കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് സുശ്രുത് എ. ധര്‍മാധികാരി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്.  മാര്‍ച്ച് ആറിന്   ചുമതലയേല്‍ക്കും. ഫെബ്രുവരി 26 ന് ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് ജസ്റ്റീസ് സുശ്രുത് എ.ധര്‍മാധികാരിയെ ചീഫ് ജസ്റ്റീസായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. നിയമന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവിലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവ മാർച്ച് 5 ന് വിരമിക്കും. 

2025 ഏപ്രിൽ 23 നാണ് ജസ്റ്റീസ് സുശ്രുത്  എ. ധര്‍മാധികാരി കേരള ഹൈക്കോടതിയിലേക്ക് എത്തിയത്. കേരള സ്റ്റോറി 2 സിനിമ‌‌‌യുടെ റിലീസിങ് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ രാത്രി സിറ്റിങ് നടത്തി വാദം കേട്ട്  സ്റ്റേ ചെയ്തത് ജസ്റ്റീസ് സുശ്രുത്  എ. ധര്‍മാധികാരിയും ജസ്റ്റീസ് പി.വി.ബാലകൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്. വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീൽ ഉത്തരവിനായി മാറ്റി. ഇന്നലെ ഹർജി വീണ്ടും പരി​ഗണിച്ച കോടതി സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. 

1992 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുശ്രുത്  എ.ധർമാധികാരി, സിവിൽ, ക്രിമിനൽ, ഭരണഘടനാ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളയിച്ചു. 24 വർഷത്തിലേറെ മധ്യപ്രദേശ് ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്തു‌. 2000 മുതൽ 2015 വരെ അദ്ദേഹം കേന്ദ്രസർക്കാരിന്‍റെ  സ്റ്റാൻഡിങ് കൗൺസിലായി സേവനമനുഷ്‌ഠിച്ചു, ആദായനികുതി വകുപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എക്സൈസ് തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡിങ്  കൗണ്‍സിലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്‌ജിയായും തുടര്‍ന്ന് സ്ഥിരം ജഡ്‌ജിയായും നിയമിതനായത്. 

ENGLISH SUMMARY:

Justice Susshrut A. Dharmadhikari is appointed as the new Chief Justice of the Madras High Court, taking charge on March 6th. This appointment, recommended by the Supreme Court Collegium and approved by the central government, marks a significant transition for the judiciary.