ലഹരിമരുന്ന് കൈമാറുന്നതിനിടെ കൊച്ചിയില്‍വച്ച് ഒരാള്‍ അറസ്റ്റിലായി– ഡെയ്സണ്‍ ജോസഫ്. മുഖ്യ ഇടപാടുകാരന്‍ ചോക്ലേറ്റ് ബിനുവിന്റെ സഹോദരന്‍. പുതുവര്‍ഷം പിറക്കുംമുന്‍പെയാണ് എട്ട് ഗ്രാം കൊക്കെയ്നുമായി ഡെയ്സണ്‍ ഡാന്‍സാഫിന്‍റെ പിടിയിലാകുന്നത്. ഇയാളില്‍നിന്ന് പുറത്തുവന്ന വിവരങ്ങള്‍ പുതുവര്‍ഷം ലഹരിയില്‍മുങ്ങും എന്നതിന്റെ സൂചനയായിരുന്നു. അത് തെറ്റിയില്ല. ലഹരിക്കേസുകള്‍ക്ക് കുറവുണ്ടായില്ല. 2026ന്റെ തുടക്കം ലഹരിക്കേസിലൊതുങ്ങുന്നില്ല. കൊലപാതകം, പീഡനം, കവര്‍ച്ച, അക്രമം... അങ്ങനെ പുതുവല്‍സരത്തില്‍ കല്ലുകടിയായി നിരവധി സംഭവങ്ങള്‍... നാടിന്റെ തലവേദന പെട്ടെന്ന് ഒഴിയില്ല എന്ന തിരിച്ചറിവിലൂടെയാണ് പുതുവര്‍ഷത്തെ, സാധാരണക്കാര്‍ വരവേറ്റത്.
ഈ ക്രൈമുകളിലത്രയും നടപടിയെടുക്കേണ്ട പൊലീസ് കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, ആ കൂട്ടത്തിലുമുണ്ട് പുതുവര്‍ഷം വ്യത്യസ്തമായി ആഘോഷിക്കുന്ന ചിലര്‍. അതും വര്‍ഷം പിറക്കുന്നതിന് രണ്ടുദിവസം മുന്‍പേ തന്നെ. തിരുവനന്തപുരത്ത് നടുറോഡിൽ പരാക്രമം കാണിച്ചത് ഒരു പോലീസുകാരനാണ്. തിരുവനന്തപുരം സിറ്റി AR ക്യാമ്പിലെ ASI സുരേഷ് കുമാറാണ് മദ്യപിച്ച് റോഡിൽ തടസ്സമുണ്ടാക്കിയതും നഗ്നത പ്രദർശനം നടത്തിയതും. ആര്യങ്കോടിന്ന് സമീപം മണ്ണാംകോണത്ത് സംഭവം. പോലീസ് എത്തുമ്പോൾ ഇയാളുടെ മുഖം മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന അവസ്ഥയായിരുന്നു. ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ കാര്‍ ബാറാക്കി മാറ്റി റോഡില്‍ വിഹരിച്ചവര്‍ രണ്ടുയുവാക്കളുടെ ജീവനാണ് കവര്‍ന്നത്. വാഹനങ്ങളുടെ അവസ്ഥ കണ്ടാലറിയാം അപകടത്തിന്റെ തീവ്രത. നെടുമങ്ങാട് സ്വദേശികളായ ചെറുപ്പക്കാരാണ് മരിച്ചത്. 22 കാരന്‍ ഫവാസും 21 കാരന്‍ ഫൈസിയും.
അപകടത്തിൽ എയർ ബാഗുകൾ പൊട്ടിയ നിലയിലുള്ള കാറിൽ മദ്യകുപ്പികളും ഗ്ലാസും ചിതറിക്കിടക്കുന്നു. കാർ യാത്രക്കാരായ പാറശാല സ്വദേശികൾ അശ്വിൻ, അഭിൻ, അമൽ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3 പേർ മദ്യ ലഹരിയിലായിരുന്നു. മദ്യപിക്കാത്ത നാലാമനാണ് കാർ ഓടിച്ചിരുന്നതെന്നായിരുന്നു യുവാക്കളുടെ വാദം. വാഹനം നിര്‍ത്തിയും ഓടിച്ചും പുതുവല്‍സരം മദ്യപാന ആഘോഷമാക്കി മാറ്റുകയായിരുന്നു ഇവര്‍. വൈകുന്നേരത്തോടെ പൊലീസ് കാര്‍ ഓടിച്ചിരുന്ന പാറശാല സ്വദേശി അശ്വിനെ അറസ്റ്റ് ചെയ്തു. മദ്യപിച്ചെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. രണ്ടുയുവാക്കളെ മരണത്തിലേക്ക് നയിച്ച മദ്യപ സംഘത്തിനെതിരെ സമൂഹമാധ്യമങ്ങളിലും രോഷമുയര്‍ന്നു. തലസ്ഥാനത്തെ ലഹരിവേട്ടയുടെ വാര്‍ത്തകൂടി പിന്നാലെയെത്തി. പിടിയിലായത് ഡോക്ടറടക്കം ഏഴുപേര്‍.
