മലയാളനാടിനും പ്രവാസലോകത്തിനും ഒരുപോലെ വേദനയായി മാറിയിരിക്കുകയാണ് വിപഞ്ചിക. സ്വപ്നം കണ്ട ജീവിതം വഴിമാറിയപ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെയും കൂട്ടി ഈ ലോകം വിട്ടുപോയവള്‍. മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ താന്‍ അനുഭവിച്ചതെല്ലാം അവള്‍ കുറിപ്പുകളില്‍ കോറിയിട്ടിരുന്നു....ശബ്ദശകലങ്ങളായി ഈ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജിയിലെ അല്‍ നഹ്ദയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടില്‍ക്കയറിന്റെ രണ്ടറ്റത്തുമായി ജീവനൊടുക്കിയ നിലയിലായിരുന്നു അമ്മയും മകളും.. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്. ആര്‍ വിഭാഗത്തിലായിരുന്നു വിപഞ്ചിക ജോലി ചെയ്തിരുന്നത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായിരുന്നു നിതീഷ്. 2020 നവംബറിലായിരുന്നു വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം. സന്തോഷകരമായ ജീവിതം സ്വപ്നംകണ്ടു തുടങ്ങിയ നാളുകള്‍. എന്നാല്‍ വിപഞ്ചികയെത്തേടിയെത്തിയത് സ്വപ്നം കണ്ടതൊന്നുമായിരുന്നില്ല.