ഇന്നലെ രാത്രി കേരള എക്സപ്രസില്‍ യാത്രി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന പ്രതി നടുവിന് ചവിട്ടി പുറത്തേക്ക് ഇട്ടിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ കൈയിലും കാലിലും പിടിച്ച് പുറത്തേക്ക് എറിഞ്ഞെങ്കിലും ട്രെയിനില്‍ വാതിലില്‍ പിടിച്ചതിനാല്‍ പുറത്തേക്ക് വീണില്ല. സൗമ്യയുടെ ദാരുണ കൊലപാതകം നടന്ന് 15 വർഷം ആകുമ്പോഴും ട്രെയിനുകളിലെ സ്ത്രീ സുരക്ഷയോര്‍ത്ത് നെഞ്ച് കനക്കേണ്ടിവരുന്നു നമുക്ക്.
കേരളത്തിന്റെ കണ്ണീരായി മാറിയ സൗമ്യ. ട്രെയിൻ യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതയ്ക്കിരയായിട്ട് 15–ാം വർഷത്തിലും സ്ത്രീ സുരക്ഷ കടലാസിൽ തന്നെ. ഇന്നലെ കേരള എക്സ്പ്രസ് ജനറൽ കംപാർട്മെൻ്റിൽ തിരുവനന്തപുരത്തേയ്ക്ക് യാത്രചെയ്യുകയായിരുന്നു ദുരന്തത്തിനിരകളായും ശ്രീക്കുട്ടിയും അർച്ചനയും . മദ്യപിച്ച് ലക്കുകെട്ട് സുരേഷ് കുമാറും ഇതേ കംപാർട്ട്മെൻ്റിൽ കയറി. നാലു കാലിൽ ആടി നിന്ന സുരേഷ് കുമാർ പെൺകുട്ടികളുടെ ദേഹത്തേയ്ക്ക് ചാരിയ പ്പോൾ അവരെതിർത്തു. തർക്കമായി, ഇതൊന്നുo കാണാനും കേൾക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ പേരിനു പോലും ഇല്ലാതിരുന്നതോടെ ക്രൂര കൃത്യത്തിന് അരങ്ങൊരുങ്ങി. പക മൂത്ത പ്രതി അയന്തി പാലത്തിന് തൊട്ടുമുമ്പ് ശ്രീ കുട്ടിയെ ട്രാക്കിലേയ്ക്ക് ചവിട്ടി തെറിപ്പിച്ചു. ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്ച്ചയനേ കൈയിലും കാലിലും പിടിച്ച് പുറത്തേക്ക് എറിഞ്ഞെങ്കിലും ട്രെയിനില്‍ വാതിലില്‍ പിടിച്ചതിനാല്‍ പുറത്തേക്ക് വീണില്ല.
രക്ഷാപ്രവർത്തകർ പെൺകുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേയ്ക്കും മാറ്റി. കൊച്ചുവേളിയിൽ പ്രതി പിടിയിലാകുമ്പോഴും ലഹരിയുടെ ഉന്മാദ അവസ്ഥയിലായിരുന്നു. മദ്യപിച്ച് യാത്ര ചെയ്യുന്നയാൾ യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. പക്ഷേ നിയമം നടപ്പാക്കാനുള്ളവർ ഒന്നും കണ്ടില്ല
രാത്രി പത്തരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തലച്ചോറില്‍ ആന്തരിക രക്തസ്രാവമുള്ളതിനാല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നില്ല. വാർത്തയിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്ന് ശ്രീക്കുട്ടിയുടെ മുത്തശ്ശി ഗിരിജ പറഞ്ഞു. ആലുവയിലെ ഭര്‍തൃവീട്ടില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിൽ വന്നിരുന്നുവെന്നും ശനിയാഴ്ചയാണ് മടങ്ങിയതെന്നും മുത്തശ്ശി ഗിരിജ പറയുന്നു. ഇതിനിടെ ശ്രീക്കുട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്ന ചികില്‍സയില്‍ തൃപിതിയില്ലെന്ന് കുടുംബം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ അതൃപ്തിയറിയിച്ചു.