തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ യാതൊരു കുനിഷ്ടുമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുന്നത്. എങ്കിലത് അടുത്ത എല്‍ഡിഎഫ് യോഗത്തിലെങ്കിലും കാണുകയാണെങ്കില്‍ മുഖ്യമന്ത്രിയോടും സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയോടുംകൂടി ഇക്കാര്യം ഒന്ന് പറഞ്ഞേക്കണം. കാരണം ബിനോയ് വിശ്വവും സിപിഐയും മനസ്സിലാക്കിയതല്ല, വല്യേട്ടന്മാരുടെ സംഘം മനസ്സിലാക്കിയിരിക്കുന്നത്. ഹാരിസ് ചിറക്കല്‍ എന്ന സര്‍ക്കാര്‍ ഡോക്ടറുടെ തുറന്നുപറച്ചിലില്‍ യാതൊരു കുനിഷ്ടുമില്ലെന്ന് അത് വായിച്ചവര്‍ക്കറിയാം. കേട്ടവര്‍ക്കറിയാം. പക്ഷേ, സര്‍ക്കാരിനോ സിപിഎമ്മിനോ അത് മനസ്സിലായിട്ടില്ല. ഡോക്ടറുടെ ആ ഒറ്റപ്രതികരണം കാരണം നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിന്‍റെ നട്ടും ബോള്‍ട്ടും ഇളകിപ്പോയെന്നാണ് ഇവരുടെ വാദം. അത് സഹിക്കാന്‍ പറ്റുന്നതല്ല. ഹാരിസ് ഡോക്ടര്‍ ആള് കൊള്ളാമെങ്കിലും മെഡിക്കല്‍ കോളജിലെ അവസ്ഥ തുറന്നുപറയാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്ന് അല്‍പം കടുപ്പിച്ച് പറയുന്നത് മുഖ്യമന്ത്രി തന്നെയാണ്. അതൊരു മുന്നറിയിപ്പ് കൂടിയാണ്. തിരുവായ്ക്ക് എതിര്‍വാ പാടില്ല. അതിലും നമ്പര്‍ വണ്‍ ആണെന്ന് ചുരുക്കം. 

സംസ്ഥാന സെക്രട്ടറിക്കാണെങ്കില്‍ ഹാരിസ് ഡോക്ടറെ തീരെ പിടിച്ച മട്ടില്ല. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ പാര്‍ട്ടി പതിവായി പറയുന്ന ചിലതുണ്ട്. പഠിക്കും, പരിശോധിക്കും. ജനങ്ങളെ ഒപ്പംനിര്‍ത്തി മുന്നോട്ടുപോകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ വെളിപ്പെടുത്തി ഡോക്ടര്‍ ഹാരിസ് ഒരു പോസ്റ്റിട്ടു, സമൂഹമാധ്യമത്തില്‍. അദ്ദേഹം യൂറോളജി മേധാവിയാണ്. ശസ്ത്രക്രിയ നടത്താന്‍ ഉപകരണങ്ങളില്ല എന്ന് അദ്ദേഹം മുകളിലുള്ളവരോട് പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായപ്പോഴാണ് പോതുമധ്യത്തില്‍ എത്തുന്നത്. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും ഏത് നടപടിക്കും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയതുമാണ്. അങ്ങനെയുള്ള ഒരാളോട് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ച നിലപാടോ ? അങ്ങേയറ്റം പരിതാപകരം. ഡോക്ടറുടെ പരാതി നേരാംവണ്ണം അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് മലയാളത്തില്‍ പറഞ്ഞിരുന്നെങ്കില്‍ കയ്യടിച്ചേനെ ജനം. 

ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒരു ഡോക്ടറുടെ വെളിപ്പെടുത്തലോടെ തകര്‍ന്നുവീഴുമെന്ന് വിചാരിക്കുന്നെന്തിനാണ് ? അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോട്ടേന്ന് വയ്ക്കുന്നതല്ലേ നല്ലത്. മടിയില്‍ കനമില്ലെന്ന് സ്ഥാനത്തും അസ്ഥാനത്തും ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലെന്തേ ഭയം ? ഡോക്ടര്‍ ഹാരിസിനെ വിചാരണ ചെയ്യുംമുന്‍പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ഇടയ്ക്കൊന്ന് ഇറങ്ങണം, ഇരിക്കുന്ന ഇടത്തുനിന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്. വരാന്തയിലൂടെ ഒന്ന് നടന്നുനോക്കണം. രോഗികള്‍ക്ക് നരക യാതന. വെറും നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലുമൊക്കെയാണ് ഗുരുതരാവസ്ഥയിലുളള രോഗികളെ പോലും കിടത്തിയിരിക്കുന്നത്. നമ്പര്‍ വണ്‍  ആരോഗ്യ കേരളത്തിലെ  നമ്പര്‍ വണ്‍  മെഡിക്കല്‍ കോളജില്‍  നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. വെറും തറയില്‍ , വരാന്തയില്‍ പുഴുക്കളേപ്പോലെ ചുരുണ്ടു കൂടിക്കിടക്കുന്ന മനുഷ്യര്‍.  പുതിയ ബഹുനില സര്‍ജിക്കല്‍ ബ്ളോക്ക് പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ്  പഴയ കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന വാര്‍ഡുകളിലെ രോഗികളെക്കൂടി മറ്റ് വാര്‍ഡുകളില്‍ കുത്തി നിറച്ചതാണ് പാവപ്പെട്ട രോഗികളുടെ തീരാ ദുരിതത്തിന് കാരണം.  

മാസ്റ്റര്‍ പ്ളാന്‍ വികസനത്തില്‍ ഉള്‍പ്പെട്ട കെട്ടിടം പണി 2023 ല്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും തറപോലും  കെട്ടിയിട്ടില്ല.  ഒാക്സിജന്‍ ട്യൂബിട്ട് ജീവ ശ്വാസം വലിച്ച് കിടക്കുന്ന രോഗിയാണ് 28ാം വാര്‍ഡിലേയ്ക്ക് കയറുമ്പോഴത്തെ സങ്കടക്കാഴ്ച...ബ്ളഡ് കയറ്റുമ്പോള്‍ കിടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട് എഴുന്നേറ്റ് ചാരിയിരിക്കുന്ന രോഗി. തൊട്ടടുത്ത വരാന്തയില്‍  കിടക്കുന്ന രോഗികള്‍ക്ക്  നിലത്തിരുന്ന കുത്തിവയ്പെടുക്കുന്ന നഴ്സുമാര്‍...  ഹൃദ്രോഗിയായ മനുഷ്യന്‍ കിടക്കുന്നത് സ്ട്രക്ചറില്‍...നല്ല ശരീരഭാരമുളള രോഗി ഞെളിപിരികൊണ്ട് ഞരങ്ങുന്നത് കേള്‍ക്കാം. നവീകരണത്തിന്‍റെ പേരില്‍  സര്‍ജിക്കല്‍ ബ്ളോക്ക് ഒഴിപ്പിച്ചത് 2022ല്‍...ഇവിടെയുണ്ടായിരുന്ന സര്‍ജറി , മെഡിസിന്‍ വിഭാഗങ്ങളിലെ 16 മുതല്‍ 19 വരെ വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളേണ്ട രോഗികളാണ് മറ്റ് വാര്‍ഡുകളില്‍ തറയില്‍ കിടക്കുന്നത്. കെട്ടിടങ്ങളെ ബന്ധിപ്പിച്ചിരുന്ന വോക്ക് വേ സര്‍ജിക്കല്‍ ബ്ളോക്കിന്‍റെ സ്മാരകമാണ്. സത്യം പറഞ്ഞതിന് പഴി കേള്‍ക്കുമ്പോള്‍ താന്‍ നടത്തിയത് ഒൗദ്യോഗിക ജീവിതത്തിലെ ആത്മഹത്യയെന്ന് തുറന്നടിക്കുകയാണ് ഡോ ഹാരിസ് ചിറക്കല്‍. അപ്പോഴും ഡോക്ടര്‍ ഒരുകാര്യം പറയുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല കൂടുതല്‍ ഉയര്‍ച്ചയിലേയ്ക്ക് പോകും. ലോകം മുഴുവന്‍ പിന്തുണയ്ക്കുമ്പോള്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയും മുഖ്യമന്ത്രിയും നേതാക്കളുമടക്കം തനിക്കെതിരെ തിരിഞ്ഞതോടെയാണ് താന്‍ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന ചിന്ത ഡോക്ടര്‍ പങ്കുവയ്ക്കുന്നത്. പ്രശ്നപരിഹാരത്തിനുവേണ്ടി ശ്രമിച്ച ഡോക്ടറുടെ അവസ്ഥയാണിത്. ഡോക്ടറുടെ വാക്കുകള്‍ക്ക് വ്യക്തയുണ്ട്. ആ വ്യക്തത തിരിച്ചറിയാത്തവര്‍ ഡോക്ടറെ പഴിക്കുന്നുണ്ട്. കല്ലെറിയുന്നുണ്ട്. കേരളം ഡോക്ടര്‍ക്ക് പിന്തുണയര്‍പ്പിച്ചപ്പോള്‍  ആരോഗ്യമന്ത്രിക്കും ഡോക്ടര്‍ മിടുക്കനായിരുന്നു.  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമൊക്കെ ആക്രമണം ഡോക്ടര്‍ ഹാരിസിനെ ഉന്നംവച്ചുമാത്രമല്ല. അത് പലര്‍ക്കുമുള്ളൊരു മുന്നറിയിപ്പുകൂടിയാണ്. കൂടുതല്‍ ഹാരിസുമാര്‍ ഉണ്ടാകരുത്. മിണ്ടാനൊരുങ്ങുന്നവരെ ഭയപ്പെടുത്തുക. മിണ്ടാതിരിക്കുന്നവരെയാണ് വളര്‍ത്തേണ്ടതെന്ന് സര്‍ക്കാരിന് നന്നായറിയാം.  ഭീഷണിയുടെ സ്വരമാണ്, ഭരിക്കുന്നവര്‍ക്ക്. ഇത് പ്രതിപക്ഷനേതാവ് മാത്രമല്ല തിരിച്ചറിയുന്നത്. 

ഡോക്ടര്‍ ഹാരിസിന്‍റേത് ഒറ്റപ്പെട്ട ശബ്ദമല്ല. അങ്ങനെ വിചാരിക്കുന്നത് സര്‍ക്കാരും പാര്‍ട്ടിനേതൃത്വവും മാത്രമായിരിക്കണം. സംശയമുണ്ടെങ്കില്‍ ഇടതുസഹയാത്രികന്‍ കൂടിയായ മുതിര്‍ന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ഇക്ബാലിനോട് ചോദിച്ചാല്‍ മതി. ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്കാരങ്ങൾ വേണമെന്ന് അദ്ദേഹമിന്നൊരു കുറിപ്പ് എഴുതിയിട്ടുണ്ട് സമൂഹമാധ്യമത്തില്‍ . ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്കരണങ്ങൾ ഉണ്ടാകണം .സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർധിപ്പിക്കണം. ആശുപത്രി ജീവനക്കാരുടെ എണ്ണത്തിൽ വർധന  ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഡോ ഇക്ബാൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അത് അവകാശപ്പെടുന്ന ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയേ ഉള്ളൂ. അല്ലെങ്കില്‍ ആ സ്ഥാനത്തെകുറിച്ചുള്ള വാക്കുകള്‍ വെറും മേനി നടിപ്പായി ഒതുങ്ങും. മറ്റു സംസ്ഥാനക്കാര്‍ക്ക് നമ്മളെ പരിഹസിക്കാനുള്ള കാരണവും. ഡോക്ടര്‍ ഹാരിസനെ ആക്ഷേപിച്ചിട്ട് യാതൊരു കാര്യവുമില്ല. ആക്ഷേപിക്കുന്നവര്‍ പൊതുസമൂഹത്തില്‍ വിവസ്ത്രരാകും. പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടല്ല. മറിച്ച് വാഴ്ത്തുപാട്ടുകാര്‍ക്ക് മാത്രമേ മാര്‍ക്കറ്റുള്ളൂ എന്ന തിരിച്ചറിവുകൊണ്ടാണ്.

ENGLISH SUMMARY:

Anyone who read or heard the statement made by Dr. Harris Chiraykkal — a government doctor — knows there was no malice in it. But it seems neither the government nor the CPI(M) could understand that. According to them, his lone response shook the very foundation and image of the so-called “Number One” Arogyakeralam, and that is unacceptable to them. Though Dr. Harris may be a capable person, the Chief Minister himself subtly yet sternly suggested that he hasn't grown enough to publicly speak about the condition of medical colleges. That remark was also a warning in disguise — in Kerala, one must not go against the tide. Because here, even that "Number One" cannot be questioned