കുടിവെള്ള ടാങ്കാണ് ഈ നാശങ്ങള്‍ക്കെല്ലാം ഉത്തരവാദി. വെള്ളം ഒരു പ്രശ്നമാവുമ്പോഴാണ് ടാങ്കുകള്‍ ആശ്വാസവും പ്രശ്നപരിഹാരവുമാവുന്നത്. പക്ഷേ അതേ ടാങ്ക് ഒന്ന് തകരുമ്പോള്‍ അതൊരു ദുന്തമാവുന്നു. ഒരിടത്ത് സംഭരിക്കപ്പെടുന്ന ജലം ഒരു ബോംബാണെന്ന് പറയുന്നത് അതുകൊണ്ടാണ്. അണപൊട്ടിയാല്‍ കൊത്തുഴുക്കെങ്കില്‍ വലിയ ഉയരത്തില്‍ നിര്‍മിക്കപ്പെട്ട ഒരിടത്ത് അത് സംഭരിക്കപ്പെടുമ്പോള്‍ അപകടം ഏറെയാണ്. കൊച്ചി തമ്മനത്താണ് കുടിവെള്ള ടാങ്ക് തകര്‍ന്നത്. 1.38 കോടി ലിറ്റര്‍ ശേഷിയുള്ള വമ്പന്‍ കുടിവെള്ള ടാങ്ക്. അതാണ് തകര്‍ന്നത്. വന്‍ നാശനഷ്ടമുണ്ടായി. വീടുകളില്‍ വെള്ളംകയറി. മതിലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. 1.10കോടി ലീറ്റര്‍ വെള്ളം കുടിവെള്ള സംഭരണിയില്‍ ഉണ്ടായിരുന്നു.
പുലർച്ചെ രണ്ടേമുക്കാലോടെയാണ് കൊച്ചി തമ്മനത്ത് ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നത്. തൊട്ടുപിന്നാലെ കുതിച്ചെത്തിയ വെള്ളം ചുറ്റുമതിൽ തകർത്ത് പുറത്തേക്ക്. തൊട്ടടുത്ത വീടിൻ്റെ ഗേറ്റും മതിലും തകർത്ത് അകത്തെത്തിയ വെള്ളം ഇരുചക്ര വാഹനങ്ങളെയടക്കം കൊണ്ടുപോയി പ്രദേശത്തെ എല്ലാ വീടുകളിലേക്കും വെള്ളവും ചളിയും കയറി. പുലർച്ചെയായതിനാലാൽ പ്രദേശവാസികൾ അപകട വിവരം അറിയാൻ വൈകി. 40 വർഷം പഴക്കമുള്ള കുടിവെള്ള ടാങ്കാണ് തകർന്നത്. നേരത്തെ വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, പലതവണ പരാതി പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
ജലസംഭരണി തകർന്നതോടെ തമ്മനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനവും താളം തെറ്റി. മരുന്നുകൾ ഉൾപ്പെടെ നശിച്ചു. പ്രവർത്തനം പൂർവ്വ സ്ഥിതിയിലാകാൻ സമയമെടുക്കും. തമ്മനത്തേത് വളരെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമെന്ന് കൊച്ചി മേയര്‍ എം.അനിൽകുമാർ. ആളപായം ഇല്ല എന്നുള്ളത് ആശ്വാസം. വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചെന്നും നാശനഷ്ടങ്ങളിൽ സർക്കാർ ചർച്ച ചെയ്യണമെന്നും മേയര്‍ പറഞ്ഞു.
അടിത്തറ ഇരുന്നു പോയതാണ് അപകടത്തിന് കാരണമെന്നും, പ്രതിസന്ധി ഉടൻ പരിഹരിക്കാനാകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. വാട്ടര്‍ ടാങ്ക് തകര്‍ന്ന അപകടത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക. കുടിവെള്ള വിതരണം തടസപ്പെടുന്നയിടങ്ങളില്‍ പകരം സംവിധാനമൊരുക്കാന്‍ ആലോചനയുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
സംഭവമറിഞ്ഞ ഉടനെ മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നതതലയോഗം വിളിച്ചു. തമ്മനത്തെ കുടിവെള്ള ടാങ്ക് തകർന്നതിന്റെ ദുരിതം ബാധിച്ചത് നേരിട്ട് അനുഭവിച്ചവരെ മാത്രമല്ല, ടാങ്കില്‍ നിന്ന് കുടിവെള്ളവിതരണം നടക്കുന്ന പ്രദേശങ്ങളെക്കൂടിയാണ്. കൊച്ചി നഗരത്തിലും, സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും കുടിവെള്ളം മുടങ്ങും. കൊച്ചി കോർപ്പറേഷന്റെ 30% ത്തോളം ഭാഗത്തും, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, ചേരനെല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. അതേസമയം കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവവകുപ്പ് മന്ത്രി അറിയിച്ചു. പമ്പിങ് തുടങ്ങുക നാളെ വൈകിട്ടോ മറ്റന്നാളോ മാത്രമാകും. ദിവസേന രണ്ടു മണിക്കൂർ വീതം മൂന്നുതവണയാണ് പമ്പിങ് നടത്തുക. വെള്ളം എത്താത്തിടത്തേക്ക് ടാങ്കറിൽ വിതരണം ചെയ്യാനാണ് തീരുമാനം. കുടിവെള്ള ടാങ്കിന്റെ തകർന്ന ഭാഗം പുനർനിർമിച്ച് പഴയതുപോലെ പമ്പിങ് പുനരാരംഭിക്കുന്നത് വരെ ഈ രീതി തുടരും. പ്രാഥമിക കണക്കുപ്രകാരം പന്ത്രണ്ടര ലക്ഷത്തിന്റെ നഷ്ടമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു.പ്രദേശത്ത് മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, എംഎൽഎമാരായ ഉമ തോമസ്, ടി.ജെ.വിനോദ്, ജില്ലാ കലക്ടർ ജി.പ്രിയങ്ക എന്നിവർ സന്ദർശനം നടത്തി.