ഇടുക്കി കുട്ടിയുടെ വീട്ടിലെ കരച്ചില്‍ സംസ്കാരച്ചടങ്ങുകള്‍. സ്കൂള്‍ ബസ് കയറി മരിച്ച നാലുവയസുകാരി ഹെയ്സലിന് വിങ്ങിപ്പൊട്ടുന്ന ഹൃദയവേദനയോടെ വീടിന്റേയും നാടിന്‍റേയും യാത്രാമൊഴി. ഇന്നലെയാണ് ഇടുക്കി വാഴത്തോപ്പില്‍ സ്കൂൾ ബസ് കയറി നാല് വയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. തടിയമ്പാട് സ്വദേശി ഹെയ്സൽ ബെന്‍ തല്‍ക്ഷണം മരിച്ചു. അപകടത്തിൽ മൂന്ന് വയസുകാരി ഇനായ തെഹ്‌സിന് ഗുരുതര പരുക്കേറ്റിരുന്നു.
സ്കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ച കേസില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സ്കൂള്‍ മാനേജ്മെന്റ്. പൊലീസുമായി ചേര്‍ന്ന് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മാനേജ്മെന്റ് ഇന്നലെത്തന്നെ അറിയിച്ചു. നാലു വയസുകാരി ഹെയ്‌സൽ ബെന്നിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് സ്കൂൾ അധികൃതരുടെ വീഴ്ചയാണെന്നാണ് കുടുംബം പറയുന്നത്. മുതിർന്ന വിദ്യാർഥികളാണ് കുട്ടികളെ ക്ലാസ് മുറികളിൽ എത്തിക്കുന്നതെന്നും വേണ്ടത്ര ആയമാരുടെ സേവനമില്ലെന്നുമാണ് ആരോപണം. ബസ് ഡ്രൈവർ പൈനാവ് സ്വദേശി എംഎസ് ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് വയസുകാരി ഇനായ ചികിത്സയിലാണ്. അപകടം കണ്ട് നിന്ന കുട്ടികൾക്ക് നാളെ മുതൽ സ്കൂളിൽ കൗൺസിലിംഗ് നൽകും. സ്കൂൾ ബസ് ഡ്രൈവർമാർക്ക് വീണ്ടും പരിശീലന ക്ലാസ് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.
സംസ്ഥാനത്ത് പലയിടത്തായി ഇന്നലെ രണ്ട് വിദ്യാര്‍ഥികളാണ് നിരത്തില്‍ പൊലിഞ്ഞത്. ഇടുക്കിയിലെ ഹെയ്സല്‍ നഴ്സറി വിദ്യാര്‍ഥിയെങ്കില്‍ കോഴിക്കോട് മരിച്ചത് ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്നു. കോഴിക്കോട് പതിമംഗലത്തായിരുന്നു അപകടം. പരീക്ഷ എഴുതാനായി പോവുന്നതിനിടെ വാനിടിച്ച് സ്കൂട്ടര്‍ യാത്രകാരിയായ വിദ്യാര്‍ഥിനി മരിച്ചു. ബാലുശേരി സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്. വഫ ഫാത്തിമയോടിച്ച സ്കൂട്ടറില്‍ എതിര്‍ദിശയില്‍ വന്ന വാനിടിക്കുകയായിരുന്നു. പ്രൊവിഡന്‍സ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ വഫയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ കൊച്ചിയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി തെറിച്ചുവീണ് ഗുരുതരപരുക്കേറ്റു. സ്വകാര്യബസിലെ യാത്രക്കിടയില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ എറണാകുളം ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ഗ്ലാൻസി മരിയക്കാണ് ഗുരുതരമായി പരുക്കേറ്റത്. രാവിലെ വടുതല പാലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. ബസിന്റെ തുറന്നു കിടക്കുകയായിരുന്ന ഡോറിലൂടെയാണ് കുട്ടി തെറിച്ചു വീണത്. തലയ്ക്കുൾപ്പെടെ പരുക്കേറ്റ കുട്ടി ചികിത്സയിൽ തുടരുകയാണ്. ഇന്ന് മാത്രം വാഹനാപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. കണ്ണൂരും പാലക്കാട്ടും എറണാകുളം പിറവത്തും. പാലക്കാട് കഞ്ചിക്കോട്ട് സിഗ്നല്‍ തെറ്റിച്ചുവന്ന പിക്കപ്പ് വാനിടിച്ചാണ് യുവാവ് മരിച്ചത്. കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിന് മുന്നിലായിരുന്നു അപകടം. മായപ്പളം സ്വദേശി രമേശന്‍ ആണ് മരിച്ചത്. നിര്‍ത്താതെപോയ വാഹനം തമിഴ്നാട്ടില്‍ വച്ച് പിന്നീട് പിടിയിലായി.
പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. സ്കൂട്ടർ ഓടിച്ച പിറവം പഴയഞാളിയത്ത് സീമ മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ന് പിറവം കരവട്ടെ കുരിശിലായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സീമയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവത്തെ മെഡിക്കൽ ഷോപ്പിൽ ജീവനക്കാരിയായിരുന്ന സീമ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞായിരുന്നു ഒരു മരണം. കുഴല്‍കിണര്‍ നിര്‍മാണ ലോറിയാണ് വളവില്‍ നിന്ന് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം. ലോറിക്കടിയില്‍ കുടുങ്ങിയ ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളി നന്ദുലാലാണ് മരിച്ചത്. ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന മറ്റു ഏഴ് തൊഴിലാളികളെ ആശപുത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല
തൃശൂർ കൊടകരയിൽ KSTC ബസും കണ്ടൈനർ ലോറിയുടെ പുറകിലിടിച്ച് പന്ത്രണ്ടു പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല.പരുക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.45നായിരുന്നു അപകടം. എറണാകുളത്തു നിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി
മദ്യപിച്ച് വാഹനമോടിച്ചയാള്‍ അഞ്ചുപേരെ ഇടിച്ചിട്ടു. തിരുവനന്തപുരം പാറ്റൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. അഭിഭാഷകനായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ പൂജപ്പുര സ്വദേശി ഭരത്കൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. വൈദ്യപരിശോധയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറില്‍ പോവുകയായിരുന്നു രണ്ടു പേരെയും വഴിയരികില്‍ നിന്ന മൂന്ന് പേരെയുമാണ് ഇടിച്ചത് . ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഇടുക്കിയില്‍ വീണ്ടും വിദ്യാര്‍ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. മൂന്നാറില്‍ വിദ്യാര്‍ഥികളുമായെത്തിയ ജീപ്പ് മറിയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ നാല് വിദ്യാര്‍ഥികളില്‍ ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചി കടവന്ത്രയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കനാലിൽ വീണു. മട്ടാഞ്ചേരി സ്വദേശിയുടെ കാറാണ് പൊന്നേത്ത് കനാലിൽ വീണത്. രാത്രി 8:45ഓടെയാണ് അപകടം.ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളും വ്യക്തമായിരുന്നില്ല. നാട്ടുകാരാണ് ഡ്രൈവറെ കരയിലേക്ക് പിടിച്ചു കയറ്റിയത്. കൊല്ലം ചിതറയിൽ നിയത്രണം വിട്ട കാറിടിച്ച് വഴിയാത്രകാരായ അമ്മക്കും കുഞ്ഞിനും പരിക്കേറ്റു. രാവിലെ പത്ത്മണിയോടെ മാടൻ നടഭാഗത്ത് നിന്ന് വന്ന് ചിതറ മുസ്ലി പളളിക്ക് സമീപം നിന്ന് മടത്തറ ഭാഗത്തേക്ക് തിരിഞ്ഞ കാർ നിയത്രണം തെറ്റി റോഡിന് എതിർവശത്തുകൂടി നടന്ന് പോകുകയായിരുന്ന അമ്മയേയും കുഞ്ഞിനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും കടയ്ക്കൽ താലൂകാശുപത്രിയിൽ പ്രവേശിപ്പിച്ചു.. കോഴിക്കോട് വേങ്ങേരിയില്‍ ടോറസ് ലോറി കയറി ഭക്ഷണവിതരണക്കാരന് ദാരുണാന്ത്യം. കുരുവട്ടൂര്‍ സ്വദേശി ഷൗക്കത്താണ് മരിച്ചത്. എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കി കടകളില്‍ വിതരണം ചെയ്യുന്നയാളാണ് ഷൗക്കത്ത്. ഇങ്ങനെ ഭക്ഷണം വിതരണം ചെയ്ത ശേഷം റോഡിനപ്പുറം നിര്‍ത്തിയിട്ട കാറിനടുത്തേക്ക് റോഡ് മുറിച്ച് കടന്ന് നടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്‍ഭാഗത്തെ ചക്രത്തിനിടയില്‍ കുടുങ്ങിയ ഷൗക്കത്ത് അപകടസ്ഥലത്ത് വച്ച് മരിച്ചു.ചേവായൂര്‍ പൊലീസ് എത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി