കോടതി മുറ്റത്ത് ഒരമ്മ പൊട്ടിക്കരഞ്ഞ് എന്തൊക്കെയോ പറയുന്നു. ആ അമ്മയുടെ സങ്കടക്കാഴ്ച മറന്നോ ? ആ കരച്ചിലിന് കാരണക്കാരിയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഓര്‍മ കാണും. പേര് ഗ്രീഷ്മ. പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കളനാശിനി കലർത്തിക്കൊന്നതിന് തൂക്കുകയര്‍ വിധിച്ച് ജയിലില്‍ കഴിയുന്ന ഇരുപത്തിനാലുകാരി. ജ്യൂസിൽ ഗുളിക കലർത്തി ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചത് ഗ്രീഷ്മയുടെ ക്രിമിനൽ പശ്ചാത്തലത്തിന്റെ തെളിവായാണ് കോടതി കണ്ടെത്തിയത്. പാറശാലയില്‍നിന്ന് കോതമംഗലത്തേക്കുള്ള ദൂരം ചെറുതല്ല. അവിടെയൊരു ചെറുപ്പക്കാരന്‍ പൊട്ടിക്കരയുന്നു. കൊല്ലപ്പെട്ടവന്റെ ബന്ധു.  ഈ കരച്ചിലിന് കാരണക്കാരി അദീന എന്ന യുവതി. കോതമംഗലത്തെ അദീനയുടെയും പാറശാലയിലെ ഗ്രീഷ്മയുടെയും ക്രൂരകൃത്യങ്ങള്‍തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് വേണം പുറത്തുവരുന്ന വിവരങ്ങളില്‍നിന്ന് മനസിലാക്കാന്‍. 

ആരാണ് അദീന ? സുഹൃത്തിനെ വീട്ടില്‍വിളിച്ചുവരുത്തി  എനർജി ഡ്രിങ്കിൽ കളനാശിനി കലര്‍ത്തിക്കൊടുത്തു കൊന്നുവെന്ന കേസിലെ പ്രതി. വിദേശ വെബ്സീരീസുകളില്‍പോലും കാണാത്തവിധം മനസ്സുലയ്ക്കുന്ന ക്രൂരതയാണ് നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അദീനയുടെ ചെയ്തി. ആ ക്രൂരതയ്ക്കിരയായത് അന്‍സില്‍ എന്ന ചെറുപ്പക്കാരന്‍. സങ്കീര്‍ണമായ ബന്ധങ്ങളുടെ കഥ കൂടിയുണ്ട് ഈ കൊലപാതകത്തിന് പിന്നില്‍. എന്തിനുവേണ്ടിയാണ് അദീന അന്‍സിലിനെ കൊന്നത്. വിഷം കൊടുത്തുകൊല്ലാന്‍ എന്തായിരുന്നു അദീനയുടെ എനര്‍ജി.. ? 

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അൻസിലിന് അദീനയുമായി ഏറെനാളത്തെ ബന്ധമുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് ? ചൊവ്വാഴ്ച വീട്ടിലെത്തിയ അന്‍സിലുമായി അദീന ഉടക്കി. അദീനയുടെ മറ്റ് സൗഹൃദങ്ങളെച്ചൊല്ലി വലിയ വഴക്ക്. അത് അദീനയെ നയിച്ചത് അന്‍സിലിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ചിന്തയിലേക്കായിരുന്നു. 

ഗ്രീഷ്മയ്ക്ക് ലഭിച്ചത് തൂക്കുകയര്‍. കാമുകന്‍ ഷാരോണിനെ ജ്യൂസില്‍ വിഷംകൊടുത്തുകൊന്ന കേസ് മലയാളിയെ ഞെട്ടിച്ചു. ആ കേസിന്റെ ഓര്‍മകള്‍ മായുംമുന്‍പെയാണ് അദീനയുടെ കുറ്റകൃത്യം പുറത്തുവരുന്നത്. രണ്ടുകേസുകളും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ട്. ബന്ധങ്ങളിലെ വഞ്ചനയാണ് രണ്ടുകൊലപാതകങ്ങള്‍ക്കും പറയാനുള്ളത്. മരണക്കിടക്കയിൽ പോലും ഗ്രീഷ്മയെ വാവേ എന്ന് വിളിച്ച് സ്നേഹിച്ച ഷാരോണിനോട് ഗ്രീഷ്മ കാണിച്ചത് കൊടിയ വിശ്വാസവഞ്ചന എന്നാണ് അന്ന് കോടതി വിലയിരുത്തിയത്.കൊല്ലാനായി വീട്ടിലേക്ക് വിളിക്കുമ്പോൾ പോലും ഷാരോൺ അത് തിരിച്ചറിഞ്ഞിരുന്നില്ല. 

അതിനാൽ ബന്ധം ഉപേക്ഷിക്കാൻ കൊല നടത്താം എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു. പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നൽകാൻ ആവില്ലെന്ന് പറഞ്ഞ് കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ചതിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു. ഇവിടെ അദീനയ്ക്കുമേലും ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെടുന്നത്. അതില്‍ ഏറ്റവും പ്രധാന വിശ്വാസവഞ്ചന തന്നെ. ബന്ധം ഉപേക്ഷിക്കാന്‍ കൊല നടത്താം എന്ന തെറ്റായ സന്ദേശം അദീനയുടെ കേസും നല്‍കുന്നുണ്ട്. അദീന ജയിലിലാണ്. ഭാവി ഇരുട്ടില്‍തന്നെയോ എന്ന് വൈകാതെ അറിയാം, കോടതിമുറിയില്‍നിന്ന്.

ENGLISH SUMMARY:

Kerala Crime: This article discusses the chilling similarities between the Greeeshma Sharon murder case and the recent Adeena Ansil murder case, both involving betrayal and alleged poisoning. Both cases highlight a disturbing trend of using murder as a means to end relationships, sparking concerns about the message it sends to society.