TOPICS COVERED

പൊതുഇടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുക്കുന്ന അതേ നേരത്താണ് ഇങ്ങ് കേരളത്തില്‍ പലയിടങ്ങളിലായി തെരുവുനായ ആക്രമണങ്ങള്‍ അരങ്ങേറുകയായിരുന്നു. വര്‍ഷങ്ങളുടെ പഴക്കമുണ്ട്, മലയാളിയുടെ ഭീതിയിലേക്ക് തെരുവുനായകള്‍ നാക്ക് നീട്ടി കുരച്ച് ഓടിയെത്തിയിട്ട്. പൊതുവഴികള്‍ മാത്രമല്ല, പൊതുഇടങ്ങളിലെ ഓഫിസുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍ ഒന്നും തെരുവുനായ ഭീഷണിയില്‍ നിന്ന് മുക്തമല്ല. മാവേലിക്കര കെഎസ്ഇബി ഓഫീസിലാണ്  തെരുവുനായയുടെ ഈ ആക്രമണം. രണ്ടു ജീവനക്കാർക്കാണ് പരിക്കേറ്റത്. രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. കെഎസ്ഇബി സ്റ്റോറിൽ എത്തിയ ജീവനക്കാർക്ക് നേരെ തെരുവുനായ ചാടി വീഴുകയായിരുന്നു.  ഡ്രൈവർ അശോക് രാജിന്റെ കാലിനാണ് കടിയേറ്റത്. ഇതുകണ്ട് രക്ഷപെട്ടോടിയ കെഎസ്ഇബി സബ് എഞ്ചിനീയർ നന്ദന മോഹൻ മറിഞ്ഞുവീണു. നായ നന്ദനയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും മറ്റ് ജീവനക്കാർ നായയെ ഓടിക്കുകയായിരുന്നു. ഇരുവരെയും മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. ഇവിടംകൊണ്ട് നിന്നില്ല, മാവേലിക്കരയില്‍ നാട്ടുകാരെ ഓടിനടന്ന് കടിച്ചു നായ.  കെഎസ്ഇബി ഓഫിസില്‍ നിന്ന് നേരെ പോയാല്‍ പിന്നെ ആക്രമണമുണ്ടായത് കോടതിക്കടുത്ത്.  കൊല്ലം അഞ്ചലിൽ ഇന്നലെ വൈകീട്ടുണ്ടായ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്കാണ് കടിയേറ്റത്. ചന്തമുക്കിലും പരിസരത്തുമായി നിരവധി പേരെ നായ കടിച്ചു. കയ്യിലും കാലിലുമായിരുന്നു ആക്രമണം. 

തെരുവുനായ ശല്യങ്ങളില്‍ നിന്ന് തെരുവുകളെ വിമുക്തമാക്കാനുള്ള പദ്ധതികളൊക്കെ സര്‍ക്കാര്‍ തലത്തില്‍ പലതും ഏര്‍പ്പെടുത്തിയെങ്കിലും നായകള്‍ക്ക് കുറവില്ല എന്നതാണ് നേര്. ഓരോ ദിവസവും കേരളത്തിലെ ഏതെങ്കിലും ഒരിടത്ത് നിന്ന് തെരുവു നായ ആക്രമണത്തിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പരിമിതികളക്കുറിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തിന്റെ ചട്ടക്കൂടുകള്‍ ന്യായങ്ങളായി അവതരിപ്പിച്ചും രക്ഷപ്പെടുന്നു. നായകളുടെ കടിയേല്‍ക്കാതെ പുറത്തിറങ്ങി തിരിച്ച് വീട്ടിലെത്തിയാല്‍ ഭാഗ്യമെന്നേ ഏതൊരു മലയാളിയും ഇന്ന് കരുതുന്നുള്ളു. ആ നേരത്താണ് ആശ്വാസത്തിന്റെ ഒരുത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്നത്. 

പൊതുഇടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശങ്ങളടങ്ങുന്ന ഇടക്കാല ഉത്തരവ്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിലും പരിസരങ്ങളിലുംനിന്ന് തെരുവ് നായ്ക്കളെയും പൂർണ്ണമായും ഒഴിവാക്കണം.  തെരുവ് നായ്ക്കൾ പ്രവേശിക്കാതിരിക്കാൻ പരിസരത്ത് ആവശ്യമെങ്കിൽ വേലികൾ നിർമ്മിക്കണം. രണ്ടാഴ്ചക്കുള്ളിൽ നായ്ക്കളെ കണ്ടെത്താൻ നടപടികൾ തുടങ്ങണം.  നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.  പിടിച്ച നായ്ക്കളെ അതേ സ്ഥലത്ത് തിരികെ ഉപേക്ഷിക്കരുതെന്നും കർശന നിർദേശം കോടതി മുന്നോട്ട് വയ്ക്കുന്നു. ദേശീയപാതകളിൽ അലഞ്ഞു നടക്കുന്ന നാല്‍ക്കാലികളെയും ഒഴിവാക്കണം. ഇതിനായി സംസ്ഥാനങ്ങൾക്കും ദേശീയപാത അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി. മൃഗങ്ങളെ കണ്ടെത്താൻ പട്രോളിംഗ് സംഘങ്ങളെ നിയോഗിക്കണം.  ഇവയെ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

