കോഴിക്കോട്ടുനിന്നുവന്ന ഒരു ദൃശ്യം വൈറലാണ്. സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ ബസ്സിനുള്ളില്‍ കയ്യാങ്കളി. എന്താണ് തല്ലുപിടിക്ക് കാരണം ? ബസുകളുടെ സമയക്രമമാണ് വിഷയം. കുറ്റ്യാടി റൂട്ടിലോടുന്ന രാവണന്‍, എസ് ആര്‍ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. കുറ്റ്യാടിയില്‍ നിന്ന് ബസെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാവണന്‍ ബസിലെ ജീവനക്കാരെ എസ് ആറിലെ ജീവനക്കാര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. രാവണന്‍ ബസിലെ ജീവനക്കാര്‍ കസബ പൊലീസില്‍ പരാതി നല്‍കിയതോടെ അടി കോടതികയറുമെന്നുറപ്പായി. പറഞ്ഞവരുന്നത് അതല്ല, നിസാരപ്രശ്നങ്ങള്‍ കൊടുംപാതകങ്ങളിലേക്ക് മനുഷ്യരെ കൊണ്ടുചെന്നിടുന്നതിനെപ്പറ്റിയാണ്.

സംസ്ഥാനത്ത് അടുത്തിടെ നടന്ന ക്രൂരമായ പല കൊലപാതങ്ങളുടെയും തുടക്കം പറഞ്ഞുതീര്‍ക്കാവുന്ന വളരെ ചെറിയ കാരണങ്ങളായിരുന്നു. ഇന്നലെയും ഇന്നുമൊക്കെയായി വന്ന നടുക്കുന്ന പല സംഭവങ്ങളും അങ്ങനെ തന്നെ. ഇന്ന് കണ്ണൂരില്‍ സ്വകാര്യലോഡ്ജില്‍ അന്‍പതുകാരിയെ ആണ്‍സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു ? എന്നിട്ട് പ്രശ്നം അവസാനിച്ചോ ? ഇല്ല, അയാള്‍ ഒരു പുഴയുടെ തീരത്തെ തെങ്ങില്‍ ജീവിതം അവസാനിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ രണ്ടാളുമില്ല. അധ്യായം എറെക്കുറെ അവിടെ തീര്‍ന്നു. ചെറിയ ചെറിയ കാരണങ്ങളുടെ പേരില്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍. മിക്കതിനുപിന്നിലും ഒരു വാക്കില്‍ തീര്‍ക്കാവുന്ന കാരണങ്ങള്‍. പോലീസിന്റെ കണ്ടെത്തലും അത് ശരിവയ്ക്കുന്നു പലപ്പോഴും. എന്താണ് പരിഹാരം ?

കണ്ണൂര്‍ പറശ്ശിനിക്കടവിലെ  ലോ‍ഡ്ജിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ടത് കെ.വി. സീമ. പ്രായം 50 വയസ്. സീമയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത് കെ.പി. വിജയന്‍. ഇരുവരും കണ്ണൂര്‍ ജില്ലക്കാര്‍. ചെറുകുന്നില്‍ അയല്‍വാസികള്‍. ഇരുവരും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്നലെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ ഇരുവരും റൂമെടുക്കുന്നത്. മുമ്പും ഇതേ ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റ് സംശയങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, വൈകിട്ട് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുകൊണ്ടുവന്നത്. സീമയെ കൊലപ്പെടുത്താന്‍ വിജയനെ പ്രേരിപ്പച്ചതെന്തായിരിക്കും ? ഇരുവരുടെയും ബന്ധം അവരുടെ കുടുംബങ്ങള്‍ക്കറിയാമായിരുന്നോ ? രണ്ടുപേര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത് ? ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ പൊലീസിനുമുന്നില്‍ വഴിയെന്ത് ? അതോ കൊലയാളിയും മരിച്ചതോടെ എല്ലാം അവസാനിച്ചോ?

