ആത്മഹത്യ ഒന്നിനും പരിഹാരമല്ല, എന്നുവച്ചാല്‍ ഒന്നിനും. ജീവിതം സ്വയം തീര്‍ത്ത് എല്ലാം അവസാനിപ്പിക്കാമെന്ന് കരുതുന്നതേ തെറ്റാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം ഉള്‍ച്ചേര്‍ന്നതാണ് ജീവിതം. അതിനെയാണ് ജീവിതമെന്ന് പറയുന്നതും. ചെറുപ്രായത്തിലുള്ള എത്രയെത്രപേരാണ് ഈ കേരളത്തില്‍ സ്വയം ജീവനൊടുക്കുന്നത്.

ജീവിതവഴികളിലെ ദുര്‍ഘടങ്ങളെക്കുറിച്ചും അതിനെ മറികടക്കേണ്ടതിനെക്കുറിച്ചും ഇപ്പോഴത്തെ തലമുറ പിന്നിലാണോ? അതോ വിവരാസങ്കേതിക വിപ്ലവം അതിന്‍റെ സകല അതിരുകളും ഭേദിച്ച് മുന്നേറുന്ന കാലത്തില്‍ മനുഷ്യന്‍റെ മാനസികവൈകാരികതലങ്ങള്‍ ചുരുങ്ങിപ്പോവുകയാണോ? രണ്ട് ആത്മഹത്യകളുണ്ടാക്കിയ പ്രതിഷേധങ്ങളാണ് ഇന്ന് കേരളം കണ്ടത്. ഒന്ന് പാലക്കാട്ട് പല്ലന്‍ചാത്തന്നൂരില്‍ മരിച്ച 14കാരന്‍, രണ്ട് കോട്ടയം എലിക്കുളം വഞ്ചിമല ചാമക്കാലയിൽ 24കാരന്‍റെ മരണം. പ്രതിവിധിയും പരിഹാരങ്ങളും ഇല്ലാത്തതായിരുന്നില്ല ഈ രണ്ടു മരണങ്ങളും. കുട്ടികളോട് അധ്യാപകര്‍ പെരുമാറേണ്ടതില്‍ എന്ത് മാറ്റമാണ് ഇക്കാലത്ത് വേണ്ടത് ? സമൂഹമെന്ന നിലയില്‍ ഒരു മനുഷ്യനോട്, അവന്‍റെ വികാരപരിസരങ്ങളോട് ചുറ്റുവട്ടത്തിലുള്ളവര്‍ ഏത് തരത്തിലാണ് കൈത്താങ്ങായി കൂടെ നില്‍ക്കേണ്ടത്? ചോദ്യങ്ങളങ്ങനെ അനവധിയാണ്.

RSS ശാഖയി‍ല്‍ ലൈംഗിക ചൂഷണത്തിനിരയായ യുവാവിന്‍റെ മരണമൊഴി പുറത്തുവന്നത് ഇന്നലെയാണ്. അനന്തു അജി മരിക്കുന്നതിനുമുമ്പ് തയ്യാറാക്കിയ കുറിപ്പുകളും വീഡിയോയുമാണ് ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇന്നലെ പുറത്തുവന്ന വീഡിയോയിൽ തന്നെ പീഡിപ്പിച്ചത് വീടിനു സമീപമുള്ള നിതീഷ് മുരളീധരനാണെന്ന് അനന്തു അജി വെളിപ്പെടുത്തുന്നു.  കുട്ടിക്കാലം മുതൽ പീഡനത്തിനിരയാക്കിയെന്നും തന്നെ വിഷാദരോഗിയാക്കിയെന്നും അനന്തു പറഞ്ഞത് ഞെട്ടിപ്പിക്കുന്നതാണ്. 

ENGLISH SUMMARY:

Kerala recently witnessed protests following two suicides: a 14-year-old boy in Pallanchathannur, Palakkad, and a 24-year-old man in Vanchimala Chamakkala, Kottayam. The passage raises crucial questions about whether these deaths could have been prevented and prompts a discussion on necessary changes in how teachers interact with children, and how society, as a whole, should support individuals and their emotional well-being.