തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍. ആക്ച്വലി എന്താണ് ഇവിടെ സംഭവിച്ചത്. രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ?
ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍ ആക്രമിക്കപ്പെട്ടത്. രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം സുനില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഡ്രൈവര്‍ ഇപ്പോഴും ആശുപത്രിയില്‍തന്നെ. തന്നെ തീവച്ചുകൊല്ലാനും ശ്രമിച്ചെന്ന് സുനില്‍ പറയുന്നു. തിയറ്റര്‍ നടത്തിപ്പിനു പുറമെ പണം വായ്പാ ബിസിനസും സുനില്‍ നടത്തുന്നുണ്ട്. ബിസിനസ് സംബന്ധമായി ആരോ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് സംശയിക്കുന്നു. അക്രമികളെ തിരിച്ചറിയുകയാണ് പ്രാഥമികമായ വെല്ലുവിളി. സുനിലിന്‍റെ വീടിനു എതിര്‍വശത്തുള്ള പാലത്തിനടിയില്‍ നിന്നാണ് യുവാക്കള്‍ വന്നത്. സുനിലിന്‍റെ വരവ് കാത്ത് വീടിനു മുമ്പില്‍ അക്രമികള്‍ തമ്പടിച്ചിരുന്നു. തൃശൂര്‍ എ.സി.പി : കെ.ജി.സുരേഷിന്‍റെ നേതൃത്വത്തില്‍ പൊലീസിന്‍റെ അന്വേഷണം അന്ന് തന്നെ ആരംഭിച്ചു. തിയറ്ററിന്റെ മുന്‍ ഉടമകള്‍ അപയാപ്പെടുത്തുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നെന്നും തൃശൂരിലെ ഒരു തിയറ്റര്‍ ഉടമയുമായി വഴക്കുണ്ടെന്നും സുനില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വെട്ടേറ്റ് കിടപ്പിലായ സുനിലിന് ചില സംശയങ്ങളുണ്ടായിരുന്നു. അന്വേഷണം അതിന്റെ വഴിയില്‍ തുടരവെ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചനയാണ് ആദ്യം ലഭിച്ചത്. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു. അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്‍റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍ തമ്മിലാണ് സുനിലിന്‍റെ സാമ്പത്തിക ഇടപാട്. ഈ രണ്ടു വ്യവസായികള്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് ആദ്യം അന്വേഷിച്ചു. രണ്ടുദിവസത്തിനുള്ളില്‍ കേസിലെ ആദ്യ അറസ്റ്റ് നടന്നു. സുനിലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ പിടിയില്‍. ഗുണ്ടാസംഘത്തിനു മൂന്നു ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയ തൃശൂര്‍ പറവട്ടാനി സ്വദേശി സിജോ ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. പ്രവാസി വ്യവസായിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിജോ ക്വട്ടേഷന്‍ നല്‍കിയതെന്നതിലേക്കാണ് സൂചനകള്‍ അന്ന് നീണ്ടത്.
രാഗം തിയറ്ററിന്‍റെ നടത്തിപ്പുക്കാരന്‍ സുനില്‍ പ്രവാസി വ്യവസായിയുമായി ബിസിനസ് നടത്തിയിരുന്നു. രാജ്യത്തിനു പുറത്ത് മലയാള സിനിമകളുടെ വിതരാണവകാശമായിരുന്നു ബിസിനസ്. പ്രവാസി വ്യവസായിയോട് പണം ചോദിച്ചതിന്‍റെ പകയാണ് ക്വട്ടേഷനു കാരണമെന്ന് സംശയിക്കുന്നു. പ്രവാസി വ്യവസായിയുടെ വിശ്വസ്തനാണ് പറവട്ടാനി സ്വദേശി സിജോ. ഒരുവര്‍ഷം മുമ്പ് രാഗം തിയറ്ററില്‍ വന്ന് സുനിലിനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ സിജോയ്ക്കെതിരെ നിലവില്‍ കേസുണ്ട്. ഈ കേസില്‍ പ്രവാസി വ്യവസായിയും പ്രതിയാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് സുനിലിനു നേരെയുണ്ടായ വധശ്രമം. സിജോയും കൂട്ടാളികളായ മൂന്നു പേരുമാണ് പിടിയിലായത്. ആക്ഷനില്‍ നേരിട്ടു പങ്കെടുത്ത ഗുണ്ടാസംഘം ഒളിവിലാണ്. ഗുണ്ടാസംഘത്തിനു കാര്‍ നല്‍കിയതും സിജോയാണ്. മൂന്നു ലക്ഷം രൂപയാണ് ഗുണ്ടാസംഘത്തിനു സിജോ നല്‍കിയത്. അതേസമയം, പ്രവാസി വ്യവസായി ഏത്ര രൂപയാണ് സിജോയ്ക്കു നല്‍കിയതെന്നു വ്യക്തമല്ല. തൃശൂര്‍ എ.സി.പി.: കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പിന്നാലെ സുനിലിനെ വെട്ടിയ രണ്ടു ഗുണ്ടകൾ പിടിയിലായി. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ പിടിയിലായിരുന്നു. ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്നു പേരും പിടിയിലായിരുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് ആണ് ക്വട്ടേഷൻ നൽകിയത്. അങ്ങനെ ആക്രമണം നടന്ന് ആറാംദിവസം ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നതിനുള്ള ഉത്തരത്തിലേക്കെത്തി. പേര് വെളിപ്പെട്ടു. എന്തിനാണ് ചെയ്തത് എന്നും മനസിലായി. തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് സുനില്‍ വ്യക്തമാക്കുന്നു. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ട്. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍.