TOPICS COVERED

ഇന്നും  സംഘര്‍ഷഭരിതമായി തലസ്ഥാനം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഒരു കൂട്ടര്‍. വൈസ് ചാന്‍സലറെ തടയാന്‍ കേരള സര്‍വകലാശാല ക്യാംപസിലേക്ക് മറ്റൊരുകൂട്ടര്‍.പ്രതിഷേധങ്ങളെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴേക്കും സംഘര്‍ഷം. പിന്നാലെ ജലപീരങ്കി പ്രയോഗം.ഒരു ദിവസത്തെ ഇടവേള മാത്രം. തലസ്ഥാനത്തെ തെരുവുകള്‍ വീണ്ടും സംഘര്‍ഷഭരിതമായി.

ഗവർണർക്കും വൈസ് ചാൻസിലർക്കുമെതിരെ  പ്രതിഷേധമിരമ്പി ഇന്നും കേരള സർവകലാശാല  ആസ്ഥാനം.  ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കുമെതിരെ ഇടത് വിദ്യാര്‍ഥി–യുവജന സംഘടനകളുടെ പ്രതിഷേധമെത്തി.

വൈസ് ചാൻസലറെ തടയാനാണ് എസ്എഫ്ഐ - എഐഎസ്എഫ് പ്രവർത്തകർ സംഘടിച്ചതെങ്കിലും  വി സി എത്താത്തതിനാൽ സമരം സംഘർഷത്തിലേക്ക് വഴിമാറിയില്ല. വൈസ് ചാൻസലർ ഗോ ബാക്ക് മുദ്രാവാക്യം വിളിയുമായി പൊലീസ് വലയം ഭേദിച്ച് സർവകലാശാല ഓഫിസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച എഐഎസ്എഫ് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വീണ്ടും പ്രധാന കവാടം ഉപരോധിക്കാൻ എ.ഐ.എസ്.എഫ് പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. 

സർവ്വകലാശാലയിലേക്ക് എത്തിയ ഡിവൈഎഫ്ഐ മാർച്ച് പ്രധാന കവാടത്തിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം എത്തിയപ്പോൾ തന്നെ ജലപീരങ്കി ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പോലീസുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഉന്തും തള്ളുമായി . 

ആർഎസ്എസ് പറയുന്നത് അനുസരിച്ചാണ് വൈസ് ചാൻസിലർ പ്രവർത്തിക്കുന്നത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. എസ്എഫ്ഐ സർവകലാശാലയിൽ നടത്തിയത് ഗുണ്ടായിസം ആണെന്ന് ആക്ഷേപിച്ച വി ഡി സതീശന് ആർഎസ്എസിന്റെ ഭാഷയാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.ഇതിനിടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ വിലക്ക് ലംഘിച്ച് കേരള സർവകലാശാല റജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവ്വകലശാല ആസ്ഥാനത്ത് എത്തി. 

ആരാണ് കേരള സർവകലാശാല റജിസ്ട്രാർ എന്ന ചോദ്യത്തിന്ന് ഉത്തരമില്ലാതെ ഇന്നും കേരള സർവകലാശാല കുഴങ്ങി നിൽക്കുകയാണ്. റജിസ്ട്രാർ സസ്പെൻഷനിലെന്ന് വിസിയും സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റും പറയുന്നതിനിടെ റജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി. അദ്ദേഹത്തെ തടയണമെന്ന  വിസിയുടെ ഉത്തരവ് സുരക്ഷാ ഉദ്യോഗസ്ഥർ പാലച്ചില്ലെന്നു മാത്രമല്ല അവരുടെ സംരക്ഷണയിൽ കെ. എസ് അനിൽകുമാർ  ചേമ്പറിലേക്ക് പോയി..  നിയമപരമായി മാത്രം കാര്യങ്ങൾ നടത്തുമെന്ന് റജിസ്ട്രാർ പറഞ്ഞു.

മിനി കാപ്പന് റജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നൽകിയിരുന്നെങ്കിലും  ഉത്തരവ് ഇറങ്ങിയിരുന്നില്ല.. ഇന്ന് രാവിലെ ആ ഉത്തരവും വി.സി പുറത്തിറക്കി.. കൂടാതെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നൽകി ഉത്തരവിറക്കി..ഇരുവർക്കും ചുമതല ഏറ്റെടുക്കാനായിട്ടില്ല : പ്രശ്നത്തിൽ ഗവർണർ ഉടൻ നേരിട്ട് ഇടപെടില്ല ,വിസി കാര്യങ്ങൾ നോക്കട്ടെ എന്നാണ് രാജ്ഭവൻ്റെ നിലപാട്.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എസ്എഫ്ഐ ആണ് രാജ്ഭവനു മുന്നിലേക്കെത്തിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെ സംഘര്‍ഷമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി. 

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ഒന്ന് മുറുകുകയാണുണ്ടായത്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദമായിരുന്നു ആദ്യം. അത് പിന്നീട് സര്‍വകലാശാലയിലേക്കെത്തി. ഗവര്‍ണറുടെ പരിപാടി റജിസ്ട്രാര്‍ റദ്ദാക്കിയതോടെ പോര് മൂര്‍ച്ചിച്ചു. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു വി.സി. പിന്നീട് കേരള സര്‍വകലാശാലയില്‍ കണ്ടത് ഇതുവരെ കാണാത്ത കസേരകളിയായിരുന്നു. ചൊവ്വാഴ്ചയാണ് എസ്എഫ്ഐ പ്രതിഷേധം തുടങ്ങിയത്. രണ്ടും കല്‍പിച്ചുള്ള പ്രതിഷേധ സമരങ്ങള്‍ ഇനിയും തുടരും. തലസ്ഥാനത്തെ വീഥികള്‍ വരുംദിവസങ്ങളിലും സംഘര്‍ഷഭരിതമാവാനാണ് സാധ്യതയും.  

ENGLISH SUMMARY:

The capital city of Kerala was once again fraught with tension today, after just a one-day lull. One group of protestors marched towards Raj Bhavan against the Governor, while another group headed to the Kerala University campus to obstruct the Vice-Chancellor. When the police attempted to control the demonstrations, clashes erupted, leading to the use of water cannon