സഹോദരങ്ങള്‍ ഒന്നിച്ച് മദ്യപിച്ചു. അതിനിടയില്‍ എന്തിനെ പറ്റിയോ ചെറിയ തര്‍ക്കം. അത് വലുതായി. അവസാനിച്ചത് സഹോദരന്മാരിലൊരാളുടെ മരണത്തില്‍. പാലക്കാട്ടുനിന്നാണ് ഈ നടുക്കുന്ന വാര്‍ത്ത. പാലക്കാട് കഞ്ചിക്കോട് വീടിനുള്ളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തുന്നു. കൂലിപ്പണിക്കാരനായ മകന്‍ ഉറങ്ങുകയാണെന്നാണ് വീട്ടിലെത്തിയ അമ്മ വിചാരിച്ചത്. പക്ഷേ അധികംവൈകാതെ മനസ്സിലായി തന്‍റെ മകന്‍ ബാബുവിന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഓടിയെത്തിയവര്‍ക്കോ പിന്നാലെയെത്തിയ പൊലീസിനോ ഒരുപിടിത്തവും കിട്ടിയില്ല. ബാബുവിന്റെ സഹോദരന്‍ സതീഷ് അയല്‍വക്കത്തുതന്നെയാണ് താമസിക്കുന്നത്.ഇരുവരും പലപ്പോഴും മദ്യപിക്കുകയും ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യുക പതിവാണ്.

ഇനി അതാണോ കൊലപാതകത്തിന് കാരണമായത് എന്ന സംശയം ചിലര്‍ പൊലീസിനോട് പങ്കുവച്ചു. പക്ഷേ, പോസ്റ്റ്മോര്‍ട്ടം കഴിയാതെ എങ്ങനെ ഒരാളെ, അതും കൊല്ലപ്പെട്ടയാളുടെ സഹോദരനെ ചോദ്യം ചെയ്യും ?ദൃക്സാക്ഷികളില്ലാത്തതുകൊണ്ടുതന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരുന്നു എല്ലാവരും. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചു പോലീസ്. സംശയമുനയിലുള്ള സഹോദരന്‍ സതീഷിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് പിന്നെ അമാന്തിച്ചില്ല.അങ്ങനെ കൂടപ്പിറപ്പിന്‍റെ ജീവനെടുത്ത സതീഷ് പിടിയിലായി. രണ്ടുവീടുകളെങ്കിലും ഒന്നിച്ച് ജീവിച്ച സഹോദരന്മാര്‍. നിസാര കാര്യത്തിന്‍റെ പേരിലുണ്ടായ തര്‍ക്കം ഒരാളുടെ മരണത്തിന് കാരണമായി മാറിയപ്പോള്‍ ബന്ധുക്കളും ഉറ്റവരും ഇപ്പോഴും മുക്തരായിട്ടില്ല, കൊലയുടെ ഞെട്ടലില്‍നിന്ന്.

കോഴിക്കോട് നഗരത്തില്‍നിന്ന് അധികം ദൂരമില്ല മാങ്കാവിലേക്ക്. അവിടെ ആള്‍ത്തിരക്കേറിയ ആഴ്ചവട്ടം അങ്ങാടിയില്‍ പെട്ടെന്നൊരു തീപിടിത്തം. പുലര്‍ച്ചെ സ്വകാര്യ കെട്ടിടത്തില്‍നിന്നാണ് തീ ഉയര്‍ന്നത്. നാട്ടുകാര്‍ പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരമറിയിക്കുന്നു. അവര്‍ അതിവേഗം സ്ഥലത്തെത്തി. വലിയ സാഹസംകൂടാതെ തീ അണച്ചു. മടങ്ങാനൊരുങ്ങുമ്പോഴാണ് കെട്ടിടത്തിലെ വാടമുറിയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കത്തിക്കരിഞ്ഞിരിക്കുന്നു. ആരാണ് മരിച്ചത് ? എന്താണ് സംഭവിച്ചത് ? അടിമുടി ദുരൂഹത.

ENGLISH SUMMARY: