ഒരിടവേളയെടുത്ത് വീണ്ടും മഴയെത്തി. കൂടെ ദുരിതങ്ങളും. പെയ്യുമ്പോള്‍ അതൊരു ഒന്നൊന്നര മഴയാവും. അല്ലാത്തപ്പോള്‍ കടുത്ത വെയിലും ചൂടും. ഇതിപ്പോള്‍ ഇത്തവണത്തെ കാലവര്‍ഷം എത്തിയശേഷം രണ്ട് ഇടവേളയെടുത്തു. മൂന്നാംവരവിലും പെയ്ത്ത് വടക്കന്‍ കേരളത്തിലാണ് കൂടുതല്‍. എപ്പോ വേണമെങ്കിലും ഒരു ഉരുള്‍പൊട്ടല്‍ പ്രതീക്ഷിക്കുന്ന മലയോര മേഖല, നദികളിലെ മലവെള്ളപ്പാച്ചില്‍, വെള്ളത്തിനടിയിലാകുന്ന താഴ്ന്ന പ്രദേശങ്ങള്‍, കുത്തിയൊലിച്ചെത്തുന്ന മെഴവെള്ളത്തില്‍ കാണാതായിപോകുന്ന റോഡുകള്‍. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഓരോ മഴയും പെരുമഴപ്പെയ്ത്താവുന്നു.
സംസ്ഥാനത്ത് ശക്തമായ മഴയില്‍ വ്യാപക നാശമാണുണ്ടായത്. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കണ്ണൂർ ആറളം ഫാമിൽ ചെത്തു തൊഴിലാളി ഇടിമിന്നൽ ലേറ്റ് മരിച്ചു. ആറളം ഫാമിലെ രാജീവൻ ആണ് മരിച്ചത് കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ വച്ച് ഇടിമിന്നലേക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൊർണൂരിൽ ഭാരതപ്പുഴ കരകവിഞ്ഞു നമ്പ്രം റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ. ശാന്തിതീരം പൊതുശ്മശാനത്തിലേക്ക് വാഹനങ്ങൾ എത്താതായി. ചെറുതുരുത്തി പാലത്തിനു സമീപത്തു നിന്നും മൃതദേഹം സ്ട്രക്ചറിൽ വഹിച്ചാണ് കൊണ്ടുപോകുന്നത്'.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും മഴ ശക്തമാണ് ചാലിയാർ, ചെറുപുഴ, ഇരവഞ്ഞിപ്പുഴ തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഉയർന്നു കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചാത്തമംഗലം മുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമീണ റോഡുകളിൽ വെള്ളം കയറി. മാവൂരിൽ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മഴ ശക്തമായി തുടരുന്നതിനിടെ മുത്തങ്ങ കല്ലൂർ പുഴ കരകവിഞ്ഞു. പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ ചൂരൽമല ബെയ്ലി പാലത്തിന്‍റെ ഗാബിയോൺ ഭിത്തിയുടെ മണ്ണ് ഒലിച്ച് പോയി.
ഇന്നലെ കുത്തിയൊലിച്ച് ആശങ്ക പരത്തിയ പുന്നപ്പുഴ ഇന്ന് അൽപ്പം ശാന്തമായി. ചൂരൽമലയിൽ ഇടവിട്ട് മഴയുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നിട്ടില്ല. ഇന്നലെത്തെ ശക്തമായ ഒഴുക്കിൽ പുഴയ്ക്ക് കുറുകെയുള്ള താത്കാലിക ബെയ്‌ലി പാലത്തിന്‍റെ ഗാബിയോൺ ഭിത്തിയിലെ മണ്ണ് ഒലിച്ചു പോയി. പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലത്തിന്‍റെ സംരക്ഷണ ഭിത്തിയിലും മൂന്നിടത്ത് വിള്ളൽ രൂപപ്പെട്ടു. ചൂരൽമല സ്കൂൾ റോഡിൽ മണ്ണിടുന്നത് ദുരന്ത ബാധിത മേഖലയോട് ചേർന്ന് നേരത്തെ താമസിച്ചിരുന്ന പടവെട്ടിക്കുന്ന് നിവാസികൾ തടഞ്ഞു. റോഡല്ല 27 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തുയൊണ് വേണ്ടതെന്ന് നാട്ടുകാർ
മുത്തങ്ങ കല്ലൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കനത്ത മഴ തുടരുന്നതിനിടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. അതിനിടെ ഇന്നലെ ചൂരൽമലയിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി വെള്ളാർമല വില്ലേജ് ഓഫിസറെ തടത്ത ആറ് നാട്ടുകാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പുന്നപ്പുഴയിൽ അടിഞ്ഞ അവശിഷ്ടങ്ങൾ സമയബന്ധിതമായി നീക്കാതെ അധികൃതർ വീഴ്ചവരുത്തിയതായി ഇവിടം സന്ദർശിച്ച ടി.സിദ്ധിഖ് ആരോപിച്ചു. വയനാട് നൂല്‍പ്പുഴയില്‍ റോഡില്‍ KSRTC ബസ് തെന്നിമാറി. ബസ് റോഡിനുകുറുകെ കിടക്കുകയാണ്.
മലപ്പുറം നിലമ്പൂർ മുണ്ടേരി വാണിയമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 56 കാരൻ ബില്ലിയുടെ മൃതദേഹം അതിസാഹസികമായാണ് ചാലിയാർ കടന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. മൃതദേഹം എത്തിക്കാനായി ഇന്നലെ പുറപ്പെട്ട അഗ്നിരക്ഷാ സേനയുടെ ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടിരുന്നു. ചാലിയാറിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ല. നിറഞ്ഞൊഴുകുന്ന ചാലിയാറിലെ കുത്തൊഴുക്കിനെ മറികടന്നാണ് ഡിങ്കി ബോട്ടിൽ മൃതദേഹം എത്തിച്ചത്. അഗ്നിരക്ഷാസേനയും എൻഡിആർഎഫും പൊലീസും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്ന് അതിസാഹസികമായാണ് മൃതദേഹം പുഴയിലൂടെ കൊണ്ടുവന്നത്.
വാണിമ്പുഴയിൽ താൽക്കാലികമായി നിർമിച്ച കുടിലിനടുത്ത് കൂൺ പറിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായതിനൊപ്പം ചാലിയാറിനു കുറുകെയുള്ള പാലം കൂടി തകർന്നുതോടെ മുളകൊണ്ടു നിർമ്മിച്ച ചങ്ങാടത്തിലായിരുന്നു ഊരുകാരുടെ യാത്ര. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചങ്ങാടം ഇറക്കാനായില്ല. ഡിങ്കി ബോട്ടിൽ മൃതദേഹം എത്തിക്കാനായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇന്നലെ വൈകിട്ട് പുറപ്പെട്ടെങ്കിലും ഒഴുക്കിൽപ്പെട്ട് നിയന്ത്രണംവിട്ടു. ഈ ഉദ്യോഗസ്ഥരെ തന്നെ മണിക്കൂറുകൾക്കുശേഷം വടം കെട്ടിയാണ് തിരികെ എത്തിക്കാനായത്. പുഴയിലെ ജലനിരപ്പ് താഴാത്തതുകൊണ്ട് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഊരിൽ തിരികെയെത്തിക്കുന്നതും വെല്ലുവിളിയായി.
കനത്ത മഴയിൽ മധ്യകേരളത്തിൽ വ്യാപകനാശം. ജനജീവിതം ദുസഹമാക്കിയതിനൊപ്പം, കൃഷിനഷ്ടവും ഉണ്ടായി. പറവൂർ കുന്നുകര പഞ്ചായത്തിൽ 40 വീടുകളിൽ വെള്ളം കയറി. പുലർച്ചെ തുടങ്ങിയതാണ് മഴ, കാറ്റും. പറവൂർ മേഖലയിലെ ആളുകൾക്കുണ്ടായത് കനത്ത നാശം. വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾ പലതും നശിച്ചു. ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി.
