തദ്ദേശതിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള സിപിമ്മിനെതിരെ ആയുധമാക്കാനുള്ള യുഡിഎഫ് നീക്കത്തിന് കരുത്തുപകര്‍ന്നത് ഈ പാരഡി ഗാനമായിരുന്നു. ഒരുപക്ഷേ, നേതാക്കളുടെ പ്രസംഗത്തേക്കാളൊക്കെ അധികമായി ഈ പാരഡിഗാനം ജനങ്ങളിലേക്കിറങ്ങിച്ചെന്നു. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, കലാശക്കൊട്ട് ദിവസമടക്കം ഈ പാട്ടായിരുന്നു ഉയര്‍ന്നുകേട്ടത്. ഒറിജിനല്‍ വരികള്‍ മറന്നുപോകുന്ന മട്ടില്‍ അത് ജെന്‍സികളിലടക്കം സ്വാധീനം ചെലുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമല്ല, അങ്ങ് പാര്‍ലമെന്റിന് മുന്നിലും യുഡിഎഫ് ഈ പാട്ടിനെ സിപിഎമ്മിനെതിരായ ആയുധമാക്കി.
പാട്ടിന്റെ പരക്കംപാച്ചിലിന് തടയിട്ടില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അത് ഉപയോഗിക്കപ്പെട്ടേക്കാം എന്ന തിരിച്ചറിവിലായിരിക്കാം ആ പാട്ടിനെതിരെ സിപിഎം രംഗത്തെത്തി. പോറ്റിയേ കേറ്റിയേ എന്ന പാട്ട് അയ്യപ്പനെ അപമാനിക്കുന്നത് എന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നല്‍കി. പാര്‍ലമെന്‍റിന് മുന്നില്‍ എംപിമാര്‍ ഈ പാട്ട് പാടി ശബരിമലക്ഷേത്രത്തേയും അയ്യപ്പനേയും അപമാനിച്ചു എന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ആരോപണം. ശരണം വിളിക്കുന്ന അയ്യപ്പഭക്തഗാനത്തെ വികലമാക്കി. പാരഡിയോട് വിരോധമില്ല. അതിലെ അയ്യപ്പാ എന്നഭാഗം ഒഴിവാക്കണം. പാട്ടു സൃഷ്ടിച്ചവര്‍ മാപ്പു പറയുകയും എല്ലാ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കുകയും വേണം. സംഘടനാ സെക്രട്ടറിയും അയ്യപ്പസേവാസംഘം ഭാരവാഹിയുമായ പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.