കലാഭവൻ നവാസിന് വേദനയോടെ യാത്രാമൊഴി.ആലുവ ടൗൺ ജുമാമസ്ജിദിലായിരുന്നു കബറടക്കം. ടൗൺ ജുമാമസ്ജിദിലെ പൊതുദർശനത്തിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപിച്ചു. ഈ നിമിഷവും വിശ്വസിക്കാനാകാത്ത വിയോഗത്തിന്‍റെ വേദനയിൽ ഉറ്റവരാകെ ഉള്ളുരുകുമ്പോൾ തമാശകൾ പറയാൻ നവാസ് ഇനിയില്ല. നേരത്തെ പോസ്റ്റുമോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഉൾപ്പടെ അന്ത്യാഞ്ജലി അർപിച്ചു. പൊതുദർശനത്തിനും ഖബറടക്കത്തിനുമായി പള്ളിയിലെത്തിച്ചപ്പോൾ നൂറ് കണക്കിന് പേർ കാത്തുനിന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും യാത്രാമൊഴി. നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോക്ടറെ വിളിച്ചുസംസാരിച്ചെങ്കിലും ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ആശുപത്രിയില്‍ പോകാതെ ചിരിച്ചുകൊണ്ട് അഭിനയംതുടർന്ന നവാസിന്റെ അവസാന ഫ്രെയിമുകൾ ഇനി സഹപ്രവർത്തകരുടെയുള്ളിൽ കണ്ണീരോർമ.