടുംബം അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.
കല്ലറയ്ക്ക് മുകളിൽ തൊഴുകൈയ്യോടെ നിൽക്കുന്ന മാലാഖയുടെ പ്രതിമയ്ക്ക് താഴെ ഒടുവിൽ അവൾ ഉറങ്ങി. ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി, പുഞ്ചിരിക്കാത്ത പോയ ചുണ്ടുകളുമായി. കുഞ്ഞ് ആലിനിൻ്റെ ഓർമകൾക്ക് മരണമില്ല. അവളിനിയും ജീവിക്കും. അവൾ ജീവൻ പകുത്തുനൽകിയ നാലു കുരുന്നുകളിലൂടെ.