നാല് മാസങ്ങള്‍ക്ക് മുന്‍പ് ഹു കെയേഴ്സ് എന്ന് പറഞ്ഞ് തുടങ്ങിയ വിവാദം പാലക്കാട് എം.എല്‍.എയെ അടിമുടി വരിഞ്ഞുമുറുക്കുകയാണ്. വാക്ചാരുതയുടെ പിന്‍ബലത്തില്‍ ഉയരങ്ങളിലേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യാത്ര. പക്ഷേ, ഉയർച്ചയുടെ വേഗം കൂടിയപ്പോൾ പതനത്തിന്റെ ആഴവും കൂടി. കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതും പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങള്‍ മറന്നുതുടങ്ങിയും ചെയ്ത് വീണ്ടും സജീവമായപ്പോഴാണ് ഇടുത്തീപോലെ അടുത്ത പരാതി ഉയരുന്നത്. വാട്സാപ്പ് ചാറ്റും ശബ്ദസന്ദേശവും മാത്രമായി ഒതുങ്ങിയില്ല. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്കി. അതോടെ കുരുക്ക് മുറുകി. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ രാത്രി തന്നെ യുവതിയുടെ മൊഴിയെടുത്തു. നേരംപുലരും മുന്‍പ് വലിയമല സ്റ്റേഷനില്‍ കേസും രജിസ്റ്റര്‍ ചെയ്തു. വാട്സപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച രാഹുല്‍ മാര്‍ച്ച് 17ന് യുവതിയുടെ തിരുവനന്തപുരത്ത് ഫ്ളാറ്റിലെത്തി ആദ്യമായി ബലാല്‍സംഗം ചെയ്തെന്നാണ് മൊഴി. അന്ന് മൊബൈലില്‍ നഗ്നദൃശ്യങ്ങളും ചിത്രീകരിച്ചു. ബന്ധം പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് വീണ്ടും യുവതിയുടെ ഫ്ളാറ്റില്‍വെച്ചും മെയ് അവസാനം രാഹുലിന്റെ പാലക്കാടുള്ള ഫ്ളാറ്റിലെത്തിച്ച് രണ്ട് തവണയും പീഡിപ്പിച്ചെന്നാണ് മൊഴി. ഇതിന് പിന്നാലെ കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഭ്രൂണഹത്യക്ക് നിര്‍ബന്ധം തുടങ്ങി. എതിര്‍ത്തപ്പോള്‍ ഫോണിലൂടെ അസഭ്യപ്രയോഗം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ മെയ് 30ന് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് തിരുവനന്തപുരത്ത് കാറില്‍ വെച്ച് മരുന്ന് കൈമാറി. വീട്ടില്‍ ചെന്ന് കഴിച്ചോളാമെന്ന് പറഞ്ഞപ്പോള്‍ ആ കാറിലിരുന്ന് കഴിക്കണമെന്ന് ആവശ്യപ്പെടുകയും രാഹുല്‍ വീഡിയോ കോളിലൂടെ കഴിക്കുന്നത് കണ്ട് ഉറപ്പിക്കുകയും ചെയ്തെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിചേര്‍ത്തു. ബലാല്‍സംഗമെന്ന പ്രധാന കുറ്റത്തിന് പുറമെ അധികാരസ്ഥാനത്തിരുന്നുള്ള ഉപദ്രവം, ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടുമുള്ള ബലാല്‍സംഗം, ആവര്‍ത്തിച്ചുള്ള പീഡനം തുടങ്ങി ബലാല്‍സംഗത്തിന്റെ നാല് ഉപവകുപ്പുകളും ചുമത്തിയിട്ടുണ്ട്. അശാസ്ത്രീയ ഭ്രൂണഹത്യയെന്ന ഗുരുതരകുറ്റവും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് ഐ.ടി ആക്ടും ചുമത്തി. രാഹുലിനെ ന്യായീകരിക്കുന്നവര്‍ വാദിക്കുന്ന വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനമെന്ന കുറ്റം ചുമത്താതെ ഭ്രൂണഹത്യ പ്രധാന ആയുധമാക്കി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.