നടപടികൾ എട്ടാഴ്ച കൊണ്ട് പൂർത്തിയാക്കി സംസ്ഥാന ചീഫ് സെക്രട്ടറിമാർ സത്യവങ്ങ്mമൂലം നൽകണം. വീഴ്ച്വരുത്തിയാൽ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നു.  പത്തനംതിട്ടയില്‍ 2022 ൽ വിഷ ബാധയേറ്റ് മരിച്ച 12 കാരി അഭിരാമിയുടെ അമ്മ രജനി കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ഇരകൾക്ക് ധനസഹായം നൽകണമെന്നും ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണം ആവശ്യപ്പെട്ടാണ് അപേക്ഷ.  അഭിരാമിക്ക് വാക്സീന്‍ നല്‍കാന്‍ വൈകിയെന്ന് അമ്മ രജനി കണ്ണീരോടെ പറയുന്നു.  ആദ്യം കോവിഡ്, അലര്‍ജി ടെസ്റ്റുകള്‍ എടുക്കാനാണ് ആശുപത്രിയില്‍ നിന്ന് പറഞ്ഞതെന്ന്  അഭിരാമിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നു വര്‍ഷം കാത്തിരുന്നുണ്ടായ മകളെയാണ് നഷ്ടമായതെന്നും രജനി മനോരമ ന്യൂസിനോട് പറഞ്ഞു 

തെരുവുനായ ശല്യങ്ങളെ ഏറെ സഹിച്ചുകഴിഞ്ഞു മലയാളികള്‍. അതിലേറെ അനുഭവിച്ചും കഴിഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. പൊതുഇടങ്ങളും, നിരത്തുകളും തെരുവുനായ പേടിയില്‍ നിന്നും മുക്തമാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനിടയിലും പ്രതിരോധമെന്ന നിലയില്‍ പ്രഖ്യാപിച്ച ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയിട്ടില്ല തദ്ദേശവകുപ്പ്. മന്ത്രി എം.ബി.രാജേഷിന്‍റെ നേതൃത്വത്തില്‍ മൂന്ന് മാസം മുന്‍പ് ചേര്‍ന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങള്‍ എങ്ങുമെത്തിയില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചിച്ച് തുടര്‍നടപടിയെടുക്കുമെന്നാണ് തദ്ദേശവകുപ്പ് അധികൃതര്‍ പറയുന്നത്. 

പ്രഖ്യാപനങ്ങളുടെ നീണ്ടനിരയായിരുന്നു. ഒന്നും നടപ്പായില്ല. ബ്ലോക്ക് അടിസ്ഥാനത്തില്‍ 152 ഇടങ്ങളില്‍ പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തുറന്നുവിടും. ഒരുമാസം കൊണ്ട് തെരുവ് നായ്ക്കള്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍. പിന്നാലെ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സീനേഷന്‍. ചട്ടങ്ങളില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കും. മന്ത്രി പറഞ്ഞത് കേട്ട് വിശ്വസിച്ച പൊതുജനം വീണ്ടും നായയുടെ കടിയേറ്റ് കൊണ്ടേയിരിക്കുന്നു. യാതൊരു മുടക്കവുമില്ലാതെ. പ്രഖ്യാപനങ്ങള്‍ പാലിച്ചില്ലേയെന്ന് ചോദിക്കുന്നവരോട് ഒരെണ്ണം നടപ്പാക്കിയെന്ന് സര്‍ക്കാര്‍ പറയും. മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉന്നതല യോഗം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലുണ്ടായില്ലെങ്കിലും രണ്ട് മാസം പിന്നിടുമ്പോള്‍ നെടുമങ്ങാട് സ്ഥാപിക്കാനായി എന്നതിലാണ് ഏക ആശ്വാസം. സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കുക ഏറെ ശ്രമകരമാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പാര്‍പ്പിക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കും. പ്രാദേശിക വികാരം പൊലീസും ജനങ്ങളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുമെന്നും വ്യക്തം. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പഠിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചനയുണ്ടാവുമെന്നാണ് തദ്ദേശമന്ത്രിയുടെ ആദ്യ പ്രതികരണം.  സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നില്‍ നിരവധി കടമ്പകളുണ്ട്. സാധാരണക്കാരുടെ പ്രശ്നമാണ്. സുപ്രീം കോടതി വിധിയാണ്. പ്രതിസന്ധി മറികടന്നും സര്‍ക്കാരിന് അനുസരിച്ചേ മതിയാവൂ. അത് മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയും. 

ENGLISH SUMMARY:

Street dog menace is a serious issue in Kerala. The Supreme Court has issued orders to remove stray dogs from public places and implement ABC programs effectively.