ബം മികച്ച ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. മകളുടെ ശരീരത്തില്‍ 20 മുറുവുകള്‍ ഉണ്ടെന്നും മകളെ ജീവനോടെ വേണമെന്നും അമ്മ പ്രിയദര്‍ശനി പറഞ്ഞു. വാതിലില്‍ നിന്ന് വഴിമാറി കൊടുക്കാത്തതിന്റെ പ്രകോപനത്തില്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പ്രതി സുരേഷ് കുമാറിന്റെ ആക്രമണമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വധശ്രമക്കേസിലാണ് തിരുവനന്തപുരം പനച്ചമൂട് സ്വദേശി അന്‍പതുകാരനായ സുരേഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പെയിൻ്റിംഗ് പണിക്കുള്ള സൈറ്റ് നോക്കാൻ മറ്റ് തൊഴിലാളികള്‍ക്കൊപ്പം കോട്ടയത്ത് പോയി തിരികെ വരും വഴിയാണ് സുരേഷ് കുമാർ അതിക്രമം നടത്തിയത് . സുരേഷ് കുമാർ മുൻ പോക്കറ്റ് അടിക്കാരൻ ആയിരുന്നുവെന്ന് പ്രദേശവാസികള്‍ സൂചിപ്പിക്കുന്നു. സുരേഷിന്റെ മര്‍ദനം സഹിക്കവയ്യാതെ ഭാര്യ വീടുവിട്ടുപോയി എന്നും റയില്‍വേ പൊലീസിന് വിവരം ലഭിച്ചു. ട്രെയിനിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്
സൗമ്യയുടെ ദാരുണ കൊലപാതകം നടന്ന് 15 വർഷം ആകുമ്പോഴും ട്രെയിനുകളിൽ സ്ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല തരത്തിലുള്ള സുരക്ഷാനിയമങ്ങള്‍ റെയില്‍വേ നടപ്പാക്കിയിട്ടുണ്ട്. 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 145 പ്രകാരം മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ടിക്കറ്റ് റദ്ദാക്കുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ആറ് മാസം വരെ തടവും പിഴയും ലഭിക്കുകയും ചെയ്യുമെന്നും നിയമമുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കപ്പെടുന്നില്ല. ഓട്ടോമാറ്റിക് ഡോറുകൾ എന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സുരക്ഷയില്ലെന്ന പരാതി പരിശോധിക്കുമെന്നാണ് റെയിൽവേയുടെ പതിവ് മറുപടി.
വര്‍ക്കലയില്‍ ട്രെയിനില്‍ യുവതി ആക്രമണത്തിന് ഇരയായതോടെ റെയില്‍ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നുവെന്ന് ഒരിക്കല്‍ കൂടി യാത്രക്കാര്‍ തിരിച്ചറിയുകയാണ്. ഗോവിന്ദച്ചാമി ട്രെയിനില്‍ ക്രൂരമായി കൊലപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോഴും കേരളത്തിന്റെ കണ്ണീരോര്‍മയാണ്. ട്രെയിന്‍ സുരക്ഷ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2011ലെ ഗോവിന്ദച്ചാമി പ്രതിയായ കേസിനുശേഷം പല പ്രഖ്യാപനങ്ങളുമുണ്ടായി. ജനറല്‍ കംപാര്ട്മെന്റുകളില് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയായിരുന്നു മുഖ്യലക്ഷ്യം. എന്നാല്‍ അവയൊന്നും ഫലം കണ്ടില്ലെന്നതിന് തെളിവാണ് തുടര്‍ന്നുണ്ടായ ആക്രമണങ്ങള്‍. 2021 ഏപ്രിലില്‍ 28ന് മുളന്തുരുത്തിയിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നപ്പോൾ, രക്ഷപ്പെടാനായി ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരമായി പരുക്കേറ്റത് ഒരു ഉദാഹരണം. കണ്ണൂരിൽ വിദ്യാർഥിനിയെ ആക്രമിച്ച് സ്വർണമാല കവര്‍ന്നത് 2023 ഏപ്രില്‍ 12നാണ്. 2025 ഒാഗസറ്റ് എട്ടിന് കോഴിക്കോട്ട് വീട്ടമ്മയെ ട്രെയിനില്‍ ചവിട്ടിവീഴ്ത്തി പണവും മൊബൈൽ ഫോണും കവർന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും, രാത്രി ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും, വനിതാ കംപാർട്ട്മെന്റുകളിൽ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെ കർശന നടപടി തുടങ്ങി റെയില്‍വേയുടെ സുരക്ഷാവാഗ്ദാനങ്ങള്‍ നിരവധിയാണ്. ഓട്ടോമാറ്റിക് ഡോറുകൾ വന്നാൽ വലിയൊരളവ് വരെ അപകടങ്ങൾ കുറയുമെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും റെയിൽവേ അനങ്ങിയിട്ടില്ല.