raji

ചാനല്‍ചര്‍ച്ചകളിലെ തീപ്പൊരിവാക്കുകള്‍കൊണ്ട് അണികളേയും നേതാക്കളേയും കയ്യിലെടുത്തൊരു നേതാവ്. ഉപതിരഞ്ഞെടുപ്പിന് സ്വന്തം നാട്ടിനും കാതങ്ങള്‍ക്കപ്പുറം നിര്‍ത്തി പാര്‍ട്ടി ജയിപ്പിച്ചെടുത്തൊരു നേതാവ്. ഒടുവില്‍ എം.എല്‍.എയായി ഒന്‍പതാം മാസം സ്വന്തം കയ്യിലിരുപ്പ് കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷന്‍ വാങ്ങേണ്ടിവന്ന നേതാവ്. അതാണ് പത്തനംതിട്ടക്കാരനായ പാലക്കാടിന്റെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഗുരുതര ലൈംഗികആരോപണങ്ങള്‍ നേരിടുന്ന രാഹുലിനെ ഒരുഘട്ടത്തിലും സംരക്ഷിക്കില്ലെന്ന നിലപാടെടുത്ത കോണ്‍ഗ്രസ് നേതൃത്വം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഭീതി കാരണം എംഎല്‍എ സ്ഥാനം രാജിവപ്പിച്ചില്ല. നടപടി സസ്പെന്‍ഷനിലൊതുങ്ങി. പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാതെയുള്ള തന്ത്രപരമായ അച്ചടക്കനടപടി അനിശ്ചിതകാലത്തേക്കാണ്.

എംഎല്‍എ സ്ഥാനം രാജിവയ്പ്പിച്ചാല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന നിയമോപദേശമാണ് പ്ളാന്‍ ബി പുറത്തെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നി‍ര്‍ബന്ധിതമാക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഷന്‍. ഇതോടെ രാഹുലിന് മേലങ്കിയായിരുന്ന കെ.പി.സി.സി, എ.ഐ.സി.സി അംഗത്വങ്ങളും മരവിച്ചു. ഇനി പാര്‍ലമെന്റി പാര്‍ട്ടിയുടെയും ഭാഗമല്ല. കേരളാനേതൃത്വവും ഹൈക്കമാന്‍ഡും കൈവിട്ടതോടെ, കേരളത്തിലെ കോണ്‍ഗ്രസിന്‍റെ വനിതാമുഖങ്ങളെല്ലാം ഒരുമിച്ചെതിര്‍ത്തതോടെ കടുത്ത തീരുമാനത്തിലേക്ക് കടന്നു.

അപ്പോഴും രാഹുലിനെതിരെ പാര്‍ട്ടിയുടെ പ്രത്യേകത അന്വേഷണമില്ലെന്നതാണ് മറ്റൊരു പ്രധാനവിഷയം. അന്വേഷണം പ്രഖ്യാപിച്ചാല്‍ അതിന്റെ ഫലം പ്രഖ്യാപിക്കേണ്ടിവരും. അന്വേഷണസമിതിയുടെ മുന്‍പാകെ രാഹുലിന്റെ ലൈംഗിക വൈകൃതങ്ങളുടെ വെളിപ്പെടുത്തലുമായി ഓരോ വ്യക്തികള്‍ വരുമ്പോള്‍ വിഷയം മാധ്യമങ്ങളില്‍ ലൈവായി നില്‍ക്കുയും ചെയ്യും. അന്വേഷണത്തിന് പ്രതിസന്ധിയായി പാര്‍ട്ടി ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ രാഹുലിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ അതീവ ഗൗരതവത്തോടെയും വഞ്ചനാപരവുമായിട്ടാണ് നേതൃത്വം കാണുന്നത്. എല്ലാ അച്ചടക്കനടപടികള്‍ക്കുമപ്പുറം നേതൃത്വം ഒരു കാര്യം തറപ്പിച്ചുപറയുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകില്ല

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയതില്‍ അമര്‍ഷം പുകയുന്നുണ്ട്. എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയതില്‍ വനിതാ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.വിഷയം സി.പി.എം കൂടി കത്തിച്ചതോടെ എങ്ങനെ പ്രതിരോധം തീ‍ര്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വിചാരിക്കാത്ത കടുത്ത നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സൂചിപ്പിച്ചതോടെയാണ് രാഹുലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ മുറവിളി കൂടിയത്. നേതാക്കള്‍ പലരും അക്കാര്യം പരസ്യമായി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേതാക്കളുമായി ആശയവിനിമയം നടത്തിയ നേതൃത്വവും അന്തിമമായി എത്തിയത് രാജിയെന്ന ഒറ്റ അഭിപ്രായത്തിലേക്കാണ്. എന്നാല്‍, രാജിവച്ചാല്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള  പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനായി കമ്മിഷന് മേല്‍ സമ്മര്‍ദ്ദമേറുമെന്ന് നിയമോപദേശം ലഭിച്ചത് രാത്രിയാണ്. ഇതോടെ ചുവടുമാറ്റി. കടുത്ത നടപടിയില്‍ നിന്നുള്ള പിന്മാറ്റത്തില്‍ വനിതാ നേതാക്കള്‍ക്കുള്ള അമര്‍ഷം അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത് സി.പി.എം ആയുധമാക്കിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, രാഹുലിന്‍റെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസിന്‍റെ ധീരമായ തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം പീഡകര്‍ ഇരിക്കുമ്പോള്‍ രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിന് യോഗ്യതയില്ല. റേപ് കേസ് പ്രതിയുടെകൂടി പിന്തുണയോടെ  മന്ത്രിയായ എം.ബി.രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഉളുപ്പുണ്ടോ എന്ന് സതീശന്‍ ചോദിക്കുന്നു. നിയമസഭാ കക്ഷിയില്‍ നിന്ന് മാറ്റിയതോടെ സഭയില്‍ രാഹുലിന്റെ സ്ഥാനം എന്താകുമെന്ന ചോദ്യം ഉയരുന്നുണ്ട്. പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടാത്ത നേതാവിനെ ജനങ്ങള്‍ എന്തിന് ചുമക്കണമോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 അതിനിടെ, രാഹുല്‍‌ ‌മാങ്കൂട്ടത്തിലിനെതിരെ നിലപാട് പറഞ്ഞതിന്റെ പേരില്‍ ഉമാ തോമസ് അടക്കം കോണ്‍ഗ്രസിലെ വനിതകള്‍ക്കുനേരെ സൈബര്‍‌ ആക്രമണം രൂക്ഷമായി. രാഹുലിനെ പിന്തുണച്ചും ഉമ തോമസ് വന്ന വഴി മറക്കരുതെന്നും പറഞ്ഞ് കടുത്ത വിമര്‍ശനങ്ങളാണ് ഫേസ്ബുക്കില്‍ നിറഞ്ഞത്. എന്നാല്‍ ജനാധിപത്യമുള്ളനാടല്ലേ,എല്ലാവര്‍ക്കുംപ്രതികരിക്കാമല്ലോ എന്നാണ് സൈബര്‍ ആക്രമണങ്ങളോട് ഉമതോമസിന്റെ പ്രതികരണം. സൈബർ ആക്രമണം മൈൻഡ് ചെയ്യേണ്ടെന്ന് പറഞ്ഞ കെ.മുരളീധരൻ, ഉമ തോമസിന് പിന്തുണ അറിയിച്ചു.

 ഉമാ തോമസിൽ നിന്നുണ്ടായത് ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമെന്ന് DYFIയും നിലപാടെടുത്തു. ഇടതു നേതാക്കളും, DYFI യും ഒന്നടങ്കം സൈബർ ആക്രമണം നേരിടുന്ന വനിതാ നേതാക്കാൾക്ക് പിന്തുണയറിയിച്ചു. സസ്പെന്‍ഷന് ശേഷവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എല്‍.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം തുടരുകയാണ്. പരിഹാസ രൂപത്തിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ അരങ്ങേറുന്നത്. രാഹുലിനെ സ്ത്രീകളുടെ പൊതുശല്യമായി അവതരിപ്പിച്ച  എസ്എഫ്ഐ രാഹുലില്‍ നിന്ന് രക്ഷനേടാനുള്ള സ്വയം പ്രതിരോധ ക്ളാസ് ക്യാംപസുകള്‍ തോറും പഠിപ്പിച്ചുകൊണ്ടാണ് പ്രതിഷേധം അവതരിപ്പിച്ചത്.

അല്‍പം കൂടി കടന്ന ആക്ഷേപമാണ് യുവമോര്‍ച്ചയുടേത്. രാഹുലിനെ വിത്തുകാളയായി അവതരിപ്പിച്ച് പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി.ഡി.സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപം. കാളയുമായുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ സമരം അവസാനിച്ചത് ജലപീരങ്കി പ്രയോഗത്തില്‍. രാഹുലിന്‍റെ പാലക്കാട്ടെ ഓഫിസിലേക്ക് ഇന്നും പ്രതിഷേധമുണ്ടായി. മാര്‍ച്ചായെത്തിയ ബി.ജെ.പിക്കാരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച നടിയെ അധിക്ഷേപിച്ച വി.കെ.ശ്രീകണ്ഠന്‍ എം.പിയ്ക്കെതിരെ പാലക്കാട് ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ രാജിവെക്കും വരെ സമരമെന്നാണ് ഇടത്–ബി.ജെ.പി യുവജനസംഘടനങ്ങളുടെ പ്രഖ്യാപനം. പുതിയ ആരോപണങ്ങളോ നിലവിലെ ആരോപണങ്ങളില്‍മേല്‍ കേസോ എടുക്കുന്ന സാഹചര്യമുണ്ടായാല്‍ വരുംദിവസങ്ങളില്‍ രാഹുല്‍ വിഷയം കൂടുതല്‍ ചൂടുപിടിച്ചേക്കും. വിഷയം കത്തിനില്‍ക്കണമെന്ന് സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുമ്പോള്‍ മറവിയിലേക്ക് തള്ളിനീക്കാനായിരിക്കും കോണ്‍ഗ്രസ് നീക്കം. അതില്‍ ആരുടെ നീക്കം വിജയിക്കുമെന്ന് വരുംദിവസങ്ങളില്‍ കണ്ടറിയാം.

ENGLISH SUMMARY:

Rahul Mamkootathil is facing suspension from the Congress party following serious allegations. The party is strategically handling the situation to avoid a by-election in Palakkad, but the issue continues to generate controversy and protests