ബെംഗളൂരുവില്‍നിന്ന് ലഹരിയെത്തിക്കുന്ന മൂന്നുപേര്‍. അവരിലെ പ്രധാനിയെ പിടികൂടാനായിരുന്നു പോലീസ് ശ്രമം. പോലീസ് ജീപ്പില്‍ കാറിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ കണിയാപുരത്തെ വീട് വളഞ്ഞാണ് പോലീസ് പിടികൂടുന്നത്. അവിടെവച്ചാണ് 34കാരനായ ഡോ വിഗ്നേഷ് ദത്തൻ, BDS വിദ്യാർഥിനി ഹലീന , ഐടി ഉദ്യോഗസ്ഥനായ അവിനാഷ് എന്നിവരെ ഡാന്‍സാഫ് പിടികൂടിയത്.
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ വയനാട്ടില്‍നിന്നുവന്ന കൊലപാതക വാര്‍ത്തയും ചെന്നെത്തിയത് മദ്യത്തിലാണ്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ അടിയേറ്റ് ഗോത്രവർഗ വിഭാഗത്തിലെ യുവാവ് ആണ് കൊലപ്പെട്ടത്. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവൻ. 45 വയസ്സായിരുന്നു. കേശവന്റെ ബന്ധുവായ ജ്യോതിഷ് ആണ് അടിച്ചത്.
വന്‍കവര്‍ച്ചയുടെ കേസ് കണ്ണൂരില്‍നിന്നാണ്. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ സമീപപ്രദേശമായ തെരൂര്‍ പാലയോട്ട് വീട്ടില്‍ കവര്‍ച്ച നടന്നത് ക്രസ്മസ് സമയത്താണ്. കവര്‍ച്ച നടത്തിയ പാലക്കാട്ടുകാരന്‍ പുതുവര്‍ഷദിനത്തില്‍ പിടിയിലായി. പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. ക്യാമറകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളന്റെ വിലസല്‍ മറ്റു ചില ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. വീടിന്റെ വാതില്‍പൊളിച്ച് സ്വര്‍ണവും പണവും കട്ടുകടന്നുകളഞ്ഞ പ്രതി നവാസിനെ മട്ടന്നൂര്‍ പൊലീസാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്.
പുതുവര്‍ഷത്തലേന്ന് മദ്യപന്മാനരുടെ വിളയാട്ടം റോഡിലും കാറിലും മാത്രമല്ല, ട്രെയിനിലുമുണ്ടായി. അതും പോലീസിനുനേരെ. ഇന്നലെ രാത്രി പത്തിന് മലബാർ എക്സ്പ്രസിലെ എസ് ഫൈവ് കോച്ചിലായിരുന്നു ആക്രമണം. കോട്ടയത്ത് ട്രെയിനിൽ മദ്യലഹരിയിൽ കത്തി വീശി പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത അനിൽകുമാർ ടിടിഇയുമായി തർക്കമുണ്ടായി. ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സനിൽകുമാർ പ്രതിയോട് അടുത്ത സ്റ്റേഷനിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഇയാൾ കത്തി വീശുകയായിരുന്നു. സനിൽകുമാറിന്റെ യൂണിഫോം കീറുകയും നെഞ്ചിനു താഴെ കത്തികൊണ്ട് പോറല്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രതി വൈകാതെ പിടിയിലായി. പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറിനെ റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് പിടിയിലായ അനിൽകുമാറെന്നാണ് പൊലീസ് പറയുന്നത്.
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത് കണ്ണൂരിലെ ആശുപത്രിയിലാണ്. പ്രതി പുതുവര്‍ഷദിനത്തില്‍തന്നെ പൊലീസിന്റെ പിടിയിലായി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍വച്ചാണ് സംഭവം. അമ്മയ്ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ചത് വിമുക്തഭടന്‍കൂടിയായ സെക്യുരിറ്റി ജീവനക്കാരന്‍. ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.