പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ സസ്പെന്റ് ചെയ്തു. ജൂനിയർ റസിഡൻറ് ഡോ.മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ.സർഫാസ് എന്നിവർക്കെതിരെയാണ് നടപടി. നടപടിയിൽ പ്രതിഷേധിച്ച് KGMOA രംഗത്തെത്തി. പല്ലശ്ശന ഒഴിവുപാറ സ്വദേശിയായ 9 വയസ്സുകാരി വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. കഴിഞ്ഞ മാസം 24, 25 നും ജില്ലാ ആശുപത്രിയിലെത്തിയ കുട്ടിക്ക് വേണ്ട ചികിൽസ നൽകിയില്ലെന്ന പ്രാഥമിക കണ്ടെത്തലിൽ ഡോ.മുസ്തഫ, ഡോ.സർഫാസ് എന്നിവരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യവകുപ്പ് ജോയിൻ സെക്രട്ടറി അറിയിച്ചു. മതിയായ ചികിൽസ നൽകിയിരുന്നെങ്കിൽ കൈ പഴുത്ത് മുറിക്കേണ്ട അവസ്ഥ വരില്ലായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ വിലയിരുത്തൽ. നേരത്തെ ഡോക്ടർമാരെ വെള്ളപൂശിയുള്ള ഡി.എം.ഒ യുടെയും ആശുപത്രി സൂപ്രണ്ടിന്റെയും റിപ്പോർട്ട് തള്ളിയാണ് വകുപ്പ് നടപടിയെടുത്തത്. നടപടിയിൽ ആശ്വാസം ഉണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കുടുംബം പ്രതികരിച്ചു.