ശബരിമല സ്വര്‍ണക്കൊള്ളയിലെ ദുരൂഹത കൂടുകയാണ്. കൊള്ള നടന്നുവെന്ന് ബോധ്യപ്പെട്ട നാള്‍ മുതല്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തില്‍ പലരും ഇന്ന് ജയിലിലാണ്. ഭരണപ്പാര്‍ട്ടി നേതാക്കളായ ദേവസ്വം ബോര്‍ഡ് മുന്‍ ജീവനക്കാര്‍ വരെ അക്കൂട്ടത്തിലുണ്ട്. ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മുഖേന നടന്ന സ്വര്‍ണക്കൊള്ള ചെന്നെയും ബംഗളുരു എന്നിവിടങ്ങളില്‍ ഒതുങ്ങുന്നില്ല എന്നുവേണം സമീപദിവസങ്ങളിലെ എസ്ഐടിയുെട അന്വേഷണരീതിയും ലഭിക്കുന്ന മൊഴിയും പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍. ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണവും കട്ടിളയിലെ സ്വര്‍ണവും കച്ചവടം ചെയ്യപ്പെട്ടുവെന്ന് വ്യക്തം. പക്ഷേ ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയെന്ന സൂചനകളിലാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നതും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണവ്യാപാരി ഡി.മണിയെ എസ്.ഐ.ടി ഇന്ന് ചോദ്യം ചെയ്തു. തമിഴ്നാട്ടിലെ ഡിണ്ടിഗലിലെത്തിയായിരുന്നു നിര്‍ണായക ചോദ്യം ചെയ്യല്‍. ശബരിമലയില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രങ്ങള്‍ കടത്തിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബുധനാഴ്ച പ്രാഥമിക വിവരശേഖരണം നടത്തിയ ശേഷമാണ് ഇന്ന് വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നത്. ഡി.മണിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം എസ്.ഐ.ടി അന്വേഷിക്കുന്ന ഡി.മണി താനല്ലെന്നും തന്റേ പേര് എം.എസ്.മണിയെന്നാണെന്നും വ്യവസായി പറഞ്ഞു. ഇത് സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടുത്തിയെന്നുമാണ് മണിയുടെ അവകാശവാദം.