ഭയാനകമായ അവസ്ഥയ്ക്ക് ശേഷം ശബരിമല സന്നിധാനം ഇന്ന് ശാന്തം. കഴിഞ്ഞദിവസം ഓൺലൈൻ ബുക്കിങ് ചെയ്ത 36,000 പേരടക്കം 85,000 പേരേ ഇന്നലെ വന്നുള്ളൂ എന്ന് പൊലീസ് പറയുന്നു. നേരത്തെ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ആണ് ഇന്നലെ തിരക്ക് രൂക്ഷമാക്കിയത് എന്നാണ് വിലയിരുത്തൽ. എൻഡിആർഎഫ് സംഘവും സന്നിധാനത്ത് ചുമതല ഏറ്റു. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് നിയന്ത്രിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെ 5000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിങ് അനുവദിക്കാവൂ എന്നാണ് നിർദേശം. അനിയന്ത്രിതമായ തിരക്കിന് കാരണം ഏകോപനം ഇല്ലായ്മയാണെന്ന് ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചു. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.