വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട പത്തൊന്‍പതുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സ്ത്രീകളുടെ ട്രെയിന്‍ യാത്ര, നെഞ്ചിലൊരു തീ.. വണ്ടിയെ പേറിയാണ്. ഒന്നിനും ഒരുറപ്പുമില്ല. സുരക്ഷയ്ക്കായി നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. പക്ഷേ അത് നടപ്പാക്കാനോ നിരീക്ഷിക്കാനോ പോലും യാതൊരു സംവിധാനവുമില്ല. ശ്രീകുട്ടിയുെട സുഖം പ്രാപിച്ചുള്ള തിരിച്ചുവരവിനായി നാടുമുഴുവന്‍ ഒരു പ്രാര്‍ഥനയിലായിരിക്കുമ്പോള്‍ തന്നെ പൊതുജനങ്ങളുടെ ഏറ്റവും വലിയ ഗതാഗതസംവിധാനത്തിന് സുരക്ഷയുടെ പൂട്ട് ആരുണ്ടാക്കും എന്നതാണ് ചോദ്യം. സൗമ്യ ഒരു പാട് ചോദ്യങ്ങളും തിരുത്തലുകളും ബാക്കിയാക്കിയാണ് പോയത്. പക്ഷേ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. മാറ്റങ്ങളുണ്ടായില്ല. ഒടുവില്‍ ഒരു പത്തൊന്‍പതുകാരി അതീവ ഗുരതരാവസ്ഥയില്‍ ആശുപത്രി സംവിധാനങ്ങളുടെ സഹായത്തോടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ് തീവണ്ടിയിലെ സുരക്ഷയെക്കുറിച്ച് നമുക്ക് വീണ്ടും വാചാലമാകേണ്ടിവരുന്നത്. 

ട്രെയിനില്‍ നിന്ന് മദ്യപന്‍ പുറത്തേക്ക് ചവിട്ടിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ ഒരു പുരോഗതിയുമുണ്ടായിട്ടില്ല.  പൂര്‍ണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികില്‍സകള്‍ തുടരുന്നത്. ന്യൂറോളജി, ന്യൂറോ സര്‍ജറി , അതിതീവ്രപരിചരണ വിഭാഗം ഡോക്ടര്‍മാരുടെ സംഘം രാവിലെ ശ്രീക്കുട്ടിയെ പരിശോധിച്ചു.  നിലവിലെ ചികില്‍സ തുടരാനാണ് തീരുമാനം. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ചികില്‍സ സംബന്ധിച്ച് കുട്ടിയുെട അമ്മ പരാതി പറഞ്ഞിരുന്നു.  എന്നാല്‍ ഡോക്ടര്‍മാര്‍ അമ്മയോടും ബന്ധുക്കളോടും സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പരാതി ഉന്നയിച്ച അമ്മക്ക് ഉള്‍പ്പടെ ഇക്കാര്യം ബോധ്യപ്പെട്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.  എല്ലുകൾക്ക് കാര്യമായ പൊട്ടലില്ലെങ്കിലും തലച്ചോറിനേറ്റ ചതവും തലയിലെ മുറിവുമാണ് ആരോഗ്യനില ഗുരുതരമായി തുടരാന്‍ കാരണം.  

ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് കുമാറിനെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു . ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതി സുരേഷ് കുമാറിനെ കസ്റ്റഡയില്‍ വാങ്ങാന്‍ നാളെ റയില്‍വേ പൊലീസ് കോടതിയെ സമീപിക്കും. ഇയാളെ  കസ്റ്റഡയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും .  ട്രെയിന്‍ സുരക്ഷയൊക്കെ വലിയ ചര്‍ച്ചയാവുമ്പോഴാണ് കണ്ണൂരില്‍ നിന്ന് മറ്റൊരു വാര്‍ത്തയെത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ഉദ്യോഗസ്ഥന് റെയിൽവേ ഗേറ്റ് കീപ്പറുടെ മർദനം. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനായ ശശിധരന് മർദനമേറ്റതെന്ന് പൊലീസ് പറയുന്നു. ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത  ധനേഷ് മുൻ സൈനികന്‍കൂടിയാണ്. 

ഇന്നലെ അർദ്ധരാത്രിയിലാണ് ഒന്നാം പ്ലാറ്റ്ഫോമിലെ സ്ത്രീകളുടെ വിശ്രമമുറിയുടെ മുൻവശത്ത് കിടന്നുറങ്ങുമ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ ശശിധരൻ മമ്പറം സ്വദേശി ധനേഷിനോട് ടിക്കറ്റ് ആവശ്യപ്പെടുന്നത്. ഇത് ഇഷ്ടപ്പെടാതിരുന്ന ധനേഷ് RPF ഉദ്യോഗസ്ഥന്റെ കൈയ്യിൽ കടിക്കുകയായിരുന്നു. ഇതോടെ റെയിൽവേ പോലീസ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ആർപിഎഫ് ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ ഘടിപ്പിച്ചിരുന്ന 15,000 രൂപ വില വരുന്ന ക്യാമറയും ആക്രമണത്തിൽ നശിച്ചു. കാസർഗോഡ് ഉപ്പളയിലെ ഗേറ്റ് കീപ്പറായി ജോലി ചെയ്തിരുന്ന ആളാണ് ധനേഷ് എന്ന് പോലീസ് വ്യക്തമാക്കി. കാസർകോട്ടേക്ക് പോകാൻ വേണ്ടിയാണ് പ്രതി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നത്. ട്രെയിനിൽ വനിതകൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ നിയമങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നിട്ടും, വനിതാ യാത്രക്കാർക്കെതിരെ ആവർത്തിക്കുന്ന ആക്രമണങ്ങൾ.. ട്രെയിനിൽ വനിതകൾക്ക് സുരക്ഷയൊരുക്കാൻ ശരിക്കും സംവിധാനമുണ്ടോ? മനോരമ ന്യൂസ് അങ്ങനെയൊരു അന്വേഷണം നടത്തി... കണ്ടതും കേട്ടതും ഇവിടെ പങ്കുവയ്ക്കുന്നു. വർക്കലയിൽ യുവതി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ലേഡീസ് കംപാർട്മെന്റിൽ അടക്കം എന്തെല്ലാം മാറ്റം വരുത്തണമെന്ന് കേൾക്കാം. ട്രെയിനുകളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഇല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായത്.

ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.   വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയ തള്ളിയിട്ട അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് കത്ത്.  സംസ്ഥാനത്തെ ട്രെയിനുകളിലും റെയില്‍ പാതകളിലും സുരക്ഷ വർധിപ്പിക്കാനും അതിക്രമങ്ങള്‍ തടയാനും നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.   ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്.  വര്‍ക്കലയിലേത് ഇത്തരം നിരവധി അക്രമങ്ങളിൽ ഒന്നുമാത്രമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Kerala train attack involved a woman passenger being assaulted and pushed off a train. The victim, named Sona, sustained severe injuries and is currently hospitalized, raising concerns about women's safety on trains in Kerala.