കൃഷിനാശവും വ്യാപകം. മുവാറ്റുപുഴ ഇലാഹിയ കോളനി നഗറിലെ വീടുകളിലും വെള്ളം കയറി. കോതമംഗലം മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി, ഗതാഗതം തടസപ്പെട്ടു. ആലുവ കടുങ്ങല്ലൂർ മുപ്പത്തടം മേഖലകളിൽ നിരവധി വീടുകൾ വെള്ളം കയറി. ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഏലൂർ നഗരസഭയിൽ കുറ്റിക്കാട്ടുകരയ്ക്കുസമീപം ബോസ്കോ കോളനിയിൽ വെള്ളം കയറി 45 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശത്ത് കടലേറ്റം രൂക്ഷമാണ്. രാത്രി തുടങ്ങിയ കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് പെട്ടെന്ന് കൂടി. രാവിലെ മഴയുടെ ശക്തി കുറഞ്ഞതോടെ പ ജലനിരപ്പ് താഴ്ന്നു. ചാലക്കുടിയിൽ ചുഴലിക്കാറ്റും വീശി . ഒട്ടേറെ ഇടങ്ങളിൽ മരങ്ങൾ വീണു. കോട്ടയം എരുമേലി മൂക്കൻപെട്ടി കോസ് വേയിൽ വെള്ളം കയറി. കനത്ത മഴയിൽ അഴുതയാറിൽ വെള്ളം ഉയർന്നു. കോസ് വേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. മിനച്ചിലാറിലും ജലനിരപ്പുയർന്നു. കനത്ത മഴയെ തുടർന്ന് എറണാകുളം ഏലൂർ ബോസ്കോ നഗറിൽ നാൽപതിലധികം വീടുകളിൽ വെള്ളം കയറി. മുപ്പതിലധികം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എം.സി റോഡിൽ നിന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലൂടെ കൊച്ചമ്മനം റോഡിലേക്ക് കടക്കാനാണ് ഗൂഗിൾ മാപ്പ് എളുപ്പവഴി കാണിച്ചത്. നിർദ്ദേശങ്ങൾ പാലിച്ച ബോണി ഇടറോഡ് കയറി. അല്പം സഞ്ചരിച്ചപ്പോൾ മുമ്പിൽ തോടായിരുന്നു. ഇരുട്ടായതിനാൽ തോട് കൃത്യമായി കാണാനുമായില്ല. ഇതോടെ ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ബോണിയെ രക്ഷപ്പെടുത്തിയത്. വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് മാറ്റി.
മഴക്കാലത്ത് ദുരന്തം പതിയിരിക്കുന്ന ഇടങ്ങളാണ് നാട്ടിലെ റോഡുകള്‍. വെള്ളത്തില്‍ പൊതിഞ്ഞു നില്‍ക്കുന്ന കുഴികളൊക്കെ ഏത് നേരത്തും ഒരു അപകടത്തെ കാത്തിരിക്കുന്നുണ്ട്. തൃശൂർ എംജി റോഡിൽ യുവാവ് ബസ് കയറി മരിച്ചു. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ആയിരുന്നു അപകടം.
ഇന്ന് രാവിലെ ഏഴരയോടുകൂടിയായിരുന്നു എംജി റോഡിൽ ദാരുണമായ അപകടം നടന്നത്. അപകടത്തിൽ ഉദയനഗർ സ്വദേശി വിഷ്ണുദത്ത് മരിച്ചു. അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനായ ബൈക്കിൽ പോകും വഴിയാണ് അമ്മയും മകനും അപകടത്തിൽപ്പെടുന്നത്. റോഡിൽ കുഴി കണ്ടപ്പോൾ ബൈക്ക് വെട്ടിക്കുകയായിരുന്നു. എന്നാൽ പിറകെ വന്ന ബസ് ബൈക്കിൽ ഇടിച്ചു. വിഷ്ണുദത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അമ്മ പത്മിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനു മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ.
അപകടത്തെ തുടർന്ന് കോൺഗ്രസും ബിജെപിയും ശക്തമായി പ്രതിഷേധം നടത്തി. എംജി റോഡ് ഉപരോധിച്ചു. മണിക്കൂറോളം ഗതാഗത കുരുക്ക് രൂപപ്പെട്ടു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. റോഡിലെ കുഴികൾ അടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ പറഞ്ഞു. കുഴികൾ അടച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷവും മുന്നറിയിപ്പ് നല്‍കി.
ജില്ലയില്‍ കഴിഞ്ഞ രാത്രി തുടങ്ങിയ കനത്ത മഴ കാരണം ചാലക്കുടി പുഴയിലെ ജലനിരപ്പ് പെട്ടെന്ന് കൂടി. രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ പിന്നാലെ ജലനിരപ്പ് താഴ്ന്നു. മഴയ്ക്കിടെ ഇന്നലെ രാത്രി ചാലക്കുടിയിൽ ചുഴലിക്കാറ്റ് വീശി മരങ്ങൾ കടപുഴകി. ചാലക്കുടി പരിയാരത്തെ കമ്പളത്തെ വീടാണിത് . ചാലക്കുടി പുഴ കര കവിഞ്ഞാൽ ആദ്യം വെള്ളം കയറുന്ന സ്ഥലം. വീട്ടുകാർ ഇന്നലെ തന്നെ വീടു വിട്ടുപോയി. രാത്രിയിൽ കനത്ത മഴ തുടർന്നതിനാൽ ഉറക്കമൊഴിച്ച് ചാലക്കുടിക്കാർ പുഴയെ നിരീക്ഷിച്ചിരുന്നു. 2018 ലെ പ്രളയശേഷം മഴക്കാലത്തെ പതിവാണിത്. പുഴയിലെ ജലനിരപ്പ് ഉയരുന്നത് കണക്കാക്കി വേണം താഴത്തെ നിലയിലെ സാമഗ്രികൾ മുകളിലേയ്ക്ക് കയറ്റാൻ . കമ്പളത്ത് വീടിന്‍റെ ടറസിൽ ഊണുമേശ കയറു കൊണ്ട് കെട്ടിയിട്ടത് കാണാം.
വെള്ളം കയറിയാൽ ഒഴുകി പോകാതിരിക്കാൻ. ഇതുപോലെ , പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ് . ഇതിനിടെ ഇന്നലെ രാത്രി ചാലക്കുടിയിൽ ചുഴലിക്കാറ്റും വീശി . ഒട്ടേറെ ഇടങ്ങളിൽ മരങ്ങൾ വീണു.
കനത്ത മഴയിൽ ഇടുക്കി ചിന്നാറ്റിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കനത്ത മഴയെ തുടർന്ന് ചിന്നാർ സ്വദേശി അയ്യാദുരൈയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. വീട് അപകടാവസ്ഥയിലായതിനാൽ അയ്യാദുരൈയും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറി. വില്ലജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മലങ്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ തൊടുപുഴയാർ കരകവിഞ്ഞതോടെ പുഴയുടെ തീരത്തുള്ള കെഎസ്ആർടിസി ബസ്റ്റാന്റിന്റെ വർക്ക്ഷോപ്പിൽ വെള്ളം കയറി. മുതലയാർ മഠം തോട് കരകവിഞ്ഞതോടെ നാല് വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു
പുലർച്ച വരെ പെയ്ത ശക്തമായ മഴയിൽ മാങ്കുളം ബൈസൺവലി വളവിൽ മണ്ണിടിഞ്ഞെങ്കിലും രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പെരുമ്പൻകുത്ത് ആറാം മൈൽ റോഡിൽ വിള്ളൽ വീണതിനാൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 133 അടി പിന്നിട്ടതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. തേനി വൈഗ അണക്കെട്ട് തുറന്നു. പാറ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മൂന്നാർ ഗ്യാപ്പ് റോഡിലെ രാത്രി യാത്ര നിരോധനം തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന അറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമഴക്കാണ് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട്, ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. മണിക്കൂറിൽ അൻപത് കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. അപ്പോ സൂക്ഷിക്കുക. മുന്നറിയിപ്പുകളെ ഗൗരവത്തിലെടുത്ത് മുന്‍കരുതല്‍ കൈക്കൊള്